print edition തുരങ്കപാത: മുൻകരുതലിൽ വീഴ്‌ച അരുത്

വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനിടെ കള്ളാടിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽദുരന്തം ഞെട്ടിപ്പിക്കുന്നതാണ്. നിർമാണത്തിനായി എടുത്ത് കൂട്ടിയിട്ട മണ്ണുകൂടി ഇടിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്നാണ് പ്രാഥമികനിഗമനം. കാണാതായ അഞ്ചുപേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. കള്ളാടിയിൽ തുരങ്കപാത ആരംഭിക്കുന്ന മീനാക്ഷിപ്പാലത്തിനുസമീപം പാതയ്‌ക്കായി എടുത്ത മണ്ണ് കൂട്ടിയിട്ടതിനോട് ചേർന്നായിരുന്നു മണ്ണിടിച്ചിൽ.
കൂട്ടിയിട്ടിരുന്ന മൺതിട്ടകൾ അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു. ദുരന്തത്തിൽ സമീപത്തെ ഒരു വീടും മീനാക്ഷിപ്പാലത്തിനരികിലെ താൽക്കാലിക പള്ളിയും തകർന്നു. വീട്ടിലും പള്ളിയിലും ആളുകൾ ഉണ്ടായിരുന്നില്ല എന്നതും മഴ മുന്നറിയിപ്പിൽ നിർമാണജോലികൾ നിർത്തിവച്ചതും ജീവനാശം കുറച്ചു. അല്ലെങ്കിൽ മുണ്ടക്കൈക്കുപിന്നാലെ വലിയൊരു ദുരന്തംകൂടി കാണേണ്ടിവരുമായിരുന്നു.
ഏതൊരു ദുരന്തമുഖത്തും രക്ഷാപ്രവർത്തനത്തിനാണ് പ്രാമുഖ്യം നൽകേണ്ടത്. രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങളിൽ കേരളം മുന്പ് സൃഷ്‌ടിച്ച രാജ്യാന്തര മാതൃകകളുണ്ട്.
അത് പിന്തുടരുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. എന്നാൽ, ദൗർഭാഗ്യമെന്നു പറയട്ടെ രക്ഷാപ്രവർത്തനത്തിനുപകരം വിവാദമാക്കാനും ഉത്തരവാദിത്വം തങ്ങളുടേതല്ലെന്ന് സ്ഥാപിക്കാനുമാണ് ഉന്നതസ്ഥാനത്തുള്ളവർ തയ്യാറായത്. ഇതൊരു പ്രകൃതിദത്ത ഉരുൾപൊട്ടലല്ലെന്നും ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതുമൂലമുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നുമായിരുന്നു വയനാടിന്റെ ചുമതലയുള്ള മന്ത്രിയായ ടി സിദ്ദിഖിന്റെ ആദ്യപ്രതികരണം. മലയിടിച്ചിലല്ല, കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞു. എന്നാൽ, മണ്ണിടിച്ചിൽതന്നെയാണ് അപകടകാരണമെന്ന് വിശദീകരിച്ച മന്ത്രി എ പി അനിൽകുമാർ, മറ്റുള്ളവരുടെ നിലപാടുകളെ തള്ളി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും നിലപാട് തിരുത്തി. അപകടം നടന്ന ഉടൻതന്നെ പരസ്‌പരവിരുദ്ധവാദങ്ങളുമായി ജനപ്രതിനിധികളും അധികൃതരും രംഗത്തെത്തിയത് ജനങ്ങളിൽ ആശങ്കയാണുണ്ടാക്കിയത്. ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാനും സാങ്കേതികമായ വസ്തുതകളെ മറച്ചുപിടിക്കാനും നടത്തിയ ശ്രമങ്ങൾ ഭരണസംവിധാനത്തോടുള്ള വിശ്വാസ്യതയാണ് തകർക്കുന്നതെന്ന് പറയാതിരിക്കാനാകില്ല.
മണ്ണ് നീക്കംചെയ്യണമെന്ന് ജൂൺ 20-ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനനുസരിച്ചുള്ള നടപടി തുടർന്നുണ്ടായില്ല. അതുമാത്രമല്ല, 25ന് പദ്ധതിപ്രദേശം സന്ദർശിച്ച പൊതുമരാമത്തുവകുപ്പ് സംഘം പരിശോധിച്ച് തൽക്കാലം മണ്ണ് നീക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. മണ്ണ് സൂക്ഷിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി നൽകാൻ കലക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നിർമാണക്കന്പനിയും സർക്കാരും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വരുത്തിയ കാലതാമസവും ഏകോപനമില്ലായ്മയുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് കാണാൻ കഴിയും. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പദ്ധതിയുടെ നിർമാണത്തിൽ വേണ്ട പരിശോധനകളോ അതിനനുസരിച്ചുള്ള നടപടികളോ എടുക്കാൻ ശ്രദ്ധിച്ചില്ല. നിയമങ്ങളും മാർഗനിർദേശങ്ങളും കടലാസിലൊതുങ്ങി. ഉന്നതതലയോഗങ്ങളും പ്രഹസനമായപ്പോൾ നഷ്ടപ്പെട്ടത് സാധാരണക്കാരുടെ ജീവനാണ്.
തുരങ്കപാത വയനാടിന്റെമാത്രമല്ല, കേരളത്തിന്റെതന്നെ സ്വപ്‌നപദ്ധതികളിലൊന്നാണ്. ദുരന്തത്തിന്റെ മറവിൽ പദ്ധതിക്കെതിരായ ഗൂഢനീക്കവും തിരിച്ചറിയണം. ഒരുവർഷം നീണ്ട സാമൂഹ്യാഘാത പഠനത്തിനുശേഷമാണ് 2023ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തുടർന്ന് വയനാട്ടിലും കോഴിക്കോട്ടും അദാലത്ത് സംഘടിപ്പിച്ച് പൊതുജനാഭിപ്രായം തേടി. അവയും പരിഗണിച്ചാണ് അന്തിമ സാമൂഹ്യാഘാത പഠനറിപ്പോർട്ട് പുറത്തിറക്കിയത്. 2025 മാർച്ചിൽ പദ്ധതിക്ക് സംസ്ഥാനത്തിന്റെ പാരിസ്ഥിതികാനുമതിയും 2025 മേയിൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. നിർമാണഘട്ടത്തിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സ്വീകരിക്കേണ്ട നടപടികളടക്കം നിർദേശിച്ച് 60 ഇന ഉപാധികളോടെയായിരുന്നു കേന്ദ്രാനുമതി. ഇതുസംബന്ധിച്ച കേസ് പരിഗണിച്ച സുപ്രീംകോടതി 58 നിബന്ധനകൾ മുന്നോട്ടുവച്ചു.
ദുരന്തസമയത്തും യാഥാർഥ്യബോധമില്ലാതെ, പരസ്‌പരവിരുദ്ധ പ്രസ്‌താവനകളിലൂടെ അപഹാസ്യമായ സർക്കാരിനെ രക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് അനുകൂല മാധ്യമങ്ങൾ സ്വീകരിച്ചത്. പാരിസ്ഥിതികാനുമതി ലഭിക്കാൻ മുൻസർക്കാർ സമ്മർദം ചെലുത്തിയെന്നും കേന്ദ്രാനുമതിക്കായി തെറ്റായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകിയെന്നും മനോരമപത്രം തട്ടിവിട്ടു. പാരിസ്ഥിതികാനുമതി ഇല്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോപിച്ചുള്ള ഹർജികൾ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിതന്നെ തള്ളിയതാണ്. വസ്‌തുത മറച്ചുവച്ച് കള്ളപ്രചാരണം നടത്തി പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങൾ ഇപ്പോഴും നടത്തുന്നത്.
കൊങ്കൺ റെയിൽവേ കോർപറേഷനാണ് തുരങ്കപാത നിർമാണത്തിന്റെ നിർവഹണ ഏജൻസി. മധ്യപ്രദേശിലെ ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺ കന്പനിക്കാണ് കരാർ. മേൽനോട്ടച്ചുമതല പിഡബ്ല്യുഡിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സൂക്ഷ്‌മമായ പരിശോധനയിലൂടെയും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറലല്ല, മറിച്ച് തുരങ്കപാത യാഥാർഥ്യമാക്കാനായി സുതാര്യവും കാര്യക്ഷമവുമായ ഇടപെടലും വീഴ്‌ചകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുമാണ് സർക്കാരിൽനിന്ന് കേരളം പ്രതീക്ഷിക്കുന്നത്.







0 comments