നോളൻ സിനിമകളുടെ സൗന്ദര്യാത്മകത

ഷെറീൻ വിജയൻ
Published on Oct 31, 2026, 07:55 AM | 2 min read
തിരശ്ശീലയിൽ അരങ്ങേറുന്ന സംഭവത്തിനപ്പുറം പ്രേക്ഷകന്റെ മനസ്സിൽ മായാതെ തുടരുന്ന അനുഭവവും ചിന്തയുമാണ് സിനിമയുടെ മഹത്വം. സിനിമയെ കഥ പറയാനുള്ള മാധ്യമമായി കാണാതെ, പ്രേക്ഷകൻ അതിന്റെ അർഥം തേടിയിറങ്ങേണ്ട കടങ്കഥയായി സമീപിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. സങ്കീർണമായ ആശയങ്ങളെ ബൗദ്ധികവ്യായാമങ്ങളാക്കി മാറ്റാതെ, അവയെ ദൃശ്യാനുഭവങ്ങളാക്കി രൂപപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവ് Memento, The Prestige, Inception, Interstellar, Dunkirk എന്നീ അഞ്ചു ചിത്രങ്ങളിലൂടെ പ്രത്യേകമായി വായിച്ചെടുക്കാം.
ഓർമയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന മെമന്റോ
വിപരീത കാലക്രമത്തിലുള്ള കഥപറച്ചിലാണ് മെമന്റോയുടെ അസാധാരണത്വം. നായകനായ ലിയൊണാർഡ് ഷെൽബിക്ക് മുമ്പ് സംഭവങ്ങളുടെ പൊരുളിലേക്കെത്താൻ പ്രേക്ഷകനെ പ്രാപ്തനാക്കുന്ന ആഖ്യാനരീതി. പുതിയ ഓർമകൾ ദീർഘകാലം മനസ്സിൽ സൂക്ഷിക്കാൻ കഴിയാത്ത ലിയൊണാർഡ്, തന്റെ ഭാര്യയുടെ കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. എന്നാൽ, ആ അന്വേഷണത്തിലൂടെ നോളൻ പ്രേക്ഷകനെ എത്തിക്കുന്നത് ഓർമയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ലോകത്തേക്കാണ്.
അസാധാരണ കഥാകൃത്ത് വെളിപ്പെടുന്ന സന്ദർഭങ്ങളിലൊന്നാണ് സിനിമയിലെ മറ്റൊരു കഥാപാത്രമായ സാമിയുടെയും പ്രമേഹബാധിതയായ ഭാര്യയുടെയും സമാന്തരകഥ. ഓർമയുടെ അപര്യാപ്തത മനുഷ്യജീവിതത്തെ എത്രത്തോളം ദാരുണമായി തകർത്തുകളയാമെന്നതിന്റെ ഹൃദയഭേദകമായ ആവിഷ്കാരമാണ് ഈ ഉപകഥ.
ദ പ്രസ്റ്റിജ്: മായാജാലത്തേക്കാൾ വലിയ മായ
മനുഷ്യന്റെ മായാജാലത്തിൽ വിശ്വസിക്കാനുള്ള ആഗ്രഹത്തെ പരിശോധിക്കുന്ന ചിത്രമാണ് ദ പ്രസ്റ്റിജ്. മാന്ത്രികരായ ആൻജിയറും ആൽഫ്രഡ് ബോർഡനും മികവിനായി പരസ്പരം പോരാടുമ്പോൾ, പ്രേക്ഷകനും മായാജാലത്തിന്റെ ഭാഗമായിത്തീരുന്നു. കൺമുന്നിലുള്ള സത്യത്തെ അവഗണിച്ച്, തങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന സൂചനകളുടെ പിന്നാലെയാണ് നോളൻ പ്രേക്ഷകനെയും കൂട്ടിക്കൊണ്ടുപോകുന്നത്. ടെസ്ലയുടെ ടെലിപോർട്ടേഷനും മനുഷ്യന്റെ പകർപ്പുസൃഷ്ടിയും സംബന്ധിച്ച പരീക്ഷണം അവതരിപ്പിക്കുന്ന വിഖ്യാതരംഗത്തിൽ, മായികമായ ദൃശ്യപശ്ചാത്തലവും താളം മുറുകുന്ന സംഗീതവും ചേർന്ന് നോളൻ ശാസ്ത്രത്തിനും മായാജാലത്തിനുമിടയിലെ അതിർത്തി മായ്ച്ചുകളയുന്നു. മുന്നിൽ അരങ്ങേറുന്നത് ശാസ്ത്രമാണോ മറ്റൊരു മായികലോകമാണോ എന്നറിയാതെ പ്രേക്ഷകൻ പൂർണമായും വിസ്മയത്തിൽ അകപ്പെട്ടുപോകുന്നു.
ഇൻസെപ്ഷൻ: സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിൽ
മനുഷ്യന്റെ പുരാതന വിസ്മയങ്ങളിലൊന്നാണ് സ്വപ്നവും. ഇൻസെപ്ഷനിൽ നോളൻ സ്വപ്നം, ഉപബോധമനസ്സ്, നിർമിത യാഥാർഥ്യം എന്നിവയെ ഒരേ വേദിയിൽ കൊണ്ടുവരുന്നു. മറ്റുള്ളവരുടെ സ്വപ്നങ്ങളിലേക്ക് പ്രവേശിച്ച് രഹസ്യങ്ങൾ മോഷ്ടിക്കുന്ന വിദഗ്ധനായ കോബ്, അസാധ്യമെന്ന് തോന്നുന്ന ദൗത്യം ഏറ്റെടുക്കുന്നു– ഒരു മനുഷ്യന്റെ മനസ്സിൽ ആശയം മോഷ്ടിക്കുകയല്ല, മറിച്ച് നട്ടുവളർത്തുക. പല തലങ്ങളിലായി പടർന്നുപോകുന്ന സ്വപ്നലോകങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സമയം, സ്ഥലം, യാഥാർഥ്യം എന്നിവയുടെ സാധാരണ നിയമങ്ങൾതന്നെ മാറുന്നു. ഏതാണ് യാഥാർഥ്യം, ഏതാണ് സ്വപ്നം എന്ന തിരിച്ചറിവ് പ്രേക്ഷകനും ക്രമേണ നഷ്ടപ്പെടുന്നു.
ഇന്റർസ്റ്റെല്ലാർ: പ്രപഞ്ചത്തിന്റെ അറ്റത്തും മനുഷ്യന്റെ ഹൃദയം
മനുഷ്യമനസ്സിൽനിന്ന് പ്രപഞ്ചത്തിലേക്കാണ് ഇന്റർസ്റ്റെല്ലാറിൽ നോളൻ തന്റെ ക്യാൻവാസ് വികസിപ്പിക്കുന്നത്. ഭൂമി മനുഷ്യവാസത്തിന് ക്രമേണ അനുയോജ്യമല്ലാതാകുമ്പോൾ, മുൻ പൈലറ്റായ കൂപ്പർ, മനുഷ്യരാശിക്ക് പുതിയൊരു വാസസ്ഥലം കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നു. ബ്ലാക്ക് ഹോൾ, വേംഹോൾ, ഗുരുത്വാകർഷണം, സമയവിസ്താരം എന്നിവയുടെ സങ്കീർണമായ ശാസ്ത്രീയ ആശയങ്ങളിലൂടെ നോളൻ പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്നു. എന്നാൽ, ആ മഹാപ്രപഞ്ചത്തിന്റെ നടുവിലും സിനിമയുടെ ഹൃദയം കൂപ്പറും മകൾ മർഫും തമ്മിലുള്ള ബന്ധമാണ്. ശാസ്ത്രീയ നിയമങ്ങളോട് കഴിയുന്നത്ര ചേർന്നുനിന്നുകൊണ്ട് കലാസ്വാതന്ത്ര്യത്തിന് ഇടം നൽകി ദൃശ്യവിരുന്നൊരുക്കുകയാണ് നോളൻ ചെയ്തത്.
ഡൺകിർക്ക്: മരണത്തിനും ജീവിതത്തിനുമിടയിലെ സമയം
സമയത്തോടും സ്ഥലത്തോടുമുള്ള നോളന്റെ നിരന്തരമായ ആകർഷണം, യുദ്ധത്തിന്റെ ഭീതിജനകമായ അനുഭവമായി ചേർന്നപ്പോൾ പിറന്ന ചിത്രമാണ് ഡൺകിർക്ക്. 1940ൽ ഡൺകിർക്കിൽ ജർമൻ സൈന്യം വളഞ്ഞ ബ്രിട്ടീഷ്- സഖ്യസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്ന സംഭവമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടെ ലക്ഷ്യം വിജയം നേടുക എന്നതല്ല; ജീവനോടെ സൈനികർ വീട്ടിലെത്തുക എന്നതാണ്. പരമ്പരാഗത യുദ്ധസിനിമകളിലെ വീരനായകന്മാരും ആവേശം പകരുന്ന പ്രസംഗങ്ങളും ഇവിടെ അന്യമാണ്. പകരം, ഭയത്തിലും നിസ്സഹായതയിലും ജീവൻ നിലനിർത്താൻ പാടുപെടുന്ന സൈനികരുടെ അതിജീവനമാണ് സിനിമയുടെ വൈകാരികകേന്ദ്രം. ജീവനും മരണത്തിനുമിടയിലെ നേർത്ത അതിർത്തിയായി സമയത്തെ മാറ്റിയെടുക്കുന്നതിലൂടെ നോളന്റെ ചലച്ചിത്രഭാഷയിലെ സവിശേഷമായൊരു സൃഷ്ടിയായി ഡൺകിർക്ക് മാറുന്നു.
ഓരോ കഥാപാത്രത്തിന്റെയും ദേശകാലവും അവർ കടന്നുപോകുന്ന നിമിഷങ്ങളും അവരുടെ മാനസികലോകവും അത്രമേൽ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നോളൻ നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, വ്യക്തിഗത കഥകളുടെ അതിരുകൾക്കപ്പുറം മനുഷ്യാവസ്ഥയുടെ സങ്കീർണതകളിലേക്ക് അവരെ ഉയർത്തിക്കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുന്നു. ഈ അസാധാരണമായ കഥപറച്ചിൽ ശേഷിയാണ് നോളനെ തന്റെ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയരായ ചലച്ചിത്രകാരന്മാരിൽ ഒരാളായി അടയാളപ്പെടുത്തുന്നത്.









0 comments