ജീവനക്കാരില്ല; ദന്തൽ കോളേജ് ഫാർമസി പൂട്ടി

കോട്ടയം ഗവ. ദന്തൽ കോളേജ് ആശുപത്രിയിലെ ഫാർമസി അടച്ചിട്ട നിലയിൽ
ഗാന്ധിനഗർ കോട്ടയം ഗവ. ദന്തൽ കോളേജ് ആശുപത്രിയിലെ ഫാർമസി അടച്ചിട്ടതോടെ മരുന്നിനായി നെട്ടോട്ടമോടി രോഗികൾ. ഒക്‌ടോബർ 20ന് അടച്ച ഫാർമസി ഇതുവരെ തുറന്നിട്ടില്ല. നിലവിലുണ്ടായിരുന്ന ജീവനക്കാരുടെ കാലാവധി അവസാനിച്ചതാണ് ഫാർമസി അടച്ചിടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല. ആശുപത്രി വികസന സമിതിയാണ് നിയമനനടപടി സ്വീകരിക്കേണ്ടത്. ചികിത്സയ്ക്കുശേഷം മരുന്ന് വാങ്ങാനെത്തുന്നവർ ‘ഇന്ന് അവധി' എന്ന ബോർഡാണ് കാണുന്നത്. അധികൃതരെ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതോടെ പുറത്തുനിന്ന് ഉയർന്നവിലയ്ക്ക് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. പല്ലെടുക്കുന്ന രോഗികൾക്ക് വേദനസംഹാരി പോലുള്ള മരുന്നുകൾ അടിയന്തരമായി ലഭിക്കണം. ഫാർമസിയിൽനിന്ന് മരുന്ന് ലഭിക്കാത്തതിനാൽ വേദനയോടെ പരക്കം പായുകയാണ് രോഗികൾ. ഫാർമസി തുറക്കാത്തതിനാൽ സാധാരണക്കാരായ രോഗികൾക്ക് ചികിത്സയ്ക്കൊപ്പം മരുന്നിനും അധികതുക ചെലവഴിക്കണം. തുറന്നിരിക്കുന്പോഴും എല്ലാ മരുന്നുകളും ഇവിടെ കിട്ടാറില്ലായിരുന്നു.








0 comments