സ്വന്തം ഭാഷയിൽ സംസാരിക്കാനും പഠിക്കാനും ആഗ്രഹിക്കുന്ന അട്ടപ്പാടിയിലെ കുട്ടികൾക്ക് ഭാഷ ഒരു അതിരല്ല, മറികടക്കേണ്ട വെല്ലുവിളിയാണ്
ബാസെ പലതരത്തി, കനസ് ഒന്ത്

അഗളി ഗവ. ഹൈസ്കൂളിലെ കുട്ടികളും അധ്യാപകനായ എസ് എസ് ആദർഷും

സ്വാതി സുജാത
Published on Nov 14, 2026, 12:30 AM | 1 min read
പാലക്കാട്
ഇരുളയും മുഡുഗയും കുറുമ്പയും മലയാളവും മാറി മാറി ഉയരുന്നു. ചില സംഭാഷണങ്ങൾ പാതിയിൽ മുറിയുന്നതോടെ പകച്ചുപോകുന്ന മുഖങ്ങൾ. ഏറെ നേരം നീളുന്ന നിശബ്ദതയ്ക്കൊടുവിൽ മുഴങ്ങുന്ന പൊട്ടിച്ചിരി. പലകുറി ആലോചിച്ചിട്ടെന്നപോലെ വീണ്ടും തുടങ്ങുന്ന സംസാരം.. ആദിവാസികൾക്ക് സ്വന്തം തനിമയിൽ വളരാനുള്ള അവകാശമുണ്ടെന്ന നെഹ്റുവിന്റെ വാക്കുകളെ അന്വർഥമാക്കുന്നതാണ് അഗളി ഗവ. ഹൈസ്കൂൾ ക്ലാസ് മുറികളിലെ കാഴ്ച. ഭാഷകൾ വ്യത്യസ്തമാണെങ്കിലും അവരുടെ ചിരിക്കും സൗഹൃദത്തിനും സ്വപ്നങ്ങൾക്കും ഒരേ നിറമാണ്. "എമ്ത്ത് ബാസെ അവര്ക്ക് പുറിയാത്, അവര്ത്ത് എമ്ക്ക്മ്. ആന നാമ് തൊണൈയാളികതെ.നാമ് ഒണ്ണ പട്ത്ത് വളര് വേമ്.' ഭാഷയുടെ അതിർവരമ്പുകൾ ഉണ്ടെങ്കിലും ഞങ്ങൾ കൂട്ടുകാരാണ്, ഞങ്ങൾ ഒന്നിച്ച് പഠിച്ച് വളരുമെന്ന് ഇരുളഭാഷയിലുള്ള ഒമ്പതാം ക്ലാസുകാരി അനാമികയുടെ വാക്കുകളിൽ പുതിയ ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുണ്ട്. ആനവായി, കടുകുമണ്ണ, തുടുക്കി തുടങ്ങിയ വിദൂര ഊരുകളിൽ നിന്നുൾപ്പെടെ 446 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. മാതൃഭാഷയിൽ പഠന സഹായം നൽകുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ "ഗോത്രബന്ധു', 'ഗോത്ര സാരഥി' പോലുള്ള പദ്ധതികളാണ് കുട്ടികളെ പ്രധാനമായും സ്കൂളുകളിലേക്ക് ആകർഷിച്ചത്. എന്നാൽ, ഉയർന്ന ക്ലാസുകളിൽ എത്തുമ്പോൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പദാവലികളിലേക്ക് കുട്ടികൾ ഉയർന്നേ തീരൂ. ലിപിയില്ലാത്ത തനതുഭാഷകളിൽ നിന്ന് ഔദ്യോഗിക ഭാഷകളിലേക്കുള്ള ഈ മാറ്റം ഉൾക്കൊള്ളാൻ പല കുട്ടികൾക്കും കഴിയാതെ വരുന്നത് കൊഴിഞ്ഞു പോക്കിന് കാരണമാണെന്ന് അധ്യാപികയായ നാഗമണി പറയുന്നു.









0 comments