ad
Deshabhimani

യുഎസ്‌ അധിനിവേശം
ചെറുക്കാൻ ക്യൂബൻ ജനത

editorial.
വെബ് ഡെസ്ക്

Published on May 25, 2026, 12:01 AM | 2 min read

ക്യൂബയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന പുതിയ രാഷ്ട്രീയ-–സാമ്പത്തിക നീക്കങ്ങൾ ലാറ്റിനമേരിക്കയിലാകെ അധിനിവേശഭീതി പടർത്തുകയാണ്. ക്യൂബൻ വിപ്ലവത്തിന്റെ സമുന്നത നേതാക്കളിലൊരാളായ റൗൾ കാസ്‌ട്രോയെ 95–ാം വയസ്സിൽ കള്ളക്കേസിൽ കുടുക്കാനും വിചാരണചെയ്യാനുമുള്ള അമേരിക്കയുടെ നീക്കം സാമ്രാജ്യത്വ അധിനിവേശത്തിന്‌ കളമൊരുക്കാനുള്ള പ്രകോപനപരമായ തന്ത്രമാണ്‌. 1996-ൽ ക്യൂബയുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ സിഐഎ പിന്തുണയുള്ള ഭീകരസംഘടനയുടെ വിമാനം തകർന്ന സംഭവത്തിന്റെ പേരിൽ അന്ന്‌ പ്രതിരോധമന്ത്രിയായിരുന്ന റൗൾ കാസ്‌ട്രോയ്ക്കെതിരെ മൂന്ന്‌ പതിറ്റാണ്ടിനുശേഷം യുഎസ് കൊലക്കുറ്റം ചുമത്തുന്നത്‌ കേവലം നിയമനടപടിയല്ല; മറിച്ച് ക്യൂബയിലേക്ക് സൈനിക അധിനിവേശത്തിന് വഴിതുറക്കാനുള്ള കുടിലനീക്കമാണെന്ന്‌ വ്യക്തം.


വെനസ്വേലയിലെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രസിഡന്റായ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും അമേരിക്ക കടന്നാക്രമണം നടത്തി തട്ടിക്കൊണ്ടുപോയിട്ട്‌ 142 ദിവസം പിന്നിട്ടു. ഭീഷണിയോ അട്ടിമറിനീക്കമോ വിലപ്പോകില്ലെന്ന്‌ വന്നപ്പോഴാണ്‌ ലോകത്തിലെ ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യത്ത്‌ അർധരാത്രി സൈനികനീക്കത്തിന്‌ അമേരിക്ക തീരുമാനിച്ചത്‌. ഇതിനുപിന്നാലെ ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകൾ തടയുകയായിരുന്നു ഡോണൾഡ്‌ ട്രംപ്‌ ആദ്യംചെയ്തത്‌. അടുത്തത്‌ ക്യൂബയാണെന്നും കീഴടങ്ങിയില്ലെങ്കിൽ ഉടൻ സൈനികനീക്കം നടത്തുമെന്നും പ്രഖ്യാപിക്കുകയുംചെയ്തു. ഇതിനിടെയാണ്‌ ഇറാനുമായി കൊന്പുകോർക്കാനിറങ്ങി അമേരിക്ക പൊല്ലാപ്പിലായത്‌.


​ഉപരോധത്തിലൂടെ അവശരാകുന്ന ജനതയെ ഇളക്കിവിട്ട്‌ ക്യൂബൻ സർക്കാരിനെ അട്ടിമറിക്കാമെന്ന മോഹം നടപ്പില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ റ‍ൗളിനെ കരുവാക്കി അധിനിവേശത്തിന്‌ കളമൊരുക്കാനുള്ള പുതിയ നീക്കം. എന്നാൽ, ഇതിനെതിരെ സമീപകാലത്തെ ഏറ്റവും വലിയ ജനമുന്നേറ്റമാണ്‌ ക്യൂബയിലുണ്ടായത്‌. ‘റ‍ൗൾ ഇ‍ൗസ്‌ റ‍ൗൾ’ എന്ന മുദ്രാവാക്യമുയർത്തി പുലർച്ചെ ഹവാനയിലെ ക്യൂബൻ എംബസിക്കുമുന്നിൽ തടിച്ചുകൂടിയത്‌ രണ്ടരലക്ഷത്തിലധികംപേരാണ്‌. ക്യൂബൻ ജനതയുടെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്‌ ലോകം പതിറ്റാണ്ടുകളായി സാക്ഷ്യംവഹിക്കുന്നു. ഇപ്പോഴിതാ ട്രംപിനുകീഴിൽ അമേരിക്കൻ സാമ്രാജ്യത്വം കൂടുതൽ ആക്രമണോത്സുകമാകുന്പോൾ, ആഹാരത്തിനും മരുന്നിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിടുമ്പോഴും വിപ്ലവത്തിന്റെ വീര്യം ചോരാതെ കാക്കുകയാണ് ക്യൂബൻ ജനത. ഫിദൽ കാസ്‌ട്രോയും ചെ ഗുവേരയും റൗൾ കാസ്‌ട്രോയും പകർന്നുനൽകിയ പോരാട്ടവീര്യമാണ്‌ അവരുടെ സാമ്രാജ്യത്വവിരുദ്ധ ബോധത്തിന്റെ കരുത്ത്. കടുത്ത ഉപരോധങ്ങൾക്കിടയിലും ലോകോത്തരമായ ആരോഗ്യ-–വിദ്യാഭ്യാസ മാതൃകകൾ തകരാതെ കാക്കാൻ ക്യൂബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുഎസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ അട്ടിമറിശ്രമങ്ങളെയും വ്യാജപ്രചാരണങ്ങളെയും ക്യൂബൻ ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തുന്നു.


​​അമേരിക്കയുടെ നേരിട്ടും പരോക്ഷവുമായുള്ള ഇടപെടലിൽ പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും വലതുപക്ഷ കടന്നുകയറ്റവും തീവ്രധ്രുവീകരണവും അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ഹ്യൂഗോ ഷാവേസിന്റെ ഉജ്വലമായ നേതൃത്വത്തിൽ വെനസ്വേല പകർന്നുനൽകിയ കരുത്തിൽ ഭൂഖണ്ഡമാകെ പടർന്ന ഇടതുപക്ഷ തരംഗത്തെ അട്ടിമറിക്കാൻ വിദേശ മൂലധന ശക്തികളുടെ പിൻബലത്തോടെ അമേരിക്കയുടെ കടുത്ത ഇടപെടലുകളാണ് മേഖലയിൽ നടക്കുന്നത്‌. രാഷ്ട്രീയ അന്തരീക്ഷം കലുഷമാണെങ്കിലും മേഖലയിലെ പുരോഗമന-–ഇടതുപക്ഷ ശക്തികൾ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുകയാണ്‌. ഇടതുപക്ഷ–-പുരോഗമന സർക്കാരുകളും ജനകീയ പ്രസ്ഥാനങ്ങളും ക്യൂബയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിൽ ലുല ഡ സിൽവ, കൊളംബിയയിൽ ഗുസ്‌താവോ പെത്രോ, മെക്‌സിക്കോയിൽ ക്ലോഡിയ ഷെയ്‌ൻബോം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സർക്കാരുകളും ലാറ്റിനമേരിക്കയിലെ തൊഴിലാളിവർഗപ്രസ്ഥാനങ്ങളും ക്യൂബയ്ക്കുള്ള ഐക്യദാർഢ്യം ആവർത്തിച്ചു.


സെലാക്, ആൽബ തുടങ്ങിയ ലാറ്റിനമേരിക്കൻ കൂട്ടായ്മകൾ യുഎസ് ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. ക്യൂബയ്ക്കുമേലുള്ള സാമ്രാജ്യത്വ കടന്നുകയറ്റത്തിനെതിരെ ആഗോളതലത്തിലും പ്രതിഷേധം ശക്തമാണ്‌. യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ ഐക്യരാഷ്ട്ര പൊതുസഭയിൽ ക്യൂബ കൊണ്ടുവരുന്ന പ്രമേയങ്ങൾ തുടർച്ചയായി ലോകരാജ്യങ്ങൾ വൻ ഭൂരിപക്ഷത്തോടെ പാസാക്കുകയാണ്‌. ഒടുവിൽ നടന്ന യുഎൻ വോട്ടെടുപ്പിൽ 165 രാജ്യങ്ങൾ ക്യൂബയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ, അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ വെറും ഏഴുരാജ്യങ്ങൾ മാത്രമാണ് എതിർത്തത്. ക്യൂബ എന്നത് കേവലമൊരു ദ്വീപ്‌ രാഷ്ട്രമല്ല, മറിച്ച് സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന ലോകജനതയുടെയും സാർവദേശീയ തൊഴിലാളിവർഗത്തിന്റെയും പ്രത്യാശയുടെ പ്രതീകവും ആവേശത്തിന്റെ സ്രോതസ്സുമാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ക്യൂബയ്ക്ക്‌ ഐക്യദാർഢ്യവുമായി രംഗത്തിറങ്ങേണ്ട ഘട്ടമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home