പ്രസിഡന്റിന്റെ ഏകാധിപത്യം
കൂവപ്പടിയിൽ എൽഡിഎഫ് പ്രതിഷേധം

കൂവപ്പടി പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച എൽഡിഎഫ് അംഗങ്ങൾ കവാടത്തിൽ മുദ്രാവാക്യം വിളിക്കുന്നു
പെരുമ്പാവൂർ
പെരുമ്പാവൂർ പഞ്ചായത്ത് കമ്മറ്റിയിലെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാതെ ഏകപക്ഷീയമായി സ്വന്തം തീരുമാനം അടിച്ചേൽപ്പിക്കുന്ന കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കലിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌കരിച്ചു. പഞ്ചായത്ത് ശ്‌മശാനത്തിൽ ജീവനക്കാരൻ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സാധിക്കാത്ത സാഹചര്യം പരിഗണിച്ച് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. വന്ന രണ്ട് അപേക്ഷകളിൽ മുൻപരിചയമുള്ള ആളെ നിയമിക്കണമെന്ന് 22 അംഗ കമ്മിറ്റിയിലെ 12 അംഗങ്ങളും ആവശ്യപ്പെട്ടു.
തനിക്ക് താൽപ്പര്യമുള്ള രണ്ടാമനെ നിയമിക്കാൻ കമ്മിറ്റി തീരുമാനം തടസ്സമായതോടെ അജൻഡ ഒഴിവാക്കി വീണ്ടും പുതിയ അപേക്ഷ ക്ഷണിക്കാനാണ് പ്രസിഡന്റ് തീരുമാനിച്ചത്. ഈ ഏകാധിപത്യ സമീപനത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. പഞ്ചായത്ത് യോഗം അംഗങ്ങളെ അറിയിക്കുന്നതിൽ നടപടിക്രമം പാലിക്കാറില്ലായെന്നും പ്രസിഡന്റിനെതിരെ ആരോപണമുണ്ട്. പി സി ജോർജ്, വിപിൻ കോട്ടക്കുടി, സാനി ജോർജ്, എം ഡി ബാബു, സ്റ്റെല്ല സാജു, നിഷ ബൈജു, ബെന്നി കുര്യാക്കോസ്, റീന ബിജു എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്.









0 comments