print edition ഉദ്യോഗസ്ഥ വീഴ്ചയിൽ അന്വേഷണമില്ല: റേഷൻ കടകളിൽ 7166 കിലോ മോശം അരി

സ്വന്തം ലേഖിക
Published on Oct 31, 2026, 05:41 AM | 1 min read
തിരുവനന്തപുരം:
റേഷൻ കടകളിൽനിന്ന് 7166 കിലോ മോശം അരി പിടിച്ചെടുത്തതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ വ്യാപക തിരിമറി. സംഭവത്തിൽ ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണവും വഴിമുട്ടി. കൊല്ലത്തെ രണ്ട് റേഷൻ കടകളിൽ നിന്നായി പിടിച്ചെടുത്ത അരിയുടെ പരിശോധനയിലാണ് തിരിമറിയുണ്ടായത്. ജൂലായ് 13ന് സപ്ലൈകോ പുനലൂർ ഡിപ്പോ ക്വാളിറ്റി കൺട്രോൾ ജനറൽ മാനേജറാണ് അരി കാലിത്തീറ്റയ്ക്ക് മാത്രമേ ഉപയോഗിക്കാനാവൂ എന്ന ആദ്യ റിപ്പോർട്ട് നൽകിയത്.
എന്നാൽ ആഗസ്ത് 10ന് നടന്ന രണ്ടാം പരിശോധനയിൽ റിപ്പോർട്ട് മാറിമറിഞ്ഞു. ആദ്യ റിപ്പോർട്ട് നൽകിയ അതേ ക്വാളിറ്റി കൺട്രോൾ ജനറൽ മാനേജർ അരിയിൽ 4850 കിലോ മില്ലിൽ യന്ത്രസഹായത്തോടെ വൃത്തിയാക്കിയാൽ ഉപയോഗിക്കാമെന്ന് തിരുത്തി. ഉന്നത ഇടപെടലിലാണ് റിപ്പോർട്ട് മാറിയെന്ന ആക്ഷേപം നിലനിൽക്കെ പത്തനംതിട്ട തിരുവല്ല കുന്നന്താനത്തെ മില്ലിൽ അരി വൃത്തിയാക്കാനും നൽകി.
മില്ലിൽ നിന്ന് തിരികെയെത്തിച്ച അരി റേഷൻ കടകളിൽ ഇറക്കാനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞതോടെ സപ്ലൈകോയുടെ ഗോഡൗണിൽ എത്തിച്ച് പരിശോധിച്ചു.
സപ്ലൈകോ ക്വാളിറ്റി കൺട്രോൾ വിഭാഗം ജില്ലാ സപ്ലൈ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലാണ് അരി ഉപയോഗിക്കാൻ കൊള്ളില്ലെന്ന് കണ്ടെത്തിയത്.
ഇതോടൊപ്പം വൃത്തിയാക്കാൻ നൽകിയ 4850 കിലോ അരിയിൽ 2750 കിലോയുടെ കുറവും കണ്ടെത്തി. പച്ചരിയും പുഴുക്കലരിയും കുത്തരിയും കൂട്ടി കലർത്തിയ നിലയിലാണ് തിരികെ എത്തിച്ചത്. മില്ലിൽ നിന്നോ പരിശോധനയ്ക്ക് കൊടുത്തയച്ചിടത്ത് നിന്നോ തിരിമറി ഉണ്ടായതായാണ് സൂചന. ഗോതമ്പിന്റെ തരിയും തിരികെയെത്തിച്ച ലോഡിൽ കണ്ടെത്തിയതോടെ വിഷയത്തിൽ ഗുരുതര അനാസ്ഥ വെളിപ്പെട്ടു. റേഷൻകട ലൈസൻസി സസ്പെൻഡ് ചെയ്താണ് വിഷയത്തിൽനിന്ന് മന്ത്രി തലയൂരിയത്. റിപ്പോർട്ട് തയ്യാറാക്കിയതിലെ വീഴ്ച പരിശോധിക്കാനോ, ഉന്നത ഇടപെടൽ നടന്നോയെന്നത് കണ്ടെത്താനോ നടപടി
യില്ല.







0 comments