print edition ഇത് കോർപറേറ്റ് സേവകർക്കുള്ള താക്കീത്

ഇന്ത്യൻ തൊഴിലാളിവർഗം ഒരിക്കൽക്കൂടി അതിന്റെ അജയ്യമായ സമരവീര്യം ജ്വലിപ്പിച്ചിരിക്കുന്നു. അഖിലേന്ത്യ പണിമുടക്ക് എന്നാൽ, കേരളത്തിൽമാത്രം പരിമിതപ്പെടുന്ന പ്രതിഭാസമാണെന്ന് പ്രചരിപ്പിച്ചവർക്ക് രാജ്യത്തെ തൊഴിലാളികൾ മുഖമടച്ച് പ്രഹരം നൽകിയിരിക്കുകയാണ്. ശക്തമായ ഇടതുപക്ഷമനസ്സുള്ള കേരളത്തിൽ സമരം പൂർണമാകുന്നത് സ്വാഭാവികം. എന്നാൽ, ഇടതുപക്ഷശക്തികൾ താരതമ്യേന ദുർബലമായ സംസ്ഥാനങ്ങളിലെ ജനങ്ങൾപോലും ഇൗ സമരത്തെ നെഞ്ചേറ്റിയിരിക്കുന്നു.
ജാർഖണ്ഡിലെ ഖനി മേഖല, ഹരിയാനയിലെയും പഞ്ചാബിലെയും ഗതാഗതമേഖല, ദേശീയ തലസ്ഥാന മേഖല (എൻസിആർ)യിലെ ഗുഡ്‌ഗാവും നോയ്‌ഡയും ഉൾപ്പെടെയുള്ള വ്യവസായമേഖലകളെല്ലാം വ്യാഴാഴ്‌ച നിശ്ചലമായി. ഒഡിഷയിലും അസമിലും അഭൂതപൂർവമായ പങ്കാളിത്തമായിരുന്നു. ബാങ്കിങ്, ഇൻഷുറൻസ് മേഖലയും സ്‌തംഭിച്ചു. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്‌കീം തൊഴിലാളികളും സമരം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങി. തമിഴ്‌നാട്ടിലും കർണാടകത്തിലും പലയിടത്തും ട്രെയിനുകൾ തടയുകയും ചെയ്‌തു.
പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ആഹ്വാനം ചെയ്‌ത പണിമുടക്കിനുവേണ്ടിയുള്ള മാസങ്ങളായുള്ള തയ്യാറെടുപ്പുകൾകൊണ്ടുകൂടിയാണ് ഇൗ പണിമുടക്ക് വൻവിജയമായത്. രാജ്യത്ത് അങ്ങോളമിങ്ങോളം കോടിക്കണക്കിനു തൊഴിലാളികൾ പണിമുടക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
നവ ലിബറൽ സാന്പത്തികനയങ്ങൾക്കെതിരെ ലോകമൊട്ടുക്ക് വളരുന്ന ജനകീയരോഷത്തിന്റെ പ്രതിഫലനമാണിത്. സാമ്രാജ്യത്വവിപുലീകരണ പദ്ധതികളിലൂടെ മുതലാളിത്തം നേരിടുന്ന വ്യവസ്ഥാപിത പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത് തൊഴിലാളികളിലും പാവങ്ങളിലും അധികഭാരം അടിച്ചേൽപ്പിച്ചാണ്. അതിനെതിരെയുള്ള ഇത്തരം സമരങ്ങളുടെ അനിവാര്യതയെക്കുറിച്ചുള്ള ചിന്ത ആഗോളമായിത്തന്നെ അധ്വാനിക്കുന്ന മനുഷ്യർക്കിടയിൽ ശക്തമാകുന്പോൾത്തന്നെ, സമാന്തരമായി തൊഴിലാളിവർഗ ഐക്യത്തെ ദുർബലപ്പെടുത്താനുള്ള തീവ്ര വലതുപക്ഷശക്തികളുടെയും സ്വത്വവാദികളുടെയും ശ്രമങ്ങളും ശക്തമാകുന്നുണ്ട്. യൂറോപ്പിൽ നവ ഫാസിസ്റ്റുകളാണ് വിഭാഗീയതയുടെ രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നതെങ്കിൽ, ഇന്ത്യയിൽ സംഘപരിവാറാണ്. ഇന്ത്യയിലെ കോർപറേറ്റ്–വർഗീയ കൂട്ടുകെട്ട് അവരുടെ നയപരിപാടികൾ മുന്നോട്ടുനീക്കുന്നത് തൊഴിലാളികളെ മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പിച്ചുകൊണ്ടാണ്. രാജ്യത്തുടനീളം ഇത്തരം ഗൂ-ഢപദ്ധതികളെ ശക്തമായി നേരിട്ടുകൊണ്ടാണ് ഇന്ത്യൻ തൊഴിലാളിവർഗം ഐതിഹാസികമായ ഇൗ സമരത്തിൽ അണിചേർന്നത്.
നവ ലിബറൽ നയങ്ങളുടെ ദുരന്തംപേറുന്ന കർഷകരും കർഷകത്തൊഴിലാളികളും ജീവനക്കാരുമെല്ലാം ദശാബ്‌ദങ്ങളായി പൊരുതിനേടിയ അവകാശങ്ങൾ മുച്ചൂടും തകർക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കുക, വിത്തുൽപ്പാദനമേഖലയെ കുത്തകവൽക്കരിക്കുന്ന വിത്തുബിൽ പിൻവലിക്കുക, ക്രോസ് സബ്‌സിഡി അടക്കമുള്ള കർഷക ആനുകൂല്യങ്ങൾ എടുത്തുകളയുന്ന വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന വിബിജിആർഎഎംജി ബിൽ പിൻവലിക്കുക, ആണവോർജമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശാന്തി നിയമം പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം എഫ്‌ഡിഐ എന്ന തീരുമാനം പിൻവലിക്കുക, ഉന്നതവിദ്യാഭ്യാസമേഖലയെ പൂർണമായും കേന്ദ്രവൽക്കരിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാൻ ബിൽ പിൻവലിക്കുക, സർക്കാർ–പൊതുമേഖല സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ഒഴിവ് നികത്തുക, അങ്കണവാടി–ആശ–ഉച്ചഭക്ഷണപദ്ധതി തൊഴിലാളികളെ സർക്കാർ ജീവനക്കാരാക്കുക, ദേശീയ ആരോഗ്യ മിഷൻ ഡോക്‌ടർമാരെയും നഴ്‌സുമാരെയും സ്ഥിരപ്പെടുത്തുക, പൊതുമേഖലാ സ്വകാര്യവൽക്കരണം പിൻവലിക്കുക, കാർഷികമേഖലയെ തകർക്കുന്ന ഇന്ത്യ–യുഎസ് വ്യാപാരക്കരാർ ഉൾപ്പെടെയുള്ള എല്ലാ സ്വതന്ത്ര വ്യാപാരക്കരാറുകളിൽനിന്നും പിന്മാറുക എന്നീ ആവശ്യങ്ങളാണ് സമരത്തിന്റെ ഭാഗമായി ഉന്നയിച്ചത്.
മോദിസർക്കാർ ഭരണമേറ്റതുമുതൽ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. തൊഴിൽമേഖലയ്‌ക്ക് കരുത്തായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചു. അതിനൊപ്പം സ്വകാര്യവൽക്കരണംകൂടിയായതോടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം പ്രതിസന്ധിയിലായി. ഏറ്റവും കൂടുതൽപേർ ഉപജീവനം നടത്തിയിരുന്ന കാർഷികമേഖലകൂടി കുത്തകകൾക്ക് തുറന്നിട്ടതോടെ ഗ്രാമീണജനതയുടെ അന്നംമുട്ടി. സ്ഥിരംതൊഴിലുകൾ ഇല്ലാതായതോടെ വൻകിട കന്പനികളിൽനിന്ന് വലിയതോതിലുള്ള പിരിച്ചുവിടലും വന്നു. ഇന്ത്യയെ ചലിപ്പിക്കുന്ന ജീവനാഡിയായ തൊഴിലാളിസന്പത്തിനെ തീർത്തും അവഗണിച്ചുള്ള മോദിസർക്കാരിന്റെ പോക്കിന് തടയിടണം. അതിനുള്ള പോരാട്ടവീര്യമാണ് ഇന്ത്യയൊട്ടാകെ പണിമുടക്കിൽ പ്രതിഫലിച്ചത്. ഇൗ താക്കീത് അർഹിക്കുന്ന ഗൗരവത്തോടെ കാണാതിരുന്നാൽ തൊഴിലാളികളുടെ കരുത്തിൽ കോർപറേറ്റ് സേവകരുടെ കുലം മുടിയുകതന്നെ ചെയ്യുമെന്ന് ഉറപ്പ്.









0 comments