ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

അഷ്‌റഫ്
പറവൂർ
ദാമ്പത്യ തർക്കത്തെപ്പറ്റി സംസാരിക്കാൻ ചെന്ന ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ യുവാവിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വെങ്ങോല പ്ലാവിൻചുവട് പാറപ്പുറം വീട്ടിൽ ഷാജി (49)യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പെരുമ്പാവൂർ വെങ്ങോല തച്ചയിലാൻ വീട്ടിൽ അഷ്‌റഫിനെ (43)യാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി (രണ്ട് ) ജഡ്ജി ടി ഡി ബൈജു ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയുമൊടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് മാസം അധിക തടവനുഭവിക്കണം. സംഭവത്തിനിടെ ഭാര്യയുടെ മറ്റൊരു ബന്ധുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് മൂന്ന് വർഷവും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് അഞ്ച് വർഷവും കഠിനതടവ് വേറെയുമുണ്ട്. ഇതിൽ 25,000 രൂപ പിഴയും കോടതി വിധിച്ചു. 2018 ഡിസംബർ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഷ്റഫിന്റെ പീഡനവും ശാരീരിക ഉപദ്രവവും കൂടിയതോടെ ഭാര്യ കുട്ടികളുമൊത്ത് സ്വന്തം വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് അഷ്റഫിന്റെ സഹോദരിയുടെ പെരുമ്പാവൂർ പരന്നപാറ ഭാഗത്തുള്ള വീട്ടിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കിടെയാണ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷാജി (49)യെ കുത്തി പരിക്കേൽപ്പിച്ചത്. ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷാജിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പ്ലാവിൻചുവട് വാളൂരാൻ വീട്ടിൽ കുഞ്ഞുമോൻ എന്ന അഷ്‌റഫിനെയും പ്രതി ചവിട്ടിവീഴ്ത്തി ആക്രമിച്ചു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. പെരുമ്പാവൂർ എസ്‌ഐ പി എ ഫൈസൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടറായിരുന്ന ബൈജു പൗലോസാണ്. വിസ്താരത്തിനിടെ പ്രതിഭാഗം സാക്ഷികൾ കൂറുമാറിയിരുന്നു. കുത്താൻ ഉപയോഗിച്ച കത്തിയുടെ അലക്‌ഭാഗം കണ്ടെടുക്കാനുമായില്ല. എന്നിട്ടും ശക്തമായ മറ്റു സാക്ഷിമൊഴികളുടെയും തെളിവുകളുടെയും ബലത്തിൽ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായി. പ്രോസിക്യുഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആൻഡ് ഗവ. പ്ലീഡർമാരായ എം ബി ഷാജി, എസ് രാഖി എന്നിവർ ഹാജരായി.









0 comments