Deshabhimani

താഴത്തങ്ങാടിയിൽനിന്ന്‌ 
തിരുനക്കരയിലേക്ക്‌

kottayakam

താഴത്തങ്ങാടി തെരുവ്‌, മീനച്ചിലാർ (ഫയൽച്ചിത്രം)

വെബ് ഡെസ്ക്

Published on Oct 31, 2026, 03:26 AM | 1 min read

കോട്ടയം ‘കോട്ടയകം’ എന്നതിൽനിന്നാണ്‌ കോട്ടയം എന്ന പേരിന്റെ തുടക്കം. കോട്ടയം വലിയപള്ളിക്കായി അന്നത്തെ തെക്കുംകൂർ രാജാവായ ആദിത്യവർമ ഭൂമി നൽകിയതിന്റെ പ്രമാണത്തിൽ "കോട്ടയകം’ എന്നാണ്‌ സ്ഥലനാമം രേഖപ്പെടുത്തിയിരുന്നത്‌. തളിയന്താനപുരം എന്ന പേരിലായിരുന്നു പഴയ കോട്ടയം അറിയപ്പെട്ടിരുന്നത്. തെക്കുംകൂർ രാജവംശത്തിന്റെ ഭരണതലസ്ഥാനം തളിയന്താനപുരം എന്നറിയപ്പെട്ടിരുന്ന തളിയിൽകോട്ടയായിരുന്നു. തളിയിൽ ക്ഷേത്രത്തിന് സമീപത്തായി പണിതുയർത്തിയ കൊട്ടാരങ്ങൾക്കും ഭരണകാര്യാലയങ്ങൾക്കും സംരക്ഷണമായി തളിയിൽകുന്നിന്റെ ചുറ്റിലുമായി ചെങ്കല്ലുപയോഗിച്ച് കോട്ട കെട്ടിയുണ്ടാക്കി. തെക്കുംകൂറിലെ മറ്റ്‌ പ്രദേശങ്ങളിൽനിന്ന് ഭരണതലസ്ഥാനത്തേക്ക് വരുന്നവർ കോട്ടയുടെ അകം എന്ന അർഥത്തിൽ തെക്കുംകൂർ രാജധാനിയെ കോട്ടയകം എന്ന്‌ വിളിച്ചിരുന്നു. പതിയെപ്പതിയെ കോട്ടയ്ക്ക്‌ പുറത്തുള്ള താഴത്തങ്ങാടിയും വലിയങ്ങാടിയും പുത്തനങ്ങാടിയും കാരാപ്പുഴയും വേളൂരുമൊക്കെ കോട്ടയകത്തിന്റെ ഭാഗമാകുകയാരുന്നെന്ന്‌ പ്രാദേശിക ചരിത്രകാരനായ പള്ളിക്കോണം രാജീവ്‌ പറഞ്ഞു. തെക്കുംകൂറുകാരുടെ കാലത്ത്‌ താഴത്തങ്ങാടിയായിരുന്നു പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രം. മീനച്ചിലാറിലൂടെയായിരുന്നു ചരക്കുകടത്ത്‌. തിരുവിതാംകൂർ സൈന്യം തളിയിൽ കോട്ട ആക്രമിച്ച് കൊട്ടാരം നശിപ്പിച്ചതോടെയാണ് തെക്കുംകൂർ കീഴടങ്ങുന്നതും തിരുവിതാംകൂറിന്റെ ആധിപത്യത്തിലാകുന്നതും. ഭരണസ‍ൗകര്യാർഥം 1856ൽ തിരുവിതാംകൂറിനെ വടക്ക്‌, തെക്ക്‌ ഡിവിഷനുകളായി തിരിച്ചിരുന്നു. 1878ൽ ദിവാൻ പേഷ്കാർ ടി രാമറാവു വടക്കൻ ഡിവിഷന്റെ ആസ്ഥാനം ചേർത്തലയിൽനിന്ന്‌ തിരുനക്കര കേന്ദ്രീകരിച്ച്‌ കോട്ടയത്തേക്ക്‌ മാറ്റി. ഡിവിഷന്റെ പേര് കോട്ടയം എന്നായതോടെ മൂവാറ്റുപുഴമുതൽ ചെങ്ങന്നൂർവരെയും കുമളിമുതൽ കുമരകംവരെയുമുള്ള പ്രദേശത്തുള്ളവരും കോട്ടയംകാരായി. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ രൂപീകരണത്തോടെ ആ ജില്ലകളിലുള്ളവർ കോട്ടയംകാർ അല്ലാതായി. ജില്ലാ ആസ്ഥാനത്തിനുവേണ്ട സ‍ൗകര്യങ്ങൾ തിരുനക്കരയിൽ ഒരുക്കിയതും താഴത്തങ്ങാടിയിൽ പതിവായി ജലോത്സവത്തിന്‌ തുടക്കമിട്ടതും ടി രാമറാവു ആയിരുന്നു. തിരു–കൊച്ചി സംയോജന സമയത്ത്(1949) റവന്യു ഡിവിഷനുകളെ ജില്ലകളായി പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. 1949 ജൂലൈയിലാണ്‌ കോട്ടയം ജില്ല രൂപീകൃതമാകുന്നതും ദിവാന്‍‌ പേഷ്‌കാർമാരുടെ സ്ഥാനത്ത് കലക്ടര്‍മാര്‍ വരുന്നതും. 1956 നവംബർ ഒന്നിന്‌ ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിക്കപ്പെട്ടതോടെ നിലവിലുണ്ടായിരുന്ന അഞ്ച്‌ ജില്ലകളിൽ ഒന്നായി കോട്ടയവും മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home