print edition തെളിഞ്ഞത് ഐക്യപോരാട്ടത്തിന്റെ ശക്തി: ജാമിയയിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് എസ്എഫ്ഐ


സ്വന്തം ലേഖകൻ
Published on Oct 31, 2026, 05:23 AM | 1 min read
ന്യൂഡൽഹി
: വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാർഥികൾ നേടിയത് ചരിത്ര വിജയം. ഐക്യപോരാട്ടത്തിന്റെ ശക്തിയാണ് സമരം വിജയം കണ്ടതിലൂടെ തെളിഞ്ഞതതെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
മറ്റ് സംഘടനകളോടൊപ്പം എസ്‌എഫ്‌ഐ പ്രക്ഷോഭത്തില്‍ തുടക്കം മുതൽ സജീവമായി പങ്കെടുത്തു. യൂണിറ്റ് കമ്മിറ്റി അംഗം അബുസാർ നിരാഹാരമിരുന്നു. നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.
അധികാരത്തിലെത്തിയത് മുതൽ മോദി സർക്കാർ ജാമിയ മിലിയയേയും വിദ്യാർഥികളെയും തുടർച്ചയായി ലക്ഷ്യം വെച്ചു. പൊലീസിനേയും മറ്റ് സേനകളേയും ഉപയോഗിച്ച് ജനാധിപത്യ ശബ്‌ദത്തെ അടിച്ചമർത്തി. സർവകലാശാല അധികൃതർ വിദ്യാർഥികൾക്കെതിരെ ഏകപക്ഷീയമായി അച്ചടക്ക നടപടികളുമെടുത്തു. വിദ്യാർഥി സമരങ്ങൾക്ക് ബിജെപിയും ആർഎസ്‌എസും വർഗീയനിറം നൽകി. വിയോജിപ്പ് രേഖപ്പെടുത്തുന്ന അധ്യാപകരെ സംഘപരിവാർ ലക്ഷ്യം വെക്കുകയും ദ്രോഹിക്കുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തെ ആക്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്ന് ഉയരുന്ന അസംതൃപ്‌തി കൂടിയാണ് സമരത്തിലൂടെ പ്രതിഫലിച്ചത്.
രാജ്യമാകമാനമുള്ള കാന്പസുകളിൽ ജനാധിപത്യവും വിദ്യാർഥി യൂണിയനും പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് എസ്‌എഫ്‌ഐ നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.
ഹിമാചൽ പ്രദേശ്, ജാദവ്‌പൂർ, ഷെഖാവതി എന്നീ സർവകലാശാലകളിൽ വലിയ സമരങ്ങൾ ഏറ്റെടുത്തു. അലിഗസിഡ് മുസ്ലീം സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്നതിന് കാരണമായ സമരത്തിലും എസ്‌എഫ്‌ഐ സജീവമായിരുന്നു. തമിഴ്‌നാട്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും തുടച്ചയായി സമരങ്ങൾ നയിച്ചു. കാന്പസുകളിൽ ജനാധിപത്യം തുടരുമെന്ന് ഉറപ്പാക്കാനുള്ള പേരാട്ടത്തിൽ എസ്‌എഫ്‌ഐ തുടരുമെന്നും കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.








0 comments