ad
Deshabhimani

കള്ളാടി: പരസ്‌പരവിരുദ്ധ പ്രതികരണങ്ങളുമായി മന്ത്രിമാർ

print edition ദുരന്തമായി സർക്കാർ

wayanad

വയനാട് കള്ളാടി തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായി മീനാക്ഷിപ്പുഴയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ ഫോട്ടോ: എം എ ശിവപ്രസാദ്

വെബ് ഡെസ്ക്

Published on Jul 09, 2026, 12:46 AM | 2 min read

കോഴിക്കോട്‌/കൽപ്പറ്റ : വയനാട്‌ കള്ളാടി മണ്ണിടിച്ചിലിന്‌ പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഘട്ടത്തിൽ പരസ്‌പരവിരുദ്ധ പ്രതികരണങ്ങളുമായി പഴിചാരിയും ഒഴിഞ്ഞുമാറിയും മുഖ്യമന്ത്രിയും മന്ത്രിമാരും. തുരങ്കപാത നിർമാണത്തിന്റെ ഭാഗമായെടുത്ത മണ്ണ്‌ കൂട്ടിയിട്ടതാണ്‌ അപകടകാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചൊവ്വാഴ്‌ചത്തെ പ്രതികരണം. ഇതേ നിലപാടായിരുന്നു വയനാടിന്റെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖിനും.


കൂട്ടിയിട്ട മണ്ണ്‌ നീക്കണമെന്ന്‌ ജൂൺ 20ന്‌ തന്നെ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനം നടപ്പായില്ല. 25ന്‌ പദ്ധതി പ്രദേശം സന്ദർശിച്ച പൊതുമരാമത്ത്‌ സ്‌പെഷൽ സെക്രട്ടറി മണ്ണ്‌ നീക്കേണ്ടെന്ന നിർദേശമാണ്‌ നൽകിയത്‌. നിർമാണ കന്പനിയും സർക്കാരും മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വരുത്തിയ വീഴ്‌ചയാണ്‌ ദുരന്തകാരണമെന്ന്‌ ചൊവ്വാഴ്‌ച തന്നെ വ്യക്തമായിരുന്നു.

ഇതിൽ നിന്ന്‌ രക്ഷപ്പെടാനും സർക്കാരിന്റെ വീഴ്‌ചയല്ലെന്ന്‌ സ്ഥാപിക്കാനും ദുരന്തത്തെ രാഷ്‌ട്രീയവൽക്കരിക്കാനുമാണ്‌ ബുധനാഴ്‌ച മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിച്ചത്‌.


തുരങ്കനിർമാണം നടക്കുന്ന പ്രദേശത്തിന്‌ മുകളിലെ മണ്ണിടിച്ചിലാണ്‌ ദുരന്തകാരണമെന്ന്‌ മുഖ്യമന്ത്രി ബുധനാഴ്‌ച തിരുത്തി. അന്വേഷിക്കാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിൽ ആരെയും കുറ്റവാളിയായി കണ്ടെത്തുന്നില്ലെന്നും പറഞ്ഞു. മന്ത്രിസഭായോഗത്തിൽ അധ്യക്ഷനായിരുന്ന താൻ ഇന്നയാളാണ്‌ കുറ്റവാളിയെന്ന്‌ പറയുന്നത്‌ അന‍ൗചിത്യമാകും. സർക്കാർ പറഞ്ഞ ചില കാര്യങ്ങൾ കരാർകമ്പനി അനുസരിച്ചില്ലെന്നും മഴയ്ക്കുമുമ്പ്‌ മണ്ണ്‌ മാറ്റാൻ നിർദേശിച്ചെങ്കിലും അത്‌ ചെയ്‌തില്ല– സതീശൻ വൈകിട്ട്‌ ദുരന്തസ്ഥലം സന്ദർശിച്ചശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘മനുഷ്യനിർമിത ദുരന്തം’ എന്ന മന്ത്രി ടി സിദ്ദിഖിന്റെ നിലപാട്‌ തന്നെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയടക്കമുള്ളവരും ആവർത്തിച്ചി
രുന്നു. മനുഷ്യനിർമിത ദുരന്തമെന്ന വാദത്തിൽനിന്ന്‌ പിൻവലിഞ്ഞുള്ള പ്രതികരണമാണ്‌ സിദ്ദിഖ്‌ ബുധനാഴ്ച നടത്തിയത്‌. മഴ മാത്രമാണോ കാരണമെന്നും മറ്റ്‌ കാര്യങ്ങളും പരിശോധിക്കുമെന്നുമാണ്‌ മന്ത്രി പറഞ്ഞത്‌.

പൊതുമരാമത്ത്‌ വകുപ്പിന്‌ ഒരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടാണ്‌ മന്ത്രി പി കെ ബഷീറിന്‌. മണ്ണ്‌ താൽക്കാലികമായി സൂക്ഷിക്കാൻ സ്ഥലപരിമിതിയുള്ള കാര്യം പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി വിളിച്ച യോഗത്തിൽ കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകേന്ദ്രത്തിന്‌ നിർദേശവും നൽകി. ഇതുസംബന്ധിച്ച യോഗത്തിന്റെ മിനിറ്റ്സ്‌ പുറത്തുവന്നതോടെ പൊതുമരാമത്ത്‌ മന്ത്രിയുടെ വാദവും പൊളിഞ്ഞു.


അന്വേഷിക്കുമെന്ന്‌ 
മുഖ്യമന്ത്രി


വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം അന്വേഷിക്കാനും സാങ്കേതികവും നിയമപരവുമായ നടപടി സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുരങ്കപാതയ്‌ക്ക്‌ കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ പറഞ്ഞ കർശന നിർദേശങ്ങൾ പാലിച്ചോയെന്നും അന്വേഷിക്കും. അപകട സാധ്യത പരിശോധിച്ചശേഷമേ നിർമാണം പുനരാരംഭിക്കു. മണ്ണ്‌ നീക്കുന്നതിലെ ഗുരുതര പാളിച്ചയും പരിശോധിക്കും. ആരാണ്‌ കുറ്റക്കാരെന്ന്‌ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരച്ചിൽ 
തുടരും


സ്വന്തം ലേഖകൻ മേപ്പാടി കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരെ രണ്ടാംദിനവും കണ്ടെത്താനായില്ല. വയനാട്‌ തുരങ്കപാത നിർമാണത്തൊഴിലാളികളായ അഞ്ചുപേരെയാണ്‌ കാണാതായത്‌. അതിഥിത്തൊഴിലാളികളായ മൂന്നുപേരുടെ മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എംബാംചെയ്‌ത് തുരങ്കപാത നിർമാണ കന്പനിക്ക്‌ കൈമാറി. ബുധന്‍ രാത്രിയോടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. വിവിധ സേനാവിഭാഗങ്ങളിൽനിന്നുള്ള 162 അംഗ സംഘവും സന്നദ്ധപ്രവർത്തകരും നാലുമേഖലകളിലായാണ്‌ തിരയുന്നത്‌. രണ്ട്‌ കഡാവർ നായ്‌ക്കളുമുണ്ട്‌. ഇടവിട്ടുള്ള മഴ തിരച്ചിലിന്‌ തടസ്സമാകുന്നു. മീനാക്ഷിപ്പുഴയുടെ തീരത്തടിഞ്ഞ മണ്ണ്‌ നീക്കിയാണ്‌ പരിശോധന. പുഴയിലേക്ക്‌ ഒഴുകിയെത്തിയ കണ്ടെയ്‌നറുകളുടെ അവശിഷ്‌ടങ്ങളിലും തിരഞ്ഞു. പാലത്തിൽ അടിഞ്ഞ മണ്ണ്‌ ബുധൻ പുലർച്ചയോടെ നീക്കി. മേപ്പാടി–ചൂരൽമല പാതയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പദ്ധതിപ്രദേശത്തെ മൺകൂനകൾ നീക്കാത്തത്‌ ഭീഷണിയായി തുടരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്‌ച വൈകിട്ട് കള്ളാടിയിലെത്തി. പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്നവരെയും ദുരിതാശ്വാസ ക്യാന്പിലുള്ളവരെയും കണ്ടു. പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യാഴാഴ്‌ചയെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home