കുളത്തുമ്മൽ ഗവ. എൽപിഎസിൽ പുതിയ കെട്ടിടം
തലമുറകളുടെ സ്വപ്‌നം യാഥാർഥ്യമായത് എൽഡിഎഫ് കരുത്തിൽ

കുളത്തുമ്മൽ ഗവ. എൽപിഎസിലെ ഓഡിറ്റോറിയം ഉൾപ്പെടുന്ന ബഹുനില മന്ദിരം
കാട്ടാക്കട
ഒരുനൂറ്റാണ്ടിലധികം പിന്നിട്ട കുളത്തുമ്മൽ ഗവ. എൽപിഎസിൽ യാഥാർഥ്യമായത് കേവലം കെട്ടിടമല്ല, തലമുറകളുടെ സ്വപ്‌നമാണ്. വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധന മനസ്സിലാക്കി മുൻ കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് മുൻകൈയെടുത്താണ് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുതിയ മന്ദിരം, ഓഡിറ്റോറിയം നിർമാണത്തിന് രണ്ടുകോടി 30 ലക്ഷം രൂപ അനുവദിച്ചത്. ഇൗ കെട്ടിടവും ഓഡിറ്റോറിയവുമാണ് കഴിഞ്ഞദിവസം കുരുന്നുകൾക്കായി തുറന്നുനൽകിയത്. 1895ൽ കുടിപ്പള്ളിക്കൂടമായാണ് പ്രവർത്തനമാരംഭിച്ചത്. ആരംഭകാലത്ത് മുളങ്കമ്പുകൾ നാട്ടി പനയോലപ്പായകൊണ്ട് മറച്ച് ഓലമേഞ്ഞ ഷെഡിൽ തുടങ്ങിയ പള്ളിക്കൂടം കാട്ടാക്കടയുടെ സാംസ്കാരിക ഭൂപടത്തിൽ പിന്നീട് മായ്ക്കാനാകാത്ത അടയാളങ്ങൾ സൃഷ്ടിച്ചു. പ്രശസ്‌ത ചലച്ചിത്ര ഗാനരചയിതാവ് പൂവച്ചൽ ഖാദർ, ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന കാട്ടാക്കട ദിവാകരൻ, സംഗീത സംവിധായകനും നാടക നടനുമായിരുന്ന ആമച്ചൽ സദാനന്ദൻ, തൊഴിലാളി നേതാവായിരുന്ന കാട്ടാക്കട ശശി തുടങ്ങിയ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ചരിത്രവുമുണ്ട് സ്‌കൂളിന്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾകാരണം തകർച്ചയിലേക്ക് കൂപ്പുകുത്തിയ കുളത്തുമ്മൽ എൽപിഎസിന്റെ ചിത്രം മാറുന്നത് 2016ൽ എൽഡിഎഫ് അധികാരത്തിലേക്ക് എത്തിയതോടുകൂടിയാണ്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ സ്കൂളിന്റെ മുഖച്ഛായതന്നെ മാറ്റി. ബഹുനില മന്ദിരങ്ങൾക്ക് പുറമേ ആറ് ഹൈടെക് ക്ലാസ് റൂമുകളും ഓഡിറ്റോറിയവും ഉൾപ്പെടെയുള്ള പുതിയ കെട്ടിടമാണ് എം ആർ ബൈജു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തത്. 491 കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. വലിയ സന്തോഷം ഒട്ടനവധി പ്രമുഖരെ സാംസ്കാരിക കേരളത്തി.ന് സംഭാവന ചെയ്ത കുളത്തുമ്മൽ എൽപി സ്കൂളിന്റെ മുറ്റത്തുനിന്നാണ് പ്രശസ്തമായ കാട്ടാൽ പുസ്തകമേളയുടെ തുടക്കവും എന്നത് ഓർമിക്കപ്പെടേണ്ടതാണ്. സ്കൂളിലെ കുരുന്നു പ്രതിഭകളുടെ മികവാർന്ന വളർച്ചയ്ക്ക് പുതിയ മന്ദിരം സഹായകരമാകും എന്നത് ഉറപ്പാണ്. അതിൽ പങ്കുവഹിക്കാനായതിൽ വലിയ സന്തോഷവുമുണ്ട്. -ഐ ബി സതീഷ് (കാട്ടാക്കട മുൻ എംഎൽഎ)








0 comments