print edition കോടതി തീർപ്പാക്കിയ പരാതികളിലും ക്രൈംബ്രാഞ്ച് അന്വേഷണം


സ്വന്തം ലേഖകൻ
Published on Oct 31, 2026, 05:47 AM | 1 min read
തിരുവനന്തപുരം
: പിഎസ്‍സി നിയമനത്തിൽ, കോടതി തീർപ്പാക്കിയ പരാതികളിലും അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ചിന്റെ അസാധാരണ നടപടി. മോട്ടോർവാഹന വകുപ്പിലെ അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്-ടർ, ഫിഷറീസിലെ എക്‌സ്‌റ്റൻഷൻ ഓഫീസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്-പെക്‌ട-ർ തുടങ്ങിയ തസ്‌തികകളിലാണ് അന്വേഷണം. അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ നിയമനം സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചില ഉദ്യോഗാർഥികൾ ഹർജി നൽകിയിരുന്നു. നടപടികളിൽ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ട്രൈബ്യൂണൽ വിധിയിലുണ്ട്.
ഹൈക്കോടതിയും ശരിവച്ചതാണ്. ഇതിലാണിപ്പോൾ ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. രാഷ്-ട്രീയ സമ്മർദത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം. ആസൂത്രണബോർഡ് ചീഫ് തസ്-തികയുടെ മൂല്യനിർണയത്തിലുണ്ടായ സാങ്കേതികപ്പിഴവിനെ പെരുപ്പിച്ചുകാട്ടി സൃഷ്-ടിച്ച വിവാദങ്ങളുടെ തുടർച്ചയായാണ് പഴയ കേസുകളിലെ അന്വേഷണ നാടകങ്ങൾ.
ഫിഷറീസ് എക്-സ്‌റ്റൻഷൻ ഓഫീസർ റാങ്ക് പട്ടികയിൽ കുഫോസിൽനിന്ന് ബിരുദം നേടിയ ഉദ്യോഗാർഥികൾ കൂടുതലായി ഉൾപ്പെട്ടുവെന്നാണ് മറ്റൊരു കേസ്. യോഗ്യത ഫിഷറീസ് സയൻസിലുള്ള ബിരുദമോ ബിരുദാനന്തരബിരുദമോ ആണ്. ഒഎംആർ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യറാക്കിയത്. വിവിധ സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ അപേക്ഷിച്ചെങ്കിലും നിർദിഷ്ട യോഗ്യതയുള്ളവരിൽ ഭൂരിഭാഗവും കുഫോസിൽ നിന്നാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ അവർ യോഗ്യത നേടിയ സർവകലാശാലയെ ഒരുഘട്ടത്തിലും പരിഗണിക്കുന്നില്ല.
അഭിമുഖം മാത്രം നടത്തി ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്-പെക്-ടർ തസ്-തികയുടെ റാങ്ക് പട്ടികയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർഥിയെ ഉൾപ്പെടുത്തിയെന്നാണ് മറ്റൊരു കേസ്. വില്ലേജ് ഓയിൽ ഇൻസ്‌പെക്-ടറുടെ യോഗ്യത, സയൻസ് വിഷയത്തിലെ ബിരുദമാണ്.
ഒപ്പം ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗീകരിച്ച ഗ്രാമീണ എണ്ണ വ്യവസായത്തിലെ സൂപ്പർവൈസറി ട്രെയിനിങ് സർട്ടിഫിക്കറ്റും വേണം. സർട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി വിശേഷാൽചട്ടത്തിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. രണ്ട് യോഗ്യതയുമുള്ള ഉദ്യോഗാർഥിയെ അഭിമുഖം നടത്തിയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. യോഗ്യരായ അപേക്ഷകരുടെ എണ്ണം നിലവിലുള്ള ഒഴിവുകളുടെ എണ്ണത്തേക്കാൾ കുറവോ തുല്യമോ ആകുമ്പോൾ പരീക്ഷയുടെ ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ അഭിമുഖം മാത്രം നടത്തുന്നതാണ് കമീഷൻ തുടർന്നുവരുന്ന രീതി.








0 comments