ഇരട്ട റെക്കോർഡിൽ ശ്രീ തിളക്കം

കോഴിക്കോട്
: കടമ്പകൾ ഓരോന്നും പിന്നിട്ട് വേഗവര കടന്നതും ശ്രീഹരി കരിക്കൻ കൈകൾ മുകളിലേക്കുയർത്തി, ഗ്യാലറിയുടെ ആരവങ്ങളെ തന്നിലേക്ക് ചേർത്തു. പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു. റെക്കോഡോടെ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം. എന്‍ഐടി സിന്തറ്റിക് ട്രാക്കില്‍ 52.44 സെക്കൻഡിൽ ഓടിക്കയറിയാണ് കഴിഞ്ഞ വർഷം കുറിച്ച തന്റെ തന്നെ റെക്കോഡ് തിരുത്തിയത്. തിരുവന്തപുരത്തെ 54.14 സെക്കൻഡ് എന്ന സമയമാണ് മെച്ചപ്പെടുത്തിയത്.
ഇത്തവണ കോഴിക്കോട് പിറന്ന ആദ്യ റെക്കോഡും ശ്രീഹരിയുടേതാണ്. 400 മീറ്ററിലാണ് ഒമ്പത് വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കിയത്. 400 മീറ്ററിൽ ആദ്യമായാണ് ഒരുകൈ നോക്കിയത്. ഹർഡിൽസാണ് ഇഷ്‌ട ഇനമെന്നും തന്റെ റെക്കോഡ് തിരുത്തുമെന്നുമായിരുന്നു അന്ന് ശ്രീഹരിയുടെ വാക്കുകൾ. കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ ശ്രീഹരി, ജി വി രാജ സ്‌പോര്‍ട്സ് സ്‌കൂളിന്റെ താരമാണ്. കഴിഞ്ഞ വർഷം ദേശീയ സ്‌കൂള്‍ മീറ്റില്‍ വെങ്കലം നേടി.
ടി അജിത്താണ് പരിശീലകന്‍. ദുബായ് വിമാനത്താവളത്തില്‍ ജീവനക്കാരനായ വിജു കരിക്കന്റെയും ശോഭിതയുടെയും മകനാണ്. അമ്മയും സഹോദരങ്ങളായ വൈദ്യനാഥും ത്രയയും ശ്രീഹരിയുടെ പ്രകടനത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. വൈദ്യനാഥ് കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ ടീം മുൻ അംഗമാണ്.
വെള്ളി നേടിയ കൊല്ലം സായിയുടെ അർച്ചിത് എസ് നായരും കഴിഞ്ഞ വർഷത്തെ റെക്കോഡ് സമയം മറികടന്നു. 53.81 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. പാലക്കാട് ബിഇഎംഎച്ച്‌എസ്‌എസിലെ കെ എസ് സമർജിത് (54.65 സെക്കൻഡ്) വെങ്കലം നേടി.








0 comments