print edition കമീഷന്‍ അന്വേഷിക്കണം: യുപി എസ്‌ഐആർ ക്രമക്കേടില്‍ സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Oct 31, 2026, 04:37 AM | 2 min read
ന്യൂഡൽഹി
: ഉത്തർപ്രദേശിൽ എസ്‌ഐആർ പ്രക്രിയക്കിടെ മുസ്ലീങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാൻ ഫോം ഏഴ് ഉപയോഗിച്ച് കൂട്ടപ്പരാതികൾ നൽകുന്നുവെന്ന വെളിപ്പെടുത്തലില്‍ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പരിശോധന നടത്തി വോട്ടവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള തെറ്റുതിരുത്തൽ നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ഉത്തരവിട്ടു. ക്രമക്കേടുകൾ കമീഷനെ ഹർജിക്കാരൻ അറിയിക്കണമെന്നും കമീഷൻ സ്വീകരിച്ച നടപടി കോടതിയിൽ ബോധിപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
കൂട്ടപ്പരാതി ലഭിച്ചിട്ടുണ്ടെന്ന് കോടതിയിൽ കമീഷൻ സമ്മതിച്ചു. എന്നാൽ പരിശോധനയിൽ വ്യാജപരാതിയാണെന്ന് കണ്ടെത്തിയെന്നും അവയിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് കമീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു പറഞ്ഞത്.
ഒരു മണ്ഡലത്തിൽ തന്നെ പ്രത്യേക സമുദായത്തിന്റെ വോട്ട് നീക്കാൻ 32 പരാതികൾ നൽകിയെന്ന് യുപിയിലെ എസ്‌ഐആറിനെ ചോദ്യം ചെയ്യുന്നവർക്കായി ഹാജരാകുന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിഎൽഒ ഒപ്പിട്ട രണ്ട് ഫോമുകൾ ഇക്കൂട്ടത്തിലുണ്ട്. തെലങ്കാന, കർണാടക എന്നിവയിടങ്ങളിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് പരാതികൾ നൽകിയതിൽ കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ക്രമക്കേടുകളിൽ കമീഷൻ അന്വേഷണം നടത്തണമെന്ന് ബെഞ്ച് ഉത്തരവിടുകയായിരുന്നു.
ന്യൂനപക്ഷ വോട്ടുകൾ വ്യാപകമായി പരാതി നൽകി ഇല്ലാതാക്കിയെന്ന് യുപിയിലെ മുഖ്യപ്രതിപക്ഷ പാർടിയായ സമാജ്‌വാദി പാർടി ആരോപിച്ചിരുന്നു. വിവാദമായതോടെ സുൽത്താൻപൂർ ജില്ലയിലെ ഗോസൈൻഗഞ്ചിൽ ന്യൂനപക്ഷ സമുദായംഗങ്ങളുടെ പേരുകൾ നീക്കാൻ പരാതി നൽകിയവർക്കെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേസെടുക്കാൻ ആവശ്യപ്പെട്ടു.
താരബ്ഗഞ്ച്, പിലിഭിത്ത് മണ്ഡലങ്ങളിൽ മാത്രം നീക്കാൻ ആവശ്യപ്പെട്ട 90 ശതമാനം പേരുകളും മുസ്‌ലീങ്ങളുടേതാണെന്ന് ‘റിപ്പോർട്ടേഴസ് കലക്‌ടീവ്’ നടത്തിയ അന്വേഷണത്തിലും കണ്ടെത്തി. 4.3 ലക്ഷം ഫോമുകളാണ് ഇത്തരത്തിൽ നൽകിയത്. കമീഷൻ തന്നെ സ്വയം നോട്ടീസ് സൃഷ്‌ടിച്ച് 87,127 പേരെയാണ് നീക്കിയത്. അന്തിമതീയതിക്ക് ശേഷവും 1,10,476 ഒഴിവാക്കൽ ഫോമുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
എസ്‌ഐആർ നടപടികൾ നീട്ടി
ന്യൂഡൽഹി
: ഡൽഹിയിലെ എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കുന്ന തീയതി നീട്ടി തെരഞ്ഞെടുപ്പ് കമീഷൻ. ഇതേ അപേക്ഷകൾ സമർപ്പിക്കുന്നതിന് തെലങ്കാന, നാഗാലാൻഡ്, മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ്, ഹരിയാന എന്നിവടങ്ങളിൽ വീണ്ടും അവസരം നൽകാനും കമീഷൻ തീരുമാനിച്ചു. എസ്‌ഐആർ പ്രക്രിയയിലെ സുപ്രീംകോടതി ഇടപെടലിനെത്തുടർന്നാണ് നടപടി. ഡൽഹിയിൽ ഡിസംബർ 22 വരെയും മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ നവംബർ 30 വരെയും അപേക്ഷകൾ സമർപ്പിക്കാം.വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഡൽഹിയിലെ 47.5 ലക്ഷത്തോളം വോട്ടർമാരുടെ വിവരങ്ങൾ വീട് കയറി പുനഃപരിശോധിക്കാനും കമീഷൻ തീരുമാനിച്ചു.









0 comments