13 September Friday

വിനോദസഞ്ചാരത്തിന്‌ 
പുത്തനുണർവാകും 
സൂ സഫാരി പാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


തിരുവനന്തപുരം ആസ്ഥാനമായ  മ്യൂസിയം-– -മൃഗശാല വകുപ്പിന്റെ കീഴിൽ കേരളത്തിലെ ആദ്യ സൂ സഫാരി പാർക്ക് തളിപ്പറമ്പ്– --ആലക്കോട് സംസ്ഥാന പാതയോരത്തെ പ്രകൃതിമനോഹരമായ നാടുകാണിയിൽ സ്ഥാപിക്കുകയാണ്. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ ലോകപ്രശസ്‌ത വാസ്‌തുവിദ്യ–- മൃഗശാല വിദഗ്‌ധരുടെ സഹായങ്ങൾ തേടും. സ്ഥലം എംഎൽഎ എം വി ഗോവിന്ദൻ ഏതാനും വർഷങ്ങളായി മുന്നോട്ടുവയ്‌ക്കുന്ന പദ്ധതിയാണത്‌. പലനിലയിൽ അതിനായി കടലാസുകൾ നീക്കുകയും ചർച്ചകൾ നടത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ  മുൻകൈയിലും സാന്നിധ്യത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി വിളിച്ചുചേർത്ത വകുപ്പുമന്ത്രിമാരുടെ  കൂടിയാലോചനയിലാണ്‌ ഏതാണ്ടെല്ലാ കുരുക്കുകളും അഴിഞ്ഞത്‌. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ പങ്കെടുത്തു.

മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്ത്‌ പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുണ്ട്. ആവശ്യമായ ഭൂമി  മ്യൂസിയം-– -മൃഗശാലാ വകുപ്പിന്‌ രേഖാപരമായി കൈമാറിയാൽ സർവേ ഏറ്റെടുക്കുകയും ഏജൻസികളെ ചുമതലയേൽപ്പിച്ച്‌ വിശദ പദ്ധതിരേഖ തയ്യാറാക്കുകയുമാണ്‌ ആദ്യ പടി. ഡൽഹിയിൽനിന്ന്‌ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുകയും വേണം. സൂ സഫാരി പാർക്കിന്‌  മൃഗങ്ങളെയും വിചിത്ര ജീവികളെയും സംസ്ഥാനത്തെ തിരുവനന്തപുരം–- തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാം. കൂടാതെ, കൈമാറ്റ സംവിധാന (ബാർട്ടർ വ്യവസ്ഥ) ത്തിലൂടെ രാജ്യത്തെ പ്രശസ്‌തങ്ങളായ ഇതര മൃഗശാലകളിൽനിന്ന്‌ എത്തിക്കാനുമാകും. അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറുന്ന സൂ സഫാരി പാർക്കിന്‌ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള  ഇരുനൂറ്റിയമ്പതിലധികം ഏക്കർ ഭൂമി വിട്ടുനൽകും. കൃഷി വകുപ്പ് റവന്യു വകുപ്പിന്‌ അനുവദിക്കുന്ന ഭൂമി ഉടൻ മ്യൂസിയം-– -മൃഗശാല വകുപ്പിനു കൈമാറി റവന്യു വിഭാഗം ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. വിനോദസഞ്ചാര മേഖലയിൽ വൻമുതൽക്കൂട്ടാകുന്നതിനാൽ അതിവേഗം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. നാടുകാണി എസ്‌റ്റേറ്റിലെ പ്രകൃതിസമ്പത്ത്‌ അനുകൂല ഘടകമാണ്‌. അത്‌ പരമാവധി പ്രയോജനപ്പെടുത്തും.

തലസ്ഥാനത്തും  തൃശൂരിലും  മൃഗശാലകളുണ്ടെങ്കിലും കേരളത്തിൽ സഫാരി പാർക്കുകൾ ഇല്ല. സ്വാഭാവികമായ പ്രകൃതിദത്ത പശ്‌ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈരവിഹാരം നടത്താനാകുംവിധമായിരിക്കും പുതിയതിന്റെ പൂർത്തീകരണം. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. അനുബന്ധമായി വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയായ ബോട്ടാണിക്കൽ ഗാർഡൻ, ജലം പാഴാക്കാതെ സംഭരിക്കാൻ കൂറ്റൻ മഴവെള്ള സംഭരണി, പ്രകൃതിദത്ത  ചരിത്ര മ്യൂസിയം, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത്‌ തുടങ്ങിയവയുമുണ്ടാകും. മൃഗങ്ങളെപ്പറ്റി അടുത്ത്‌ മനസ്സിലാക്കാൻ സൗകര്യമൊരുക്കും. തുടർന്നാകും സഫാരി. സ്വാഭാവിക വനാന്തരീക്ഷത്തിൽ തുറന്ന കൂടുകളിലാകും മൃഗങ്ങൾ.     

ഭൂമി കൈമാറ്റം നടന്നതോടെ നാടുകാണിയിലെ സൂ സഫാരി പാർക്ക്‌ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേഗമേറി. സർവേ ഉടൻ പൂർത്തിയാക്കി വിശദ ഡിപിആർ തയ്യാറാക്കും. പ്ലാന്റേഷൻ കോർപറേഷന്റെ 256 ഏക്കർ ഭൂമി റവന്യു വകുപ്പിന്‌ കൈമാറിയത്‌ 10 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പിന് വിട്ടുനൽകും. അതോടെ സർവേ നടപടി ആരംഭിക്കും. പ്ലാന്റേഷൻ കോർപറേഷന്റെ  ഉടമസ്ഥതയിൽ നാടുകാണിയിൽ ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിലായി 300 ഏക്കർ സ്ഥലമാണുള്ളത്. ജൈവവൈവിധ്യങ്ങളാൽ സമ്പന്നം. പ്രകൃതി സംരക്ഷിച്ചും പക്ഷിമൃഗാദികൾക്ക്‌ ആവാസവ്യവസ്ഥ ഒരുക്കിയുമാണ്‌ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയുടെയും പാർക്കിന്റെയും രൂപകൽപ്പന. മലബാറിലെ ടൂറിസംരംഗത്ത് വലിയ മുതൽക്കൂട്ടാകുന്ന സഫാരി പാർക്ക് വേഗം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന എം വി ഗോവിന്ദൻ എംഎൽഎയുടെ വാക്കുകൾ പ്രതീക്ഷാനിർഭരമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top