കുട്ടികൾക്കൊപ്പം കാലവും മാറട്ടെ

പുണ്യ സി ആർ
Published on Nov 14, 2026, 12:21 AM | 1 min read
പുണ്യ സി ആർഎക്കാലത്തെയും ‘പുതിയ' തലമുറ പ്രതീക്ഷകളുടെയും പരാതികളുടെയും അദൃശ്യ ഭാരവും പേറിയാണ് വളർന്നിട്ടുള്ളത്. ഇക്കാലത്തെ കുട്ടികളും അങ്ങനെ തന്നെ. ദ്രുതഗതിയിലുള്ള സാങ്കേതിക വളർച്ച, വേഗത, ദൃശ്യപരത, ഹ്രസ്വശ്രദ്ധ എന്നിവയാൽ കുറെക്കൂടെ സങ്കീർണമായ "ജെൻ ആൽഫ' തലമുറ ചുമക്കേണ്ട ഭാരം തീരെ ചെറുതല്ല. വായനാശീലമില്ലാത്ത, അരാഷ്ട്രീയവാദികളോ അരാജകവാദികളോ ആയ ഉത്തരവാദിത്വമില്ലാത്ത തലമുറയായാണ് പലരും പുതുകാല തലമുറയെ വിലയിരുത്താറുള്ളത്. മൊബൈൽ സ്ക്രീനിലേക്ക് പിറന്നുവീഴുകയും സ്ക്രീൻവെളിച്ചത്തിൽ വളരുകയും ചെയ്യുന്ന തലമുറയാണെന്നത് ശരിതന്നെ. അമേരിക്കൻ എഴുത്തുകാരൻ മാർക്ക് പ്രെൻസ്കിയുടെ ഭാഷയിൽ ഈ തലമുറയെ "ഡിജിറ്റൽ നേറ്റീവ്സ്' എന്ന് വിളിക്കാം.
ഡിജിറ്റൽ യുഗത്തിലേക്ക് പിറന്നുവീഴുന്നവരുടെ സവിശേഷ മനോഘടനയുടെ ആധാരം തന്നെ ഡിജിറ്റൽ ലോകം നിർമിച്ചുനൽകുന്ന സമാന്തര ലോകമാണ്. ഇങ്ങനെയൊരു സാമൂഹിക പരിസരത്തിൽ വളരുന്നതിന്റെ സാധ്യതകളും സകലമാന ഭവിഷ്യത്തുകളും അനുഭവിക്കുന്ന പുതിയ തലമുറയെ നിരന്തരമായ സാമാന്യവൽക്കരണങ്ങൾക്ക് വിധേയമാക്കുന്നതിൽ വ്യക്തിപരമായി വിയോജിപ്പുണ്ട്. ധാരാളം വായിക്കുന്ന, എഴുതുന്ന, സിനിമ കാണുന്ന, യാത്ര ചെയ്യുന്ന, പടം വരയ്ക്കുന്ന, അധ്വാനിക്കുന്ന, ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിയുന്ന, തെരഞ്ഞെടുപ്പുകളെ സ്വാഗതം ചെയ്യുന്ന, പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കുട്ടികൾ തന്നെയാണ് പുതിയ കുട്ടികൾ! സംസ്കാരത്തിലെ പാരമ്പര്യ ഘടകങ്ങളുടെ സാമ്പ്രദായിക വിനിമയങ്ങളേക്കാൾ നവസാങ്കേതികതയിലൂടെ വിനിമയം ചെയ്യപ്പെടുന്ന മറ്റൊരു ലോകബോധമാണ് ഈ തലമുറയുടെ പ്രബലമായ ഘടകം എന്നുമാത്രം.
അതുകൊണ്ടു തന്നെ സമൂഹം ഇതുവരേയ്ക്കും പരിചരിച്ചുവന്ന രീതിയിലല്ല മേൽപ്പറഞ്ഞ കാര്യങ്ങളിൽ അവർ വ്യാപൃതരാകുന്നത്. പുതിയ കുട്ടികൾ മൊബൈൽ സ്ക്രീനിനെ പുസ്തകമാക്കുന്നു, ടാബിനെ ക്യാൻവാസാക്കുന്നു, സോഷ്യൽ മീഡിയ വഴി സംഘടിക്കുന്നു, ലാത്തിച്ചാർജിലും പ്രതിഷേധക്കൊടിയേന്തി പുഞ്ചിരിയോടെ മുന്നോട്ടായുന്നു! തികച്ചും യാഥാസ്ഥിതികമായ അലിഖിത നിയമങ്ങളെയൊക്കെ കാറ്റിൽ പറത്തുന്ന കുട്ടികൾ തുല്യതയിലും ജനാധിപത്യത്തിലും നിലനിൽക്കുന്ന ലിംഗബോധത്തെയും മതേതര ജീവിതത്തെയും സ്വാഗതം ചെയ്യുന്നു.
പുതിയ തലമുറയിൽ കുറേക്കൂടി ചരിത്രബോധവും രാഷ്ട്രീയവിചാരങ്ങളുമുണ്ടാകേണ്ടത് അനിവാര്യതയാണ്. അതിനായി സ്വന്തം അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും പറ്റി കുട്ടികൾക്കുള്ളിൽ അവബോധമുണ്ടാക്കുകയാണ് വേണ്ടത്.
സ്കൂളും കുടുംബവും നാടും ഇൻക്ലൂസീവായി കുട്ടികൾക്കൊപ്പം നിൽക്കണം. കുട്ടികൾക്കുമുന്പേ നമ്മൾ പലതും പഠിക്കുകയും പഠിച്ചതിൽ ചിലത് തിരുത്തുകയും വേണമെന്നർഥം. കുട്ടികളുടെ സ്വപ്നങ്ങളിൽ, പ്രതീക്ഷകളിൽ സർഗാത്മകവും സൗന്ദര്യാത്മകവുമായ ലോകമാണുണ്ടാവുകയെന്ന് തീർച്ചയാണ്.









0 comments