Deshabhimani

കയറുപിരിക്കും തൊഴിലാളിക്കും കഥയുണ്ടുജ്വല സമരകഥ

kayar factarikal
വെബ് ഡെസ്ക്

Published on Oct 31, 2026, 03:22 AM | 1 min read

കോട്ടയം ചൂഷണത്തിന്റെ കനൽച്ചൂടിൽനിന്ന് അവകാശങ്ങളുടെ വെളിച്ചത്തിലേക്ക് പടയോട്ടം നടത്തിയ കഥയാണ് കയർ തൊഴിലാളികളുടേത്‌. 19–-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആലപ്പുഴയിൽ ‘ഡാറാസ് മെയിൽ' എന്ന ആദ്യ കയർ ഫാക്ടറി സ്ഥാപിക്കപ്പെട്ടതോടെയാണ് കേരളത്തിൽ കയർ വ്യവസായത്തിന് തുടക്കമാകുന്നത്. 1920–-25 കാലഘട്ടത്തിൽ ആലപ്പുഴയിൽ കൂടുതൽ കയർ ഫാക്ടറികൾ പ്രവർത്തനം തുടങ്ങിയതോടെ തൊഴിലാളികളോടുള്ള ചൂഷണം ആരംഭിച്ചു. ബഹുഭൂരിപക്ഷം തൊഴിലാളികളും സ്‌ത്രീകളായിരുന്നു. അക്കാലത്ത് ഒരാൾ 12 മണിക്കൂർ പണിയെടുക്കാൻ നിർബന്ധിതരായിരുന്നു. ഫാക്ടറിയിൽ എത്താൻ അഞ്ച് മിനിറ്റ് വൈകിയാൽ നാലണ കൂലി കുറയും. കയർ പിരി മേഖലയിലെ സ്ഥിതി ഇതിനേക്കാൾ ശോചനീയമായിരുന്നു. വീടുകളിൽ നിലത്തിരുന്ന് ചകിരി കൈകൊണ്ട് പിരിച്ച്‌ സ്വയം തൊഴിൽ കണ്ടെത്തുന്നവരായിരുന്നു ഏറെയും. കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു പത്മേക്ഷണൻ. സാമ്രാജ്യത്വത്തിനും മുതലാളിത്ത ജന്മി മാടമ്പി വാഴ്ചയ്‌ക്കുമെതിരെ പോരാടി നിരന്തരം മർദനമേറ്റ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. 1971-ലായിരുന്നു കേരള കയർ വർക്കേഴ്സ് സെന്ററിന്റെ രൂപീകരണം. കേരള കയർ വർക്കേഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ്‌ വൈക്കം താലൂക്ക്‌ ചകിരി–കയർ വ്യവസായ തൊഴിലാളി യൂണിയൻ രൂപീകൃതമായത്‌. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സമരങ്ങൾക്ക് യൂണിയൻ നേതൃത്വംനൽകി. വൈക്കം, ചെമ്പ്, ടിവി പുരം, ഉദയനാപുരം, കുലശേഖരമംഗലം, ബ്രഹ്മമംഗലം, വടയാർ പ്രദേശങ്ങൾ കയർ ഉൽപന്നങ്ങളുടെ പ്രധാനകേന്ദ്രങ്ങളായിരുന്നു. ചകിരി അടിച്ചും തല്ലിയും കയർ പിരിച്ച് നാട്ടിൻപുറത്തെ ചന്തകളിൽ കൊണ്ടുപോയി വിറ്റുമായിരുന്നു ഉപജീവനം. തൊഴിലാളികളുടെ മിനിമംകൂലി ഉറപ്പാക്കുക, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, കൃത്യമായ തൊഴിൽ ലഭ്യമാക്കുക എന്നിവയ്ക്കായി യൂണിയൻ നിരന്തരം പോരാടി. കെ വിശ്വനാഥൻ, കെ എസ്‌ ഗോപാലൻ, ഒ സോമൻ എന്നിവരായിരുന്നു പ്രധാന നേതാക്കൾ. 2015-ൽ വൈക്കത്ത് 30 ദിവസത്തോളം നീണ്ടുനിന്ന രാപകൽ സമരം കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചു. തൊഴിലാളികളുടെ കൂലിയും തൊഴിലും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 2016-ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ കയർ രംഗത്ത് ആധുനികവൽക്കരണ നടപടികൾക്ക് തുടക്കമിട്ടു. കായലിലിട്ട് ചകിരി അഴുകി എടുത്തിരുന്ന പഴയരീതി മാറി. തൊണ്ടുതല്ലി യന്ത്രമില്ലുകളും ഇലക്ട്രോണിക് റാട്ടുകളും നിലവിൽ വന്നു. ഇത് കയർ തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സഹായിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home