print edition പരിസ്ഥിതിലോല മേഖല ആശങ്ക അകറ്റണം

സംസ്ഥാനത്ത് മലയോരത്തെ ലക്ഷക്കണക്കിന് തൊഴിലാളി–കർഷക കുടുംബങ്ങളിൽ വീണ്ടും ആധി പടരുകയാണ്. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായി (ഇഎസ്എ) ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനമാണ് ഇതിനു കാരണം. കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഇഎസ്‌എയുടെ പരിധിയിൽ കൊണ്ടുവരുന്ന കരട് വിജ്ഞാപനം, പശ്ചിമഘട്ടത്തിന്റെ യഥാർഥ സംരക്ഷകരുടെ നിലനിൽപ്പ് അപകടത്തിലാക്കും. അശാസ്‌ത്രീയ ഉപഗ്രഹ സർവേകളുടെ അടിസ്ഥാനത്തിലാണ് ഇൗ ശുപാർശയെന്നതാണ് വിചിത്രം. ഉപഗ്രഹചിത്രങ്ങൾ വഴി കേരളത്തിലെ വനഭൂമിയും തോട്ടങ്ങളും ഇതര കൃഷിയിടങ്ങളും കൃത്യമായി വേർതിരിക്കാൻ കഴിയില്ലെന്നത് സാമാന്യയുക്തിയിൽ ബോധ്യപ്പെടേണ്ടതാണ്. കേരളത്തിൽ 12 ജില്ലയിലായി 131 വില്ലേജിനെ ഈ പരിധിയിൽ ഉൾപ്പെടുത്താനാണ് കരട് വിജ്ഞാപനം നിഷ്‌കർഷിക്കുന്നത്.
ഇത് നടപ്പായാൽ കർഷകർക്കും ഈ പരിധിക്കുള്ളിൽ താമസിക്കുന്ന മറ്റുള്ളവർക്കും സ്വന്തം ഭൂമിയിൽ എന്തെങ്കിലും നിർമാണപ്രവർത്തനങ്ങൾ നടത്താൻ തദ്ദേശസ്ഥാപനത്തിന്റേതിനു പുറമേ വനംവകുപ്പിന്റെയും അനുമതി വാങ്ങേണ്ടി വരും. സ്വന്തം മണ്ണിൽ ഒരു മുറികൂടി പണിയാനോ വീട് പുതുക്കിപ്പണിയാനോപോലും വനംവകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങണം. കർഷകന്റെ സാമ്പത്തികഭദ്രതയെയും ഉപജീവനത്തെയും തകർക്കുന്ന കടുത്ത നിയന്ത്രണമാണിത്.
സംസ്ഥാനത്ത് മൂന്നര ലക്ഷത്തിൽപ്പരം പേർക്ക് തൊഴിൽ നൽകുന്ന തോട്ടംമേഖലയെയും അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതാണ് കരട് വിജ്ഞാപനം. രാജ്യത്തെ തോട്ടംമേഖലയിൽ 37.2 ശതമാനവും കേരളത്തിലാണെന്നത് ഇൗ സാഹചര്യത്തിൽ പ്രാധാന്യം അർഹിക്കുന്നു. സംസ്ഥാനത്തെ 7.24 ലക്ഷം ഹെക്ടർ തോട്ടം വിസ്‌തൃതിയിൽ 80 ശതമാനത്തിലധികവും പശ്ചിമഘട്ട മലനിരകളോടും അതിന്റെ താഴ്‌വരകളോടും ചേർന്നാണ്. തേയില–35,000 ഹെക്ടർ, കാപ്പി– 85,000 ഹെക്ടർ, ഏലം–40,000 ഹെക്ടർ എന്നിവ പശ്ചിമഘട്ടത്തിന്റെ തനതായ കാലാവസ്ഥയെയും ആശ്രയിച്ചാണ് വളരുന്നത്. 5.5 ലക്ഷം ഹെക്ടറോളം വരുന്ന റബർതോട്ടങ്ങളുടെ വലിയ പങ്ക് പശ്ചിമഘട്ടത്തിന്റെ ഇടനാടുകളിലും അടിവാരങ്ങളിലുമായാണ്. ഇന്ത്യക്കാവശ്യമായ റബറിന്റെ 85 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് കേരളത്തിലെ തോട്ടങ്ങളിൽനിന്നാണ്. തോട്ടംമേഖല തകർന്നാൽ അത് സംസ്ഥാനത്തിന്റെ കാർഷിക വരുമാനത്തെയും നികുതി വരുമാനത്തെയും നേരിട്ട് ബാധിക്കും.
യുപിഎ സർക്കാരിന്റെ കാലത്താണ് പശ്‌ചിമഘട്ട സംരക്ഷണ ശുപാർശകൾക്കായി പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ടത്തെ പൂർണമായും പരിസ്ഥിതിലോല മേഖലയായി ഗാഡ്‌ഗിൽ കമ്മിറ്റി ശുപാർശ ചെയ്തതോടെ മലയോരത്ത് ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടു. തുടർന്ന് വന്ന ഡോ. കെ കസ്‌തൂരിരംഗൻ സമിതി റിപ്പോർട്ടിൽ പ്രധാന ടൗണുകളും ജനവാസമേഖലകളും ഉൾപ്പെട്ടത് വലിയ ആശങ്കയ്‌ക്ക് വഴിവച്ചു. സംസ്ഥാനത്ത് ഉയർന്ന ജനവികാരം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ കമീഷനെ നിയോഗിച്ച് ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുകയും വനഭൂമിമാത്രം പരിസ്ഥിതിലോല മേഖലയാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.
ഒന്നാം കരട് വിജ്ഞാപനം 2014 മാർച്ച് 10-ന് ഇറങ്ങിയശേഷം, 12 വർഷത്തിനിടെ കേന്ദ്രം മാറിമാറി ഇറക്കിയ ആറ് കരട് വിജ്ഞാപനവും സംസ്ഥാനങ്ങളുടെ എതിർപ്പും കാലാവധി തീരലും സുപ്രീംകോടതിയിലെയും ദേശീയ ഹരിത ട്രിബ്യൂണലിലെയും കേസുകളും കാരണം റദ്ദാക്കപ്പെട്ടു. കൃത്യമായ അതിർത്തി നിർണയം നടത്താൻ കോടതികൾ ആവശ്യപ്പെട്ടപ്പോഴും പ്രായോഗിക പഠനങ്ങൾ നടത്താതെ ഫയലുകളിൽ കുരുക്കിയിടുകയായിരുന്നു കേന്ദ്രം. യുഡിഎഫ് ആകട്ടെ ഇൗ വിഷയത്തിൽ തുടക്കംമുതൽ കർഷകജനതയോട് വഞ്ചനാപരമായ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. 2011-–16ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഫീൽഡ് പരിശോധനകളോ ശാസ്‌ത്രീയ ഭൂപട നിർണയങ്ങളോ നടത്താതെ, പല പട്ടണങ്ങളും ജനവാസമേഖലകളും വനഭൂമിയാണെന്ന തരത്തിലുള്ള അശാസ്ത്രീയ രേഖകളാണ് കേന്ദ്രത്തിന് മുന്നിലെത്തിച്ചത്. കഴിഞ്ഞ 10 വർഷം കേരളത്തിലെ എൽഡിഎഫ് സർക്കാർ അതീവ ജാഗ്രതയോടെയാണ് ഈ പ്രശ്‌നത്തെ നേരിട്ടത്. ഉപഗ്രഹ സർവേയിലെ അപാകത പരിഹരിക്കാൻ തദ്ദേശസ്വയംഭരണതലത്തിൽ വാർഡ് ഹിയറിങ്ങുകളും ഫീൽഡ് വെരിഫിക്കേഷനും നടത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി.
ജനവാസമേഖലകളെയും കൃഷിഭൂമിയെയും പൂർണമായി ഇഎസ്‌എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന വ്യക്തമായ മന്ത്രിസഭാ പ്രമേയങ്ങളും ശുപാർശകളും കേന്ദ്രത്തിന് സമർപ്പിച്ചു; വിട്ടുവീഴ്‌ചയില്ലാത്ത നിയമപോരാട്ടവും നടത്തി. ഇതെല്ലാം അവഗണിച്ച് 9993 ചതുരശ്ര കിലോമീറ്റർ മേഖല നിലനിർത്തിയാണ് ജൂലൈ 27ന് ഏഴാം കരട് വിജ്ഞാപനം ഇറക്കിയത്. ഇതോടെ ജനങ്ങളാകെ ആശങ്കയിലായിട്ടും യുഡിഎ-ഫ് സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്.
പശ്ചിമഘട്ട സംരക്ഷണം കർഷകരെ കുടിയിറക്കിക്കൊണ്ടോ അവരുടെ ഭൂമിയുടെമേലുള്ള അവകാശം തടഞ്ഞുകൊണ്ടോ ആകരുത്. ജനവാസമേഖലകളെയും തോട്ടങ്ങളെയും കൃഷിഭൂമികളെയും പൂർണമായി ഒഴിവാക്കിയുള്ള ഭേദഗതികൾ വിജ്ഞാപനത്തിൽ വരുത്താൻ കേന്ദ്രത്തിൽ സംസ്ഥാനം ശക്തമായ സമ്മർദം ചെലുത്തണം. സ്വമേധയാ ഒഴിഞ്ഞുപോകാൻ തയ്യാറാകുന്ന കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച പാക്കേജ് വിവേചനപരമാണ്. കൈവശഭൂമിയുടെ അളവിനും കാർഷിക വിളകളുടെ ഉൽപ്പാദനക്ഷമതയ്‌ക്കും ആനുപാതികമായി ന്യായമായ വിപണി വില കണക്കാക്കി പുനരധിവാസ പാക്കേജ് പരിഷ്‌കരിക്കണം.










0 comments