എംഎസ്എഫുകാരുടെ ആക്രമണം
പ്രതികളെ രക്ഷിക്കാന്‍ ആശുപത്രിയുടെ കള്ളസത്യവാങ്മൂലം


സ്വന്തം ലേഖകൻ
Published on Nov 14, 2026, 12:40 AM | 1 min read
തേഞ്ഞിപ്പലം
എംഎസ്എഫുകാർ അത്യാഹിത വിഭാഗത്തിൽ കയറി എസ്എഫ്ഐ നേതാക്കളെ വധിക്കാൻ ശ്രമിക്കുകയും നാശനഷ്ടം വരുത്തുകയുംചെയ്ത സംഭവത്തിൽ മലക്കംമറിഞ്ഞ് ആശുപത്രി മാനേജ്മെന്റ്. ചേളാരിയിലെ ഡിഎംഎസ് ആശുപത്രി മാനേജ്മെന്റാണ് മുസ്ലിംലീഗ് സമ്മർദത്തിന് വഴങ്ങി അക്രമം നടത്തിയവര്‍ക്കെതിരെയുള്ള പരാതി പിൻവലിച്ചത്. അക്രമം നടന്നിട്ടില്ലെന്ന കള്ളസത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ ആശുപത്രി ആക്രമിച്ചതിന് അറസ്റ്റിലായ രണ്ട് എംഎസ്എഫുകാർക്ക് ജാമ്യം ലഭിച്ചു. ഒക്ടോബർ 29ന് രാത്രി 12.30ന് ആശുപത്രിയിൽ മാരാകായുധങ്ങളുമായി അതിക്രമിച്ച് കയറിയാണ് എംഎസ്‌എഫ് സംഘം എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും ക്രൂരമായി മർദിച്ചത്. ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെയും ആക്രമണമുണ്ടായി. സംഭവസമയം നിരവധി രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങളും നശിപ്പിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ജംഷീദ് പിച്ചാലി തേഞ്ഞിപ്പലം പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇത് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇൗമാസം മൂന്നിന് ജംഷീദ് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സത്യവാങ്മൂലം നൽകി എംഎസ്എഫുകാരെ രക്ഷിക്കുകയായിരുന്നു. ആശുപത്രിക്കോ ജീവനക്കാർക്കോ പരാതിയില്ലെന്ന് പൊലീസിനെയും അറിയിച്ചു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഡോക്ടറും നഴ്സുമാരും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയും എംഎസ്‌എഫുകാര്‍ക്കെതിരെ തെളിവായി നിൽക്കുമ്പോഴാണ് അക്രമികളെ രക്ഷിക്കാൻ ഡിഎംഎസ് മാനേജ്മെന്റ് കള്ളസത്യവാങ്മൂലം നൽകിയത്.









0 comments