അവഗണനയുടെ ട്രാക്കിൽ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ

കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ
ചറയിൻകീഴ്
തീരദേശ, ഗ്രാമീണ മേഖലയിലെ ജനങ്ങൾ യാത്രയ്‌ക്കായി ആശ്രയിക്കുന്ന കടയ്ക്കാവൂർ സ്റ്റേഷനെ അവഗണിച്ച് റെയിൽവേ. തിരുവനന്തപുരം– കൊല്ലം റെയിൽവേ ലൈനിന്റെ തുടക്കംമുതലുള്ള പ്രധാന റെയിൽവേ സ്റ്റേഷനോടാണ് കേന്ദ്രത്തിന്റെ അവഗണന. അമൃത് ഭാരത് പദ്ധതിയില്‍ സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും വികസനം നടക്കുമ്പോഴും കടയ്ക്കാവൂരിന് പരിഗണനയില്ല. സ്റ്റേഷനിലേക്കുള്ള റോഡുകള്‍ പൊട്ടിപ്പൊളഞ്ഞിട്ടും റെയിൽവേ അധികൃതർ അനുമതി നൽകാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് നഷ്ടമാകുന്ന സ്ഥിതിയാണ്. നിരവധി പേര്‍ ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും, രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ മാത്രമാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ പ്ലാറ്റ്ഫോമാകട്ടെ ട്രെയിനുകൾ പിടിച്ചിടുന്നതിനാണ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്ക് ട്രെയിന്‍ കയറണമെങ്കില്‍ മേല്‍പ്പാലത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കൊല്ലം, കോട്ടയം ഭാഗത്തേക്ക് രാവിലെ 5.30നുള്ള വേണാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാല്‍ അടുത്ത ട്രെയിന്‍ 8.45നാണ്. കോവിഡ് കാലഘട്ടത്തില്‍ നിർത്തലാക്കിയ തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചിട്ടില്ല. രാത്രിവൈകിയും ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിട്ടും സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റും ലഘു ഭക്ഷണശാലയും എടിഎം കൗണ്ടറും പ്രവർത്തനം നിർത്തി. രാത്രിയില്‍ എട്ടിനുശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബസ് സര്‍വീസും ഇല്ല. കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് മേഖലയിലുള്ളവരാണ് സ്റ്റേഷനെ കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റേഷൻ വികസനത്തിന് എംപി ഒരു സഹായവും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്റ്റേഷൻ നവീകരിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് യാത്രക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments