പ്രതീക്ഷയോടെ വളർമതിയുടെ അമ്മയും കുട്ടികളും
ചിരിമങ്ങിയ വീട്ടിൽ അവളെ കാത്ത്

വളർമതിയുടെ അമ്മ യശോദ

സായൂജ് ചന്ദ്രൻ
Published on Nov 14, 2026, 12:16 AM | 1 min read
പാലക്കാട്
"എപ്പോഴെങ്കിലും കിട്ടുന്ന തൊഴിലുറപ്പ് ജോലിയാണ് എന്റേം കുട്ടികളുടെയും ഭക്ഷണം, അവൾക്ക് ഒരു ജോലികിട്ടിയാൽ കുടുംബത്തിന് വലിയ ആശ്വാസമാകും. ഇൗ സമരം അവൾക്കുവേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടിയാണ്’. യശോദയുടെ കണ്ണുകൾ നിറഞ്ഞു, വാക്കുകളിടറി. എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് സമര നായിക വളർമതിയുടെ പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ അമ്മ യശോദയും മക്കളായ വർഷയും ആർഷയും മാത്രം. ചിരിമങ്ങിയ വീട്ടിൽ ഓരോ നിമിഷവും തിരുവനന്തപുരത്തുനിന്നുള്ള സന്തോഷ വാർത്തയ്‌ക്കുള്ള കാത്തിരിപ്പ്. സമരത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വീട്ടിലുള്ളവർക്കാവില്ല. ടിവി കേടായി ദിവസങ്ങളായി, നന്നാക്കാൻ പണമില്ല. എപ്പോഴെങ്കിലുമുള്ള ഫോൺ കോളുകൾ മാത്രമാണ് ആകെയുള്ള ആശ്വാസം. "വളരെ കഷ്ടപ്പെട്ടാണ് വളർമതിയെ പഠിപ്പിച്ചത്, ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചില്ല. ആദ്യം ജോലി നൽകാമെന്ന് ഉറപ്പ് നൽകിയതാണ് ഇന്നത്തെ മുഖ്യമന്ത്രി. പിന്നെ വാക്ക് മാറ്റി ഒരു കുടുംബത്തിന്റെ പ്രതീക്ഷ ഇല്ലാതാക്കി. എന്തു വന്നാലും ജോലി തന്നിരിക്കണം' നിസ്സഹായതയോടെ യശോദ പറഞ്ഞു. മുമ്പുണ്ടായ പരിക്കിൽ യശോദയുടെ കാലിൽ സ്റ്റീൽ ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി. അടുത്തമാസം പോകണമെങ്കിൽ ആരെങ്കിലും സഹായിക്കണം. "അമ്മയുടെ നിർബന്ധപ്രകാരമാണ് അധ്യാപികയാകാൻ തീരുമാനിച്ചത്, ഇതൊക്കെ കാണുമ്പോൾ പേടിയാകുന്നു' വളർമതിയുടെ മൂത്ത മകൾ ഡിഎൽഇഡി വിദ്യാർഥിനി വർഷ പറഞ്ഞു. മന്ത്രിമാർ ജന്തർമന്തർവരെ പോയി സമരം നടത്തി,കാൽച്ചുവട്ടിൽ കിടന്ന് സമരം ചെയ്യുന്ന ഇവരെ കാണുന്നില്ല. വർഷയുടെ മൂർച്ചയുള്ള വാക്കുകൾക്കൊപ്പം അനുജത്തി ആർഷയുംകൂടി. തറവാട് വീട് വാടകയ്‌ക്ക് കൊടുത്തിട്ടുണ്ട്. അതിൽനിന്നുള്ള തുകയിൽനിന്നാണ് പഠനത്തിന് ഫീസ് ഉൾപ്പെടെ കണ്ടെത്തുന്നത്. പലചരക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ തീരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. "പേടിക്കണ്ട എല്ലാം ശരിയായിട്ടേ വരൂ' എന്ന വളർമതിയുടെ വാക്കുകൾ മാത്രമാണ് മൂന്നുപേരുടെയും പ്രതീക്ഷ.









0 comments