27 July Saturday

സ്‌ത്രീസമത്വം: സുപ്രീംകോടതി വഴികാട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


 

ലോകത്തൊരിടത്തും സ്ത്രീസമത്വം തനിയെ ഉണ്ടായിട്ടില്ല. പോരാട്ടങ്ങളിലൂടെയാണ്‌ സ്‌ത്രീകൾ തുല്യതയിലേക്ക്‌ ഓരോ ചുവടുംവച്ചത്‌. തെരുവിലിറങ്ങിയുള്ള പ്രക്ഷോഭങ്ങൾമുതൽ നിയമയുദ്ധങ്ങൾവരെ ഇതിന് ആയുധമാക്കേണ്ടി വന്നിട്ടുണ്ട്‌. ഭരണഘടനയിൽ ലിംഗസമത്വം അംഗീകരിച്ചിട്ട്‌ പതിറ്റാണ്ടുകളായെങ്കിലും ഇന്ത്യയിലിന്നും പല മേഖലകളിലും സ്‌ത്രീ–പുരുഷ തുല്യത കൈവരിക്കാനായിട്ടില്ല. പുരുഷ‌ാധിപത്യമൂല്യങ്ങൾ അടക്കിവാഴുന്ന സാമൂഹ്യാവസ്ഥയും ഭരണകൂടത്തിന്റെ സമത്വവിരോധവും ഇതിന്‌ കാരണമാകുന്നു. സർക്കാർ വകുപ്പുകളിലും പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും നേരിടുന്ന വിവേചനങ്ങൾക്കെതിരെ സ്ത്രീകൾക്ക് ശബ്ദമുയർത്തേണ്ടിവരുന്നു. അധികാരികൾ വഴങ്ങാതെ വരുമ്പോൾ കോടതിയെ സമീപിക്കേണ്ടിവരുന്നു.

ഈയൊരു പൊതുസാഹചര്യം നിലനിൽക്കുമ്പോൾ കരസേനയിൽ സ്‌ത്രീകളെ സ്ഥിരം കമീഷൻ ഓഫീസർമാരായി നിയമിക്കണം എന്ന സുപ്രീംകോടതിവിധി ചരിത്രപരമാണ്‌. വനിതാ സൈനിക ഉദ്യോഗസ്ഥരുടെ ആവശ്യം അംഗീകരിച്ചാണ്‌ ഈ വിധി. ഡൽഹി ഹൈക്കോടതിയിൽനിന്ന്‌ വനിതകൾക്ക്‌ അനുകൂലമായുണ്ടായ വിധി അസാധുവാക്കാൻ കേന്ദ്ര സർക്കാരാണ്‌ സുപ്രീംകോടതിയിലെത്തിയത്. സ്ത്രീകളെ സംബന്ധിച്ച് എത്ര പ്രതിലോമകരമായ നിലപാടാണ് ഈ സർക്കാരിനുള്ളതെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കോടതിയിൽ സർക്കാർ ഉയർത്തിയ വാദങ്ങൾ. സ്‌ത്രീകൾ പുരുഷന്മാരെക്കാൾ ദുർബലരാണെന്നും അവരെ ഇത്തരം ചുമതലകൾ ഏൽപ്പിക്കാനാകില്ലെന്നുമായിരുന്നു സർക്കാർ വാദിച്ചത്. ഇത്‌ തള്ളിയ കോടതി സർക്കാരിന്റെ ‘പഴഞ്ചൻ മനോഭാവ’ത്തെ രൂക്ഷമായാണ് വിമർശിച്ചത്. സ്‌ത്രീകളെ നിയമിക്കാൻ തടസ്സമായി സുരക്ഷാകാരണങ്ങൾ നിരത്തിയ കരസേനയുടെ വാദങ്ങളെ ‘അസംബന്ധം’ എന്നാണ്‌ സുപ്രീംകോടതി വിശേഷിപ്പിച്ചത്‌. അതായത് സ്ത്രീ–-പുരുഷ സമത്വം സംബന്ധിച്ച പ്രശ്നങ്ങൾ ഉയരുമ്പോൾ അധികാരസ്ഥാനങ്ങൾ നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകുന്നു എന്നതാണ് അവസ്ഥ.

കോടതികളുടെ സമീപനം തിരുത്തിക്കാനും പ്രക്ഷോഭങ്ങൾ വേണ്ടിവരും. സമരങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും പൊതുസമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ജുഡീഷ്യറിയിലും പ്രതിഫലിക്കും.

സുപ്രീംകോടതിപോലും കടുത്ത സ്‌ത്രീവിരുദ്ധതയുടെ നിലപാടെടുത്തിരുന്ന നാളുകൾ ഉണ്ടായിരുന്നു. 1979ൽ മഥുര കേസിലെ വിധിയിൽ ഇത്‌ പാരമ്യത്തിലെത്തി. പൊലീസുകാർ ബലാൽസംഗം ചെയ്‌ത പെൺകുട്ടി ചെറുത്തുനിന്നതായി തെളിവില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രതികളെ വിട്ടയക്കുന്ന വിധി അന്ന്‌ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ഉന്നത നീതിപീഠത്തെത്തന്നെ സ്‌ത്രീബോധത്തിന്റെ കാര്യത്തിൽ ബോധവൽക്കരിക്കേണ്ടതാണെന്ന തിരിച്ചറിവ്‌ നൽകിയ വിധിയായിരുന്നു അത്‌. ആ വിധിക്കെതിരായി ഉയർന്ന ജനരോഷം ബലാൽസംഗം സംബന്ധിച്ച നിയമംതന്നെ തിരുത്താൻ വഴിയൊരുക്കി. ബലാൽസംഗത്തിന്‌ തെളിവായി ഇരയുടെ മൊഴി മതി എന്നത്‌ നിയമമായി. കോടതികളുടെ സമീപനം തിരുത്തിക്കാനും പ്രക്ഷോഭങ്ങൾ വേണ്ടിവരും. സമരങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും പൊതുസമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ജുഡീഷ്യറിയിലും പ്രതിഫലിക്കും.

ലിംഗസമത്വം സംബന്ധിച്ച 1979ലെ കാഴ്‌ചപ്പാടിൽനിന്ന്‌ സുപ്രീംകോടതി ഏറെ മുന്നോട്ടുപോയി എന്ന്‌ വ്യക്തമാക്കുന്ന ഒട്ടേറെ വിധികൾ പിൽക്കാലത്തുണ്ടായി. സ്‌ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെയുണ്ടായ പല കേസിലും സ്‌ത്രീകൾക്കനുകൂലമായ വിധികളുണ്ടായി. ശബരിമല പ്രവേശനവിധിയും ഉയർത്തിപ്പിടിച്ചത്‌ സ്ത്രീകൾക്ക് തുല്യത എന്ന കാഴ്‌ചപ്പാടാണ്‌. സ്വവർഗ ലൈംഗികതപോലുള്ള വിഷയങ്ങളിലും പുരോഗമനപരമായ സമീപനം കോടതിയിൽ നിന്നുണ്ടായി. ഈ വിധികളൊക്കെ 70 കൊല്ലംമുമ്പ്‌ ഭരണഘടന അംഗീകരിച്ച അടിസ്ഥാനതത്വങ്ങൾ നടപ്പാക്കാനുള്ളതാണെന്നത്‌ കാണാതിരുന്നുകൂടാ. അതായത്‌ ഭരണഘടന ഉറപ്പുനൽകുന്ന സ്‌ത്രീ–-പുരുഷ സമത്വം നടപ്പാക്കിക്കിട്ടാൻ സ്‌ത്രീക്ക്‌ ഇന്നും കോടതി കയറേണ്ടിവരുന്നു എന്നർഥം.

ദീർഘമായ പരിശോധനയ്‌ക്കുശേഷം ഒരു ഭരണഘടനാ ബെഞ്ചെത്തുന്ന നിഗമനങ്ങൾപോലും  വീണ്ടും പരിശോധിക്കപ്പെടുന്ന സ്ഥിതിവരുന്നു. മിക്കപ്പോഴും ഭരിക്കുന്ന സർക്കാരിന്റെ താൽപ്പര്യപ്രകാരമാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

സ്‌ത്രീസമത്വത്തിനായുള്ള ചരിത്രവിധി എന്നതുപോലെതന്നെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സുപ്രീംകോടതി നടത്തിയ മറ്റൊരു കാൽവയ്‌പുകൂടിയാണ്‌ ഈ വിധി. ഭരണഘടനാ മൂല്യങ്ങൾ ഒന്നൊന്നായി ചവിട്ടിമെതിക്കപ്പെടുന്ന ഇക്കാലത്ത്‌ ഇത്തരം വിധികൾ അതീവ പ്രാധാന്യമുള്ളവയാണ്‌. ഭരണഘടനയിലെ പ്രഖ്യാപനങ്ങൾ വെറും വാക്കല്ലെന്ന്‌ തെളിയിക്കാൻ ഈ വിധികൾ ആവശ്യമാണ്‌. എന്നാൽ, അന്തിമമെന്ന്‌ തോന്നിപ്പിക്കുന്ന സുപ്രീംകോടതി വിധികൾപോലും പുനഃപരിശോധിക്കുന്ന പുതിയൊരു നീതിന്യായ രീതി ഇന്ന്‌ നിലവിലുണ്ട്‌. നിയമവിദഗ്‌ധർതന്നെ ഇതിലെ അപകടം ചൂണ്ടിക്കാട്ടുന്നുണ്ട്‌. ദീർഘമായ പരിശോധനയ്‌ക്കുശേഷം ഒരു ഭരണഘടനാ ബെഞ്ചെത്തുന്ന നിഗമനങ്ങൾപോലും  വീണ്ടും പരിശോധിക്കപ്പെടുന്ന സ്ഥിതിവരുന്നു. മിക്കപ്പോഴും ഭരിക്കുന്ന സർക്കാരിന്റെ താൽപ്പര്യപ്രകാരമാണ്‌ ഇത്‌ സംഭവിക്കുന്നത്‌.

കരസേനയിലെ നിയമനം സംബന്ധിച്ച കേസിലെ ഇപ്പോഴത്തെ വിധി ഇത്തരം കുടുക്കുകളിൽ പെടില്ലെന്ന്‌ പ്രത്യാശിക്കാം. അതുപോലെ സേനയുടെ മറ്റ്‌ വിഭാഗങ്ങളിൽ സ്‌ത്രീകൾക്കെതിരെ നിലനിൽക്കുന്ന വിവേചനങ്ങൾക്ക്‌ അന്ത്യം കുറിക്കാനും ഈ വിധി മാർഗരേഖയാകുമെന്ന്‌ കരുതാം. സർക്കാരിന് എതിരായി വരുന്ന ഓരോ വിധിയും എങ്ങനെ നടപ്പാക്കാതിരിക്കാം എന്ന്  എല്ലാ മാർഗവും ഉപയോഗിച്ച് പരിശ്രമം നടത്തുന്നവരാണ്  ഭരിക്കുന്നത് എന്നത് മറന്നുകൂടാ. അതുകൊണ്ട് സമത്വത്തിൽ ഊന്നിയ ഈ വിധിയും അട്ടിമറിക്കാൻ  അവർ ശ്രമിക്കും. അതിനെതിരായും പൊതുസമൂഹം ജാഗ്രത പുലർത്തേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top