ഉറപ്പിച്ചു ഐഡിയൽ

ജിതിൻ ബാബു
Published on Oct 31, 2026, 07:04 AM | 1 min read
കോഴിക്കോട്
: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സ് കിരീടം തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ഉറപ്പിച്ചു. ഒരു പകല്‍ ശേഷിക്കെ എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 71.3 പോയിന്റോടെ ഒന്നാംസ്ഥാനത്ത് തുടരുന്നു. മേളയുടെ രണ്ടാംദിനം മുതല്‍ മുന്നിലെത്തിയ ഐഡിയല്‍ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ട്രാക്കിലും പിറ്റിലും മെഡലുകള്‍ വാരിക്കൂട്ടുന്ന ശക്തമായ സംഘമായിരുന്നു സ്‌കൂളിന്റേത്.
24 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 45 പേരാണ് കോഴിക്കോട്ടെത്തിയത്.
ഇതുവരെ 18 പേര്‍ മെഡല്‍ നേടി. ബ്രസീലിലെ റിയോ ഡി ജനിറോയില്‍ നടക്കുന്ന ലോക സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതനേടിയ പോള്‍വോള്‍ട്ട് താരം കെ എസ് അമല്‍ചിത്ര പൊന്നണിഞ്ഞു. സീനിയര്‍ ആണ്‍കുട്ടികളില്‍ കെ സി അമീന്‍ മൂന്ന് മെഡലുകളും സബ്ജൂനിയറില്‍ കെ വി മുഹമ്മദ് ഇസാന്‍, ജൂനിയറില്‍ ഡോണ്‍ മാര്‍ട്ടിന്‍ എന്നിവര്‍ ഇരട്ടമെഡലുകളും നേടി.
പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസാണ് സ്‌കൂളുകളില്‍ രണ്ടാമത്. അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം 34 പോയിന്റുണ്ട്.
മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എം എച്ച്എസ് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി 30 പോയിന്റോടെ മൂന്നാംസ്ഥാനത്താണ്. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് 23 പോയിന്റോടെ നാലാംസ്ഥാനത്തും കോട്ടയം കോരുത്തോട് സികെഎം എച്ച്എസ്എസ് 23 പോയിന്റോടെ അഞ്ചാംസ്ഥാനത്തുമാണ്.








0 comments