വാങ്ങിവച്ചോളൂ ഓണസദ്യ റെഡി

ബ്രിജിത്ത്‌ കൃഷ്ണ ഉളിക്കൽ കോക്കാട്ടെ ഫാക്ടറിയിൽ
വെബ് ഡെസ്ക്

Published on May 20, 2025, 03:00 AM | 2 min read

നവീന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി, വിവിധ സർക്കാർ വകുപ്പുകളുടെ സഹായങ്ങളും ആനുകൂല്യങ്ങളും മനസിലാക്കി സാധാരണ കർഷകർമുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർവരെ സംരംഭങ്ങളിലേക്ക്‌ തിരിയുകയാണ്‌. മികവുറ്റ സംരംഭങ്ങൾ ആരംഭിച്ച്‌ കിടയറ്റ ഉൽപ്പന്നങ്ങൾ നിർമിച്ച്‌ വിപണിയിലെത്തിക്കൂന്നതിലുടെ ഇവരുടെ ജീവിതത്തിലും പ്രകാശം നിറയുന്നു. സംസ്ഥാന സർക്കാർ ഇടപെടലിലൂടെ വ്യവസായ സൗഹൃദ അന്തരീക്ഷമാണ്‌ നമ്മുടെ ഗ്രാമങ്ങളിൽവരെയെന്ന്‌ തെളിയിക്കുകയാണ്‌ ഇത്തരം സംരംഭങ്ങൾ. മലയോരത്തിന്റെ കാർഷിക മനസിനൊപ്പം സാങ്കേതിക വിദ്യകൾകൂടി ചേരുമ്പോൾ ചെറുകിട വ്യവസായ യൂണിറ്റുകളുടെ പരമ്പരകളാണ്‌ സാധ്യമാകുന്നത്‌. മലയോര മേഖലയിലെ സംരംഭങ്ങളെക്കുറിച്ച്‌ ഒരന്വേഷണം.... സാധ്യമാണ്‌, സംരംഭകത്വം


തയ്യാറാക്കിയത്‌ ദേശാഭിമാനി ഇരിട്ടി ഏരിയാ 
ലേഖകൻ മനോഹരൻ കൈതപ്രം


ഇരിട്ടി

ഉളിക്കൽ കോക്കാട്ടെ ബ്രിജിത്ത്‌ കൃഷ്ണയുടെ ഈറ്ററി മലബാറിക്കസ്‌ ഫാക്ടറിയിൽ വരുന്ന തിരുവോണത്തിന്‌ വിളമ്പാനുള്ള സദ്യ ഒരുങ്ങുകയാണ്‌. 26 വിഭവങ്ങൾ അടങ്ങിയ തകർപ്പൻ ഓണസദ്യയാണ്‌ പായ്‌ക്ക്‌ ചെയ്യുന്നത്‌. വറുത്തുപ്പേരി മുതൽ രണ്ടിനം പായസമടക്കമുള്ളതാണ്‌ പാക്കറ്റ് ഓണസദ്യ. മൂന്ന്‌ നിലകളിൽ പണിത മലബാറിക്കസ്‌ ഫാക്ടറിയുടെ ഘടന കണ്ടാൽ വ്യവസായ നഗരത്തിലെത്തിയ പ്രതീതിയാണ്‌. ഉളിക്കൽ, പയ്യാവൂർ മലയോര ഹൈവേയിലെ കോക്കാട്ടുനിന്ന്‌ വിളിപ്പാടകലെയാണ്‌ ഈറ്ററി മലബാറിക്കസ്‌ ഫാക്ടറി. കഴിഞ്ഞ വിഷുവിന്‌ 150 പേർക്ക്‌ പാക്കറ്റ്‌ സദ്യയെത്തിച്ചതിലൂടെ നേടിയ സ്വീകാര്യതയിൽനിന്നാണ്‌ ഓണസദ്യ മാസങ്ങൾക്കുമുമ്പ്‌ പാക്കറ്റിലാക്കാനുള്ള ആത്മവിശ്വാസത്തിലേക്ക്‌ ബ്രിജിത്ത്‌ എത്തുന്നത്‌. യുദ്ധമേഖലകളിൽ സൈനികർ കൈയിൽ കരുതുന്ന രീതിയിലുള്ള, മുൻകൂർ തയ്യാറാക്കി പാക്കറ്റിലാക്കിയ ഭക്ഷണമാണ്‌ ബ്രിജിത്ത്‌ കൃഷ്ണയുടെ സംരംഭം. സംസ്ഥാന സർക്കാരിന്റെയും വ്യവസായ, കൃഷി വകുപ്പുകളുടെയും സാങ്കേതിക സഹായം ലഭ്യമാക്കിയാണ്‌ കോക്കാട്ടെ ഉൾനാട്ടിൽ ഇത്തരമൊരു ഉന്നത വ്യവസായസംരംഭം ബ്രിജിത്ത്‌ കൃഷ്ണ കരുപ്പിടിപ്പിച്ചത്‌. പാക്കറ്റിൽ കിട്ടും 
ചോറും കൂമ്പ്‌ വറവും ഏഴോം കൈപ്പാട്‌ കർഷകർ അരിയുമായി കോക്കാട്‌ എത്തും. ചോറും കൈപ്പാടരിക്കഞ്ഞിയും പാക്കറ്റിലാക്കി കൃഷിക്കാർ തിരികെ പോവും. പാക്കറ്റിലാക്കിയ ഈയിനങ്ങൾ നല്ല വിലയിൽ വിറ്റഴിക്കാൻ കഴിയുന്ന തരത്തിലാണ്‌ ഈറ്ററി മലബാറിക്കസിന്റെ ഉൽപ്പന്നങ്ങളുടെ ഘടന. മാസങ്ങളോളം കേട്‌ വരാതിരിക്കുന്ന സാങ്കേതിക വിദ്യയിലാണിവിടെ ഭക്ഷ്യ ഇനങ്ങൾ പായ്‌ക്ക്‌ ചെയ്യുന്നത്‌. വാഴക്കൂമ്പ്‌ ഒന്നിന്‌ 15 രൂപ തോതിൽ നൽകി വാങ്ങി തയ്യാറാക്കുന്ന കൂമ്പ്‌ തോരൻ ഗൾഫ്‌ നാടുകളിലേക്കടക്കം കയറ്റുമതി ചെയ്യുന്നു. നല്ല വില കർഷകനും ലഭിക്കുന്നു. ഉൽപ്പന്നങ്ങൾക്ക്‌ ഉയർന്ന വില മറുനാട്ടിൽ ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന്‌ ബ്രിജിത്ത്‌ പറഞ്ഞു. വഴി തുറന്നത്‌ കോവിഡ്‌ കാല പരീക്ഷണങ്ങൾ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ബ്രിജിത്ത്‌ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. കോവിഡ്‌ കാലത്ത്‌ കശുവണ്ടി മുളപ്പിച്ച്‌ തയ്യാറാക്കിയ വിഭവങ്ങൾ അതിവേഗം വിപണി കീഴടക്കി. കശുവണ്ടിയിൽ വ്യത്യസ്ത ഇനം ഭക്ഷ്യവസ്തുക്കൾ ഇക്കാലത്ത്‌ തയ്യാറാക്കിയതുവഴി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പുരസ്കാരം നേടി. മണ്ണുത്തി കാർഷിക ഫാമിൽ ഇൻകുബേഷൻ വിഭാഗത്തിൽ ശ്രദ്ധേയനായി. ഇതുവഴിയാണ്‌ ഈറ്ററി മലബാറിക്കസ്‌ സംരംഭത്തിലേക്കെത്തിയത്‌. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന കൃഷി, വ്യവസായ വകുപ്പുകളുടെയും സഹായം ലഭിച്ചതിലൂടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സംരംഭകനാകാനായി. 18 ജീവനക്കാരുമായാണ്‌ ബ്രിജിത്തിന്റെ വ്യവസായ സംരംഭം മുന്നേറുന്നത്‌. ശ്രീഷ്മയാണ്‌ ഭാര്യ. രണ്ട്‌ മക്കൾ. ഫോൺ: 9447178995.





deshabhimani section

Related News

View More
0 comments
Sort by

Home