കണ്ണൂര്‍ വാരിയേഴ്‌സ് ഇന്ന് കൊമ്പന്‍സിനെതിരെ

കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍
കണ്ണൂർ
സൂപ്പര്‍ ലീഗ് കേരളയില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. ശനി രാത്രി 7.30ന് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആറാം മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. ഇരുവരും ഈ സീസണില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തിരുവനന്തപുരം കൊമ്പന്‍സ് വിജയിച്ചിരുന്നു. അവസാനം കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഇറക്കം. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിജയിച്ച് പോയിന്റ് നേടാനാകും കണ്ണൂരിന്റെ ശ്രമം. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കണ്ണൂരിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കണം. ടീം മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ആക്രമണവും പ്രതിരോധവും ഫോമിലല്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മാത്രം നിരവധി അവസരങ്ങള്‍ ലഭിച്ച ടീമിന് ഗോളൊന്നും നേടാനായിരുന്നില്ല. അതോടൊപ്പം പ്രതിരോധത്തിലെ പാളിച്ചകളും തിരിച്ചടിയാണ്. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കൊമ്പന്‍സിനും വിജയം ആവശ്യമാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊമ്പന്‍സിന് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. രണ്ട് മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിക്കുകയുംചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കണ്ണൂരിനെ പരാജയപ്പെടുത്തിയതിന്റെ കരുത്തുണ്ട്. സൂപ്പര്‍ ലീഗ് കേരള കിരീടം നേടിയ പരിശീലകന്‍ ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ തന്നെയാണ് കൊമ്പന്‍സിന്റെ ബലം. സൂപ്പര്‍ ലീഗിലെ തന്നെ പരിചയസമ്പന്നന്‍ ബ്രസീലിയന്‍ താരം പാട്രിക് മോട്ടയും വി അര്‍ജുനു. കഴിഞ്ഞ വര്‍ഷം കണ്ണൂരിനായി കുപ്പായമണിഞ്ഞ ടി ഷിജിനും എസ് ഗോകുലും ഇത്തവണ കൊമ്പന്‍സിനൊപ്പമാണ്.









0 comments