തോറ്റുകഴിഞ്ഞ യുദ്ധം അമേരിക്ക നിർത്തണം

ലോകത്തെയാകെ അനിശ്ചിതത്വത്തിലും ഇന്ധനപ്രതിസന്ധിയിലുമാക്കി അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം നാളെ നൂറാംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ രണ്ടുമാസത്തോളം മുന്പ് സാങ്കേതികമായി വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞദിവസംപോലും അമേരിക്ക ഇറാനിൽ ആക്രമണം നടത്തുകയും യുഎസ്–ഇസ്രയേൽ പക്ഷത്തുള്ള കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌തു. ഇസ്രയേൽ ഗാസയിൽ പലസ്‌തീൻ ജനതയ്‌ക്കെതിരെ നടത്തിവന്ന വംശഹത്യാപരമായ ആക്രമണം രണ്ടുവർഷം പിന്നിട്ടശേഷം കഴിഞ്ഞ ഒക്‌ടോബറിൽ ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിൽ ലോകം സാധാരണജീവിതത്തിലേക്ക് കടക്കുന്പോഴായിരുന്നു ആഗോളപ്രതിസന്ധി മൂർച്ഛിപ്പിച്ച് യാങ്കി–സയണിസ്റ്റ് സഖ്യം മറ്റൊരു യുദ്ധം അടിച്ചേൽപ്പിച്ചത്. നാലുപതിറ്റാണ്ടിലധികമായി പാശ്ചാത്യ ഉപരോധവും ഇടയ്‌ക്കിടെ ശത്രുക്കളുടെ ആക്രമണങ്ങളും നേരിടുന്ന ഇറാൻ ദുർബലമായെന്നും ഉടനെ തറപറ്റിക്കാമെന്നും കണക്കാക്കിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ വാക്ക് വിശ്വസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിനിറങ്ങിയത്. എന്നാൽ, ഇപ്പോൾ അവിടെനിന്ന് തലയൂരാൻ ശ്രമങ്ങൾ നടത്തുന്പോൾത്തന്നെ തോറ്റിട്ടില്ലെന്ന് വരുത്താൻ ആക്രമണം തുടരുന്ന തന്ത്രമാണ് ട്രംപിന്റേത്.
കഴിഞ്ഞവർഷം ജൂണിൽ ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയിരുന്നു. അന്ന് ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിന്റെ 12–ാംനാളിൽ അമേരിക്കയും കൂട്ടാളിക്കൊപ്പം ചേരുകയായിരുന്നു. ഇറാൻ തിരിച്ചടിച്ചപ്പോൾ അന്നുതന്നെ യുദ്ധം അവസാനിപ്പിച്ചു. ഇറാന്റെ ആണവപദ്ധതി പൂർണമായി നശിപ്പിച്ചതായാണ് ട്രംപ് അന്ന് അവകാശപ്പെട്ടത്. എട്ടുമാസത്തിനുശേഷം വീണ്ടും ആക്രമണം നടത്തുന്പോൾ ഇറാൻ ആണവപദ്ധതി ഉപേക്ഷിക്കണം എന്നായിരുന്നു ട്രംപിന്റെ പ്രധാന ആവശ്യം. തന്റെതന്നെ മുൻപ്രഖ്യാപനങ്ങൾ വെറും വീരവാദങ്ങളായിരുന്നെന്ന് തെളിയിക്കുന്ന ട്രംപിന്റെ നടപടികൾ അമേരിക്കയെ ലോകത്തിനുമുന്നിൽ നാണംകെടുത്തുകയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയെയും നിരവധി ഉന്നത രാഷ്‌ട്രീയ–സൈനിക നേതാക്കളെയും വധിക്കാൻ അമേരിക്കയ്‌ക്ക് സാധിച്ചെങ്കിലും ഇതിലൊന്നും തകർന്നുപോകാതെ ശക്തമായി തിരിച്ചടിക്കുന്ന ഇറാനെയാണ് ലോകം കണ്ടത്. അമേരിക്കയുടെ യുദ്ധവിമാനങ്ങളും വിമാനവാഹിനിക്കപ്പലുകളുമടക്കം തകർക്കുന്നതിൽ ഇറാൻ വിജയിച്ചു. ഇസ്രയേലിനും നൂറുകണക്കിന് ടാങ്കുകളും കവചിതവാഹനങ്ങളുംമറ്റും നഷ്‌ടപ്പെട്ടു. മേഖലയിൽ അമേരിക്കയ്‌ക്ക് താവളം നൽകിയ അറബ് രാജവാഴ്‌ചകളെല്ലാം ഇറാന്റെ തിരിച്ചടിയിൽ വിറച്ചു.
സൈനികമായ തിരിച്ചടിയിൽ ഒതുക്കാതെ ഇറാൻ ലോകത്തെ ഇന്ധനവ്യാപാരത്തിന്റെ പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ യുദ്ധത്തിന്റെ പ്രത്യാഘാതം മേഖലയ്‌ക്കു പുറത്തും അനുഭവമായി. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം ക്ഷാമവും രൂക്ഷമായ വിലക്കയറ്റവുമായി. അതുമൂലമുള്ള പണപ്പെരുപ്പവും അമേരിക്കയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളിലെല്ലാം സാധാരണക്കാരെ വലയ്‌ക്കുകയാണ്. ചൈനയുടെ നാണ്യമായ യുവാനിൽ ഇടപാടിന് തയ്യാറുള്ളവർക്കുമാത്രം ഇന്ധനം നൽകാനും അവരുടെ കപ്പലുകൾമാത്രം ഹോർമുസ് വഴി കടത്തിവിടാനുമുള്ള ഇറാന്റെ തീരുമാനം ഡോളറിന്റെ ആഗോള വാഴ്‌ചയുടെ അന്ത്യത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്. രണ്ടരവർഷമായി വിവിധ മുന്നണികളിൽ ആരംഭിച്ച യുദ്ധങ്ങൾ ഇസ്രയേലിലും കനത്ത സാന്പത്തികത്തകർച്ചയ്‌ക്ക് ഇടയാക്കുന്നതായാണ് ബാങ്ക് ഓഫ് ഇസ്രയേൽ അറിയിക്കുന്നത്. അവരുടെ കയറ്റുമതി കുത്തനെ കുറഞ്ഞു. അവിടേക്ക് വിദേശസഞ്ചാരികളുടെ വരവ് 90 ശതമാനം ഇടിഞ്ഞു. ഒരുകോടിമാത്രം ജനസംഖ്യയുള്ള ഇസ്രയേലിൽനിന്ന് ഹൈടെക് പ്രൊഫഷണലുകളടക്കം ഒന്നരലക്ഷം ആളുകൾ നാടുവിട്ടു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച ഇൗ തിരിച്ചടികൾ ഇൗ രാജ്യങ്ങൾ തമ്മിലും അവയ്‌ക്കുള്ളിലും കടുത്ത രാഷ്‌ട്രീയഭിന്നതകൾക്കും ഇടയാക്കുന്നുണ്ട്. ലെബനനിലെ വെടിനിർത്തൽ വിഷയത്തിൽ താൻ കഴിഞ്ഞദിവസം നെതന്യാഹുവിനെ കടുത്ത അസഭ്യം പറഞ്ഞതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനനും ഇസ്രയേലും തമ്മിലുണ്ടാക്കിയ ‘വെടിനിർത്തൽ’ കരാറിനെ ജൂതരാഷ്‌ട്രത്തിലെ തീവ്രവംശീയവാദികളായ മന്ത്രിമാർ എതിർക്കുകയാണ്. വെടിനിർത്തൽ കരാറുകളെ പ്രഹസനമാക്കുന്ന പാരന്പര്യമാണ് അമേരിക്കയ്‌ക്കും ഇസ്രയേലിനും ഉള്ളതെന്നതിന് ഗാസ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലെല്ലാം കരാർ ലംഘിച്ച് ഇൗ രാജ്യങ്ങൾ നടത്തുന്ന ആക്രമണങ്ങൾ തെളിവാണ്. എന്തായാലും ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പാർടിക്ക് ഭൂരിപക്ഷമുള്ള യുഎസ് കോൺഗ്രസിലെ പ്രതിനിധിസഭ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. വിയറ്റ്‌നാമിലും അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം സംഭവിച്ചതിലും വലിയ പരാജയമാണ് ഇറാനിൽ അമേരിക്കയെ കാത്തിരിക്കുന്നത്. ഇത് മനസ്സിലാക്കി എത്രയുംവേഗം പിൻവാങ്ങുന്നതാണ് അവർക്കും ലോകത്തിനും നല്ലത്.








0 comments