ad
Deshabhimani

print edition ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉജ്വലമുന്നേറ്റം

editorial today
വെബ് ഡെസ്ക്

Published on Mar 14, 2026, 12:01 AM | 2 min read

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് അഞ്ചുവർഷത്തിനിടെ വിദ്യാർഥിപ്രവേശനത്തിൽ റെക്കോഡ് വർധനയുണ്ടായതായി ഓൾ ഇന്ത്യ ഹയർ എഡ്യുക്കേഷൻ സർവേയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ കേരളത്തിലും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ, വ്യക്തമായ ആസൂത്രണത്തിൽ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഫലമാണ് ഈ മികവ്.


​അഞ്ചുവർഷത്തിനിടെ മൂന്നരലക്ഷത്തിലേറെ കുട്ടികളാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് അധികമായി പ്രവേശനം നേടിയത്. മൊത്ത വിദ്യാർഥി അനുപാതം (Gross Enrolment Ratio GER) 30ൽനിന്ന് 41.3 ആയി ഉയർന്നു. ഉന്നതവിദ്യാഭ്യാസത്തിന് അർഹമായ പ്രായത്തിലുള്ള കുട്ടികളിൽ 41 ശതമാനംപേരും പ്രവേശനം നേടുന്നു എന്നാണ് അതിനർഥം. ദേശീയതലത്തിൽ ഈ രംഗത്ത് കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ്. ആൺകുട്ടികളേക്കാൾ അധികം പെൺകുട്ടികളാണ് സംസ്ഥാനത്ത് സർവകലാശാലാതലത്തിൽ പ്രവേശനം നേടുന്നതെന്നതും സവിശേഷതയാണ്. വിപുലമായ പഠനസൗകര്യങ്ങൾ ഒരുക്കി ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിലേക്ക് നയിക്കുന്നതിൽ സംസ്ഥാന സർക്കാർ നിതാന്തജാഗ്രത പുലർത്തുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.


രാജ്യത്തെയെന്നല്ല ലോകത്തെതന്നെ മികച്ച സർവകലാശാലകളും ഉന്നതനിലവാരത്തിലുള്ള കോളേജുകളും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ സംസ്ഥാനത്തെവിടെയും തെരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്നു.ഒരുലക്ഷംപേർക്ക് കുറഞ്ഞത് 46 കോളേജുകൾ എന്ന നിരക്കിൽ കേരളത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസത്തിന് തുടക്കമിട്ട കേരള സർവകലാശാലമുതൽ മെഡിക്കൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ഏറ്റവും ഒടുവിലായി ഡിജിറ്റൽ സർവകലാശാലയും ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയരങ്ങളിലേക്ക് നയിക്കുന്നു. ദേശീയ റാങ്കിങ്ങിലും ഇവ ഏറെ മുന്നിൽ നിൽക്കുന്നു. ഏറ്റവും പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്കി ( NIRF)ന്റെ റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളും കോളേജുകളും ആദ്യസ്ഥാനങ്ങളിൽ ഇടംപിടിച്ചു. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും കൈവരിച്ച ഗുണമേന്മ ഇതിൽനിന്ന് വ്യക്തമാകുന്നു.


ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ പരിഷ്കരണങ്ങളും പദ്ധതികളും കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നതിന് കാരണമായി. വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വിപുലമായ സൗകര്യങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കി നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്സ് ഈ രംഗത്ത് കൊണ്ടുവന്ന മാറ്റം ശ്രദ്ധേയമാണ്. സംസ്ഥാനതല അക്രഡിറ്റേഷനിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സാമൂഹികനീതിയും ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് അസസ്മെന്റ്‌ ആൻഡ് അക്രഡിറ്റേഷൻ സെന്റർ (SAAC), സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമഗ്രമായ റാങ്കിങ്‌ നൽകുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക് (KIRF) തുടങ്ങി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. അന്താരാഷ്ട്രതലത്തിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിന് രൂപീകരിച്ച ‘സ്റ്റഡി ഇൻ കേരള' പ്രോഗ്രാം വൻ വിജയമായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2025–26ൽ കേരള സർവകലാശാലയിൽമാത്രം 2626 വിദേശവിദ്യാർഥികൾ പ്രവേശനത്തിനായി അപേക്ഷ നൽകി. കുസാറ്റിൽ 1700 പേരും എംജി സർവകലാശാലയിൽ 982 പേരും അപേക്ഷിച്ചു. ബിരുദംമുതൽ ഗവേഷണംവരെയുള്ള കോഴ്സുകൾക്കായി വിദേശത്തുനിന്ന് വിദ്യാർഥികൾ കേരളത്തിലെത്തുന്നു.


ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ സവിശേഷ നടപടികളെടുത്തു. ഏറ്റവും ഒടുവിലായി ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദപഠനം സൗജന്യമാക്കിയ ബജറ്റ് പ്രഖ്യാപനവും സർക്കാരിന്റെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ദുഷ്ടലാക്കോടെ ആക്ഷേപം ഉന്നയിക്കുന്നവർക്കുള്ള മറുപടികൂടിയാണ് അഖിലേന്ത്യ ഉന്നതവിദ്യാഭ്യാസ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട്.


ഉന്നതപഠനം ആഗ്രഹിക്കുന്ന സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും അതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരിക്കുന്നു. പരമാവധിപേർ അത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ വിദേശവിദ്യാർഥികൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തിൽ ആകൃഷ്ടരായിരിക്കുന്നു. അങ്ങനെ നമ്മുടെ സംസ്ഥാനം ആഗോള വിജ്ഞാനകേന്ദ്രമായി മാറിയിരിക്കുന്നു. അഭിമാനാർഹമാണ് ഈ നേട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home