Deshabhimani

ജനാധിപത്യത്തിനായി 'ഇന്ത്യ': ഇന്ന്‌ ജനകീയവിചാരണ, നാളെ മഹാറാലി

INDIA.jpg

ഇന്ത്യ കൂട്ടായ്മ സംഘടിപ്പിക്കുന്ന മഹാറാലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ രാംലീല മെെതാനിയിലെത്തിയ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം മറിയം ധാവ്‌ളെ, കേന്ദ്ര കമ്മിറ്റി അംഗം എ ആർ സിന്ധു, വി ശിവദാസൻ എംപി, ജനറൽ സെക്രട്ടറി എം എ ബേബി, എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, 
ജോൺ ബ്രിട്ടാസ് എംപി എന്നിവർ

വെബ് ഡെസ്ക്

Published on Oct 31, 2026, 06:38 AM | 1 min read

ന്യൂഡൽഹി: പതിമൂന്ന്‌ കോടിയിലേറെ പേരുടെ വോട്ടവകാശം കവർന്ന മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷം. ശനിയാഴ്‌ച കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ജനകീയ വിചാരണയിൽ ഇന്ത്യാ കൂട്ടായ്‌മ ഗ്യാനേഷ്‌ കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച്‌ചെയ്യും. ഞായറാഴ്‌ച ഡൽഹി രാംലീല മൈതാനിലെ മഹാറാലിയിൽ പത്തുലക്ഷം പേർ അണിനിരക്കും.


ജനകീയ വിചാരണ വെള്ളിയാഴ്‌ചയാണ്‌ തീരുമാനിച്ചെതെങ്കിലും കനത്ത മഴ കാരണം ശനിയാഴ്‌ചത്തേക്ക്‌ മാറ്റാൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ കൂട്ടായ്‌മ യോഗം തീരുമാനിക്കുകയായിരുന്നു. പകൽ മൂന്നരയ്‌ക്ക്‌ ഖാർഗെയുടെ വസതിയിലാണ്‌ പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌. മുൻ സ്‌പീക്കർ മീരാ കുമാർ നടപടി നിയന്ത്രിക്കും. ഗ്യാനേഷ്‌ കുമാറിനെതിരെ പ്രമേയം ഖാർഗെ അവതരിപ്പിക്കും. തുടർന്ന്‌ നേതാക്കൾ ഗ്യാനേഷ്‌ കുമാറിനെ വിചാരണചെയ്യും. എസ്‌ഐആറിൽ വോട്ടവകാശം നഷ്‌ടമായവരും പ‍ൗരസമൂഹ പ്രതിനിധികളും സംസാരിക്കും. പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.


ഡൽഹി ചലോ റാലിയിൽ പങ്കെടുക്കാൻ ശനിയാഴ്‌ച മുതൽ പ്രക്ഷോഭകരെത്തും. ഹരിയാന, രാജസ്ഥാൻ, യുപി, പഞ്ചാബ്‌, ഹിമാചൽ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ നിന്നാകും കൂടുതൽ പേർ. രാജസ്ഥാനിൽനിന്നും ഹരിയാനയിൽനിന്നും ലക്ഷം പേർ വീതം അണിനിരക്കും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കൾ വെള്ളിയാഴ്‌ച രാംലീല മൈതാനം സന്ദർശിച്ച്‌ ഒരുക്കം വിലയിരുത്തി. ഇടതുപക്ഷ പാർടികളെ പ്രതിനിധീകരിച്ച്‌ പതിനായിരങ്ങൾ റാലിയിൽ അണിചേരും.


റാലി തടയാനും അലങ്കോലപ്പെടുത്താനുമുള്ള ശ്രമത്തിലാണ്‌ കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഡൽഹിയിലെത്താനുള്ള പ്രത്യേക ട്രെയിനുകൾക്കുള്ള അപേക്ഷ റെയിൽവെ നിരസിച്ചു. റോഡുമാർഗം ആളെത്തുന്നത്‌ തടയാനും ശ്രമമുണ്ട്. ഡൽഹിയുടെ അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home