എങ്ങും ‘മണ്ടി നടക്കൽ’ ബാനർ
മന്ത്രിക്കെതിരെ പ്രതിഷേധച്ചൂടിൽ കാന്പസുകൾ

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രസംഗിക്കുന്പോൾ വിദ്യാർഥികൾ പ്രതിഷേധ ബാനർ ഉയർത്തുന്നു
കണ്ണൂർ
കാലടിയിൽ വിദ്യാർഥികളെ കാന്പസിന് പുറത്തേക്ക് വഴികാട്ടിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്, മാടായി കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ ഒൗദ്യോഗിക പരിപാടിക്കെത്തിയ മന്ത്രിക്കെതിരെ എസ്‌എഫ്ഐ നേതൃത്വത്തിൽ സംഘടിതമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം സർക്കാരിനെതിരെ ഹൈക്കോടതിയിൽനിന്ന് ഉയർന്ന വിമർശം ആയുധമാക്കിയാണ് വിദ്യാർഥികൾ ‘അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു’ എന്നെഴുതിയ ബാനർ ഉയർത്തി പ്രതിഷേധിച്ചത്. ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ലബോറട്ടറി ബ്ലോക്ക് ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ വേദിയുടെ പിറകിൽ വിദ്യാർഥികൾ ബാനർ ഉയർത്തി. ചടങ്ങിനെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധം. പയ്യന്നൂർ പയ്യന്നൂർ കോളേജിൽ എൻഎസ്എസ് നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽ വിതരണം ചെയ്യാൻ എത്തിച്ചേർന്ന മന്ത്രിയെ പ്രതിഷേധ സൂചകമായി വിദ്യാർഥികൾ ‘ഒരു കോപ്പും പറയില്ല' തുടങ്ങിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് വരവേറ്റത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി പി ആദർശ്, സി വി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
മാടായി കോളേജിൽ പ്രതിഷേധക്കാർക്കുനേരെ കൈയേറ്റം
മാടായി
മന്ത്രി റോജി എം ജോണിനെതിരെ മാടായി കോളേജിൽ എസ്എഫ്ഐ പ്രതിഷേധം. മന്ത്രിക്കെതിരെ കാലടി സർവകലാശാലാ വിഷയത്തിൽ ബാനര്‍ ഉയർത്തി മുദ്രാവാക്യം വിളിച്ച വിദ്യാർഥിനികളെയടക്കം കൈയേറ്റം ചെയ്ത് പൊലീസ്. ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും വിദ്യാർഥികളുടെ കനത്ത പ്രതിഷേധം ഉയർന്നതോടെ വിട്ടയക്കേണ്ടി വന്നു. ജില്ലയിൽ തളിപ്പറമ്പിലും പയ്യന്നൂരും ഉണ്ടായ സമാധാനപരമായ ബാനർ ഉയർത്തിക്കൊണ്ടുമാത്രമുള്ള പ്രതിഷേധത്തിനാണ് മാടായി കോളേജിലും എസ്എഫ്ഐ തയ്യാറായത്. എന്നാൽ ബാനർ ഉയർത്താൻപോലും അനുവദിക്കാതെ എസ്എഫ്ഐക്കാരെ ഏകപക്ഷീയമായി ആക്രമിക്കുവാനും കൈയേറ്റം ചെയ്യുവാനുമാണ് പരിയാരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് തയ്യാറായത്. പുരുഷ പൊലീസുകാരടക്കം പെൺകുട്ടികളെ ഉൾപ്പെടെ കൈയേറ്റം ചെയ്ത് വാഹനത്തിലേക്ക് ബലമായി കയറ്റുകയുമായിരുന്നു. പ്രതിഷേധത്തിന് ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ് ടിപി ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.









0 comments