നിലകൊള്ളുന്നത് പൂർണനീതിക്കായി ; സർക്കാർ നിലപാട് വ്യക്തം

രാജ്യത്ത് നിയമപരമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അസാധാരണവും അത്യന്തം ഹീനവുമായ സംഭവത്തെ ആസ്‌പദമാക്കിയുള്ള കേസിൽ വിചാരണക്കോടതി വിധി എട്ടരവർഷത്തിനുശേഷം വന്നിരിക്കുന്നു. കാർ തടഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അശ്ലീല വീഡിയോ പകർത്തുകയും ചെയ്‌ത കേസിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയുടെ ഉത്തരവിൽ എട്ടാംപ്രതി നടൻ ദിലീപ് അടക്കം നാലുപേരെ വിട്ടയച്ചു. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്താദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്. വിധിയെ തുടർന്ന്, അതിജീവിതയ്‌ക്ക് പൂർണനീതി ലഭിച്ചിട്ടില്ലെന്ന് പ്രതികരണങ്ങൾ വന്നു. നിയമമന്ത്രി പി രാജീവ് ഉൾപ്പെടെ ഇതിനോട് യോജിക്കുകയും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌ത്രീസുരക്ഷയും ഇരകളുടെ ആത്മാഭിമാനവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അതിശക്തമായ നടപടികൾ സ്വീകരിച്ച കേസ് സിനിമ മേഖലയിലും ഇതരരംഗങ്ങളിലും ഗുണകരമായ മാറ്റങ്ങൾക്കും കാരണമായി. അതിജീവിതയുടെ ഒപ്പംനിന്ന സഹപ്രവർത്തകരുടെ ധീരമായ നിലപാടും ഇൗ ഘട്ടത്തിൽ ആദരവോടെ ഓർക്കേണ്ടതുണ്ട്.
സർക്കാർ എത്രമാത്രം ജാഗ്രതയോടെയും കാര്യക്ഷമമായും കേസിൽ നീങ്ങിയെന്നതിന് തെളിവായി അനേകം വസ്‌തുതകൾ നിരത്താൻ കഴിയും. 2017 ഫെബ്രുവരി 17നുണ്ടായ കുറ്റകൃത്യത്തെക്കുറിച്ച് വിവരം അറിഞ്ഞയുടൻ സർക്കാരും അന്വേഷണ ഏജൻസികളും ഉണർന്ന് പ്രവർത്തിച്ചു. രണ്ടാംപ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. അടുത്തദിവസം എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളെയും ഒരാഴ്ചക്കകം അറസ്റ്റ് ചെയ്‌തു. 60–ാംദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ചു. ജയിലിൽനിന്ന് ഒന്നാംപ്രതി പണം ആവശ്യപ്പെട്ട് ഫോണിലൂടെയും കത്തുവഴിയും ദിലീപിന്റെ സുഹൃത്തിനെ സമീപിച്ചുവെന്ന വെളിപ്പെടുത്തൽ വഴിത്തിരിവായി. കൂടുതൽ അന്വേഷണത്തെ തുടർന്ന് ദിലീപ് അറസ്റ്റിലായി. ഇത്തരം കേസുകളിൽ തെളിവുശേഖരണവും കൂട്ടിയോജിപ്പിക്കലും ദുഷ്‌കരമാണെങ്കിലും മനുഷ്യസാധ്യമായ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പ്രോസിക്യൂഷൻ പൂർണകുറ്റപത്രം സമർപ്പിച്ചു.
സാങ്കേതികതടസ്സങ്ങളും അപ്രായോഗിക ആവശ്യങ്ങളും സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുംവരെ ഉന്നയിച്ച് വിചാരണ നീട്ടാനാണ് പ്രതിഭാഗം ശ്രമിച്ചത്. കുറ്റകൃത്യത്തിന്റെ ക്ലോൺ പകർപ്പ് എട്ടാംപ്രതി ആവശ്യപ്പെട്ടു. അന്നുമുതൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചുമതല വഹിച്ചവർ, ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും മുതിർന്ന അഭിഭാഷകർ എന്നിവരെ നിരത്തിയാണ് സർക്കാർ മുന്നോട്ടുപോയത്. ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകുന്നത് ഇരയുടെ സ്വകാര്യത ലംഘിക്കുന്നതിന് തുല്യമാണെന്നും അത് പുറത്തുപോകാൻ സാധ്യതയുണ്ടെന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി.
വിചാരണയ്‌ക്ക് വനിതാ ജഡ്‌ജിയെ ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ സർക്കാർ അനുഭാവപൂർവം കക്ഷിചേർന്നു. വനിതാ ജഡ്‌ജിയെ അനുവദിച്ചു. വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും കാലതാമസത്തിന് ഇടവരുത്തി. പ്രോസിക്യൂഷൻ സാക്ഷികളിൽ 261 പേരെ വിസ്‌തരിച്ചു. 833 രേഖകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. സിനിമാപ്രവർത്തകരെ അടക്കം വിസ്‌തരിച്ചു; ഇവരിൽ ഭൂരിപക്ഷവും കൂറുമാറി. തെളിവുകൾ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ഉണ്ടായപ്പോൾ പുതിയ സാക്ഷികളെ അണിനിരത്തി സർക്കാർ പൊരുതി. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാൻ അതിശക്തമായ നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചു. പ്രോസിക്യൂഷൻ വാദം 1512 പേജുള്ള രേഖയായി കോടതിയിൽ സമർപ്പിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടന്ന വധഗൂഢാലോചനയിലും പുതിയ കേസുകൾ രജിസ്റ്റർ ചെയ്‌തു. അതേസമയം, യുഡിഎഫ് നിയന്ത്രണത്തിലുള്ള ആലുവ നഗരസഭയുടെ ചടങ്ങിൽ മുഖ്യാതിഥിയായി എട്ടാംപ്രതിയെ പങ്കെടുപ്പിച്ചത് പൊതുവെ ഞെട്ടൽ സൃഷ്ടിച്ചു. സർക്കാരാകട്ടെ സിനിമാമേഖലയിൽ സ്‌ത്രീകൾക്ക് സുരക്ഷയും നീതിയും ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു. ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരണവും റിപ്പോർട്ട് സമർപ്പിക്കലും നടപ്പാക്കലും ഇതിന്റെ തുടർച്ചയാണ്. സിനിമാമേഖലയിലടക്കം അതിന്റെ സദ്‌ഫലങ്ങളും പ്രകടമാണ്.










0 comments