Deshabhimani

ഫ‍ൗണ്ടേഷൻ പ്രവൃത്തി പോലും പൂർത്തിയായില്ല ഇഴഞ്ഞിഴഞ്ഞ്‌ 
ശ്രീകണ്‌ഠപുരം ബെസ്‌

കണ്ണൂർ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരമായി നിർദേശിക്കപ്പെട്ട ശ്രീകണ്‌ഠപുരം ബെസ്‌ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു.
വെബ് ഡെസ്ക്

Published on Nov 14, 2026, 12:12 AM | 1 min read

കണ്ണൂർ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക്‌ പരിഹാരമായി നിർദേശിക്കപ്പെട്ട ശ്രീകണ്‌ഠപുരം ബെസ്‌ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ശ്രീകണ്‌ഠപുരം സബ്‌സ്‌റ്റേഷൻ വളപ്പിലാണ്‌ 40 മെഗാവോട്ട്‌ ശേഷിയുള്ള പദ്ധതി നിർമാണം ആരംഭിച്ചത്‌. സ‍ൗരോർജം ബാറ്ററികളിൽ സംഭരിച്ച്‌ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന രാത്രികാലത്ത്‌ ഉപയോഗിക്കുന്ന പദ്ധതിയാണ്‌ ബാറ്ററി എനര്‍ജി സ്റ്റോറേജ് (ബെസ്‌) പദ്ധതി. 2026 ഒക്‌ടോബർ 15ന്‌ കമീഷൻ ചെയ്യാനിരുന്ന പദ്ധതിയുടെ സമയപരിധി 2027 മാർച്ച്‌ 15വരെ നീട്ടിയിരുന്നു. 2025 ഒക്‌ടോബർ 31നാണ്‌ പദ്ധതിക്കായി ഭൂമി കൈമാറിയത്‌. വൈദ്യുതി പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ജൂണിൽ മന്ത്രി സണ്ണിജോസഫ്‌ കണ്ണൂരിൽ വിളിച്ചുചേർത്ത യോഗത്തിലാണ്‌ സമയപരിധി നീട്ടിനൽകാൻ കരാറുകാർ ആവശ്യപ്പെട്ടത്‌. എന്നാൽ നാലുമാസത്തിനകം കമീഷൻ ചെയ്യേണ്ട പദ്ധതിയുടെ ഫ‍ൗണ്ടേഷൻ പ്രവൃത്തി ഉൾപ്പെടെ ഇനിയും പൂർത്തിയായിട്ടില്ല. ആഗോള വിതരണശൃംഖലയിലെ പ്രശ്‌നങ്ങൾമൂലം ഉപകരണങ്ങൾ ലഭിക്കുന്നത്‌ വൈകുന്നതാണ്‌ പദ്ധതി നീളാൻ കാരണമെന്നാണ്‌ വിശദീകരണം. എന്നാൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാങ്കേതിക വിശദാംശങ്ങൾ പോലും കെഎസ്‌ഇബിക്ക്‌ ഇതുവരെയും സമർപ്പിച്ചിട്ടില്ല. ഇ‍ൗ സാഹചര്യത്തിൽ 2027ൽ ഉൾപ്പെടെ പദ്ധതി പൂർത്തിയാക്കാനാവില്ലെന്ന്‌ ഏതാണ്ടുറപ്പായി. അഞ്ച്‌ രൂപ ശരാശരി സംഭരണ നിരക്കും മൂന്നുരൂപ ചാർജിങ്‌ നിരക്കുമടക്കം യൂണിറ്റിന്‌ എട്ട്‌ രൂപയാണ്‌ ബെസ്‌ വൈദ്യുതിയുടെ ചെലവ്‌. രാത്രികാലത്ത്‌ ഇത്‌ നാലുമണിക്കൂർ തുടർച്ചയായി ഉപയോഗിക്കാനാകും. 160 മെഗാവാട്ട്‌ വൈദ്യുതി ശ്രീകണ്‌പുരം ബെസിന്‌ സംഭരിക്കാനാവും. പുരപ്പുര സോളാർ നിലയങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ബെസ്‌ പദ്ധതി വലിയ പ്രതീക്ഷയോടെയാണ്‌ കെഎസ്‌ഇബി അവതരിപ്പിച്ചത്‌. പദ്ധതി കമീഷനിങ് നീണ്ടുപോയാൽ ലക്ഷങ്ങളുടെ നഷ്ടമാണ്‌ പ്രതിദിനം ഉണ്ടാവുക. എൻടിപിസി ഗ്രീൻ എന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ്‌ പദ്ധതിയുടെ നിർവഹണ ഏജൻസി. യു സോളാർ എന്ന കന്പനിയാണ്‌ കരാറുകാർ. സംസ്‌ഥാനത്തെ മറ്റ്‌ ബെസ്‌ പദ്ധതികളായ മൈലാട്ടി, അരീക്കോട്‌, മുള്ളേരിയ, പോത്തൻകോട്‌ ബെസ്‌ പദ്ധതികളും സമാനമായി നീളുകയാണ്‌. പദ്ധതി വൈകുന്നതിൽ വൈദ്യുതി റെഗുലേറ്ററി കമീഷന്‍ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home