വേണാടിന് വഴിമുടക്കി നിലമ്പൂര്‍ യാര്‍ഡ്

എം സനോജ്
Published on Nov 14, 2026, 12:30 AM | 1 min read
നിലമ്പൂര്‍
പാത വൈദ്യുതീകരിച്ചിട്ടും നിലമ്പൂരിലേക്ക് വേണാട് എക്സ്പ്രസ് നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നീളുന്നു. 24 കോച്ചുകളുള്ള തീവണ്ടി നിർത്താൻ പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതും യാർഡിന്റെ പരിമിതികളും സർവീസ് നീട്ടലിന് തടസ്സമാകുന്നു. വൈദ്യുതീകരണത്തോടെ കൂടുതൽ തീവണ്ടികൾക്ക് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിച്ച യാത്രക്കാർക്ക് റെയിൽവേയുടെ അടിസ്ഥാനസൗകര്യ വികസനത്തിലെ മെല്ലെപ്പോക്ക് തിരിച്ചടിയാകുകയാണ്.
24 കോച്ചുകൾക്ക് ഇടമില്ല
വേണാട് എക്സ്പ്രസിന് 24 കോച്ചുകളുണ്ടെങ്കിലും നിലമ്പൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ എൻജിൻ ഉൾപ്പെടെ 16 കോച്ചുകളും രണ്ടാം പ്ലാറ്റ്ഫോമിൽ 11 കോച്ചുകളുംമാത്രമേ നിർത്താനാകൂ. പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനൊപ്പം പാളങ്ങളുടെ ക്രമീകരണവും മാറ്റേണ്ടതുണ്ട്. വേണാട് നിലമ്പൂരിലേക്ക് നീട്ടിയാൽ സർവീസ് അവസാനിക്കുന്നതിനുശേഷം തീവണ്ടി നിർത്തിയിടാനുള്ള സൗകര്യവും ഒരുക്കണം. ഒഴിഞ്ഞ റാക്കുകൾ നിർത്തിയിടാൻ പ്രത്യേക പാതയില്ലാത്തത് മറ്റൊരു പരിമിതിയാണ്. അധിക പാളങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം പാളം മാറ്റാനുള്ള സംവിധാനങ്ങൾ, സിഗ്നലുകൾ, വൈദ്യുതിവിതരണ സംവിധാനം എന്നിവയിലും മാറ്റം വേണ്ടിവരും. എത്ര ഭൂമി ആവശ്യമാണ്, എത്ര പാളങ്ങൾ അധികമായി വേണം, യാർഡ് നവീകരണത്തിന് എത്ര ചെലവാകും തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ പദ്ധതിയോ സമയക്രമമോ റെയിൽവേയുടെ ഭാഗത്തുനിന്ന് വ്യക്തമല്ല. വേണാട് നി കോച്ചുകളുടെ എണ്ണം കുറച്ച് സർവീസ് നടത്താനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന സൂചനയുണ്ട്.
സമയക്രമവും കടമ്പ
ഷൊർണൂരിലെ സമയക്രമവും വേണാട് നീട്ടുന്നതിന് നിർണായകമാണ്. നിലവിലെ സമയപ്പട്ടിക പ്രകാരം പകൽ 12.35ന് വേണാട് ഷൊർണൂരിലെത്തും. മടക്കസർവീസ് 2.35നാണ് പുറപ്പെടുന്നത്. രണ്ട് മണിക്കൂർമാത്രമാണ് ഇടവേള. നിലമ്പൂർ–ഷൊർണൂർ 66 കിലോമീറ്റർ ദൂരം താണ്ടി തിരിച്ചെത്താൻ മൂന്ന് മണിക്കൂറിലധികം വേണ്ടിവരും. ഇതേ റാക്ക് ഉപയോഗിച്ച് വേണാട് നീട്ടി മടക്കസർവീസ് നടത്തുന്നത് നിലവിലെ സമയക്രമത്തിൽ പ്രായോഗികമല്ല.









0 comments