Deshabhimani

അങ്കണവാടിക്ക് ഭീഷണിയായി കാലപ്പഴക്കംചെന്ന കെട്ടിടം

Anganwadi

ഇലഞ്ഞി അന്ത്യാൽ അങ്കണവാടിയോട് ചേർന്ന് ഇടിഞ്ഞുവീഴാറായ കെട്ടിടം (പുറകിൽ കാണുന്നത് അങ്കണവാടി)

വെബ് ഡെസ്ക്

Published on Oct 31, 2026, 02:28 AM | 1 min read

കൂത്താട്ടുകുളം


ഇലഞ്ഞി അന്ത്യാൽ അങ്കണവാടിക്കുസമീപം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള പഴയ കെട്ടിടം പിഞ്ചുകുട്ടികൾക്ക് ഭീഷണിയാകുന്നു. 11 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ അതേ കോമ്പൗണ്ടിലാണ് കാലപ്പഴക്കംമൂലം ശോച്യാവസ്ഥയിലായ കെട്ടിടം സ്ഥിതിചെയ്യുന്നത്. അങ്കണവാടിയിലേക്കുള്ള കുട്ടികളുടെ യാത്ര ഈ കെട്ടിടത്തിന് മുന്നിലൂടെയാണ്. മഴ പെയ്യുമ്പോൾ കെട്ടിടം ഇടിഞ്ഞുവീഴുമോയെന്ന കടുത്ത ആശങ്കയിലാണ് ജീവനക്കാരും രക്ഷിതാക്കളും.


കുട്ടികൾ കെട്ടിടത്തിന് സമീപത്തേക്ക് ഓടിപ്പോകാതിരിക്കാൻ ജീവനക്കാർക്ക് സദാസമയവും ജാഗ്രതപുലർത്തേണ്ട അവസ്ഥയാണ്. റോഡിൽനിന്ന് ഈ കെട്ടിടത്തിന് സമീപത്തുകൂടി നടന്നുവേണം അങ്കണവാടിയിലെത്താൻ. 1981-ൽ പണിത ക്രഷിന്റെ കെട്ടിടമാണ് ജീർണാവസ്ഥയിലുള്ളത്. ജയ്‌ഹിന്ദ്‌ മഹിളാസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ക്രഷ് 2018-ഓടെയാണ് നിർത്തിയത്.


ശീമാംകുന്നേൽ സ്‌കറിയ മഹിളാസമാജത്തിന് ദാനമായി നൽകിയ 12 സെന്റിലാണ് പഴയ കെട്ടിടമുള്ളത്. ഈ സ്ഥലത്തുനിന്ന് ആറരസെന്റ് 2000 ജനുവരിയിൽ അങ്കണവാടിക്ക് വിട്ടുനൽകി. പഴയ കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടാത്തതിനാലാണ് പൊളിച്ചുനീക്കാനാകാത്തതെന്ന് അധികൃതർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home