Deshabhimani

വേനൽ തുടങ്ങുംമുന്പേ 
കരുതണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2026, 02:00 AM | 1 min read

കണ്ണൂർ

തുലാവർഷം ഇ‍ൗ മാസം അവസാനത്തോടെ പതിയെ പിൻവാങ്ങിത്തുടങ്ങിയാൽ, ജലക്ഷാമത്തിന്റെ കഥകളാകും പിന്നീട്‌ കേൾക്കുക. ആവശ്യത്തിന്‌ മഴ കിട്ടിയാലും, എല്ലാം ഒഴുക്കി വിടുന്ന നമ്മൾ, വേനൽ മൂർച്ഛിച്ചാൽ ടാങ്കർ വെള്ളത്തെ ആശ്രയിക്കുന്നു. ജില്ലയിൽ ആവശ്യമുള്ള വെള്ളത്തിൽ 5265 ലക്ഷം ക്യുബിക് മീറ്റർ കുറവാണ്‌ എല്ലാവർഷവും രേഖപ്പെടുത്തുന്നത്‌. ആവശ്യത്തിന്‌ ഭൂഗർഭ ജലം ഉണ്ടെങ്കിലും 2616 ലക്ഷം ക്യുബിക് മീറ്റർ വെള്ളം മാത്രമാണ്‌ എടുക്കുന്നത്‌ എന്നാണ്‌ ഒ‍ൗദ്യോഗിക കണക്കുകൾ. വേനൽക്കാലത്ത് പല തുറന്ന കിണറുകളും ജില്ലയിൽ പൂർണമായും വറ്റിപ്പോകുന്നുണ്ട്‌. ചപ്പാരപ്പടവ് പോലുള്ള സ്ഥലത്ത്‌ കിണറാഴം 16.12 മീറ്റർവരെ പോയിട്ടുണ്ട്‌. ഗുരുതര ജലക്ഷാമം; 
പട്ടികയിൽ കണ്ണൂരും വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് നടത്തിയ ആഗോള പഠനപ്രകാരം, 2050-ഓടെ ഗുരുതരമായ ജലക്ഷാമം നേരിടാൻ സാധ്യതയുള്ള ഇന്ത്യയിലെ 30 നഗരങ്ങളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്‌. ​വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം, മാഹി, പെരുന്പ, അഞ്ചരക്കണ്ടി, കുറ്റിക്കോൽ, രാമപുരം, മയ്യഴി, തലശേരി തുടങ്ങി ചെറുതും വലുതുമായ പുഴകളാണ്‌ ജില്ലക്ക്‌ ജലസമൃദ്ധിയേകുന്നത്‌. ഇവയിൽ പലതും കാലവർഷത്തെ ആശ്രയിക്കുന്നവയായതിനാൽ, വേനൽക്കാലത്ത് ഇവയിലെ നീരൊഴുക്ക് ഗണ്യമായി കുറയുന്നു. പഴശ്ശിയാണ്‌ പ്രധാന ജലസേചന പദ്ധതി. 28478 ഏക്കർ ഭൂമിയിൽ ജലസേചനം എത്തിക്കുകയാണ് ലക്ഷ്യമിട്ടതെങ്കിലും, ഏകദേശം 20077 ഏക്കർ സ്ഥലത്ത് ഇ‍ൗ പദ്ധതിയിൽ വെള്ളമെത്തിക്കുന്നു. 26 പഞ്ചായത്ത്‌, 7 നഗരസഭ, കോർപറേഷൻ എന്നിവയിലൂടെ കടന്നുപോകുന്ന 404 കിലോമീറ്റർ ദൂരമുള്ള കനാൽ ശൃംഖലയും പദ്ധതിക്കുണ്ട്‌. തീരപ്രദേശങ്ങളിലും അഴിമുഖ പ്രദേശങ്ങളിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതാണ്‌ വേനൽക്കാലത്തെ മറ്റൊരു ജലപ്രശ്‌നം. എട്ടിക്കുളം പാലക്കോട്‌, ചൂട്ടാട്‌, മാട്ടൂൽ നോർത്ത്‌, മാട്ടൂൽ അഴിമുഖം, അഴീക്കൽ, കടലായി, ധർമടം, കൊടുവള്ളി, മാഹി എന്നിവടങ്ങളിലെല്ലാം ഉപ്പുവെള്ളം കയറുന്ന പരാതി വേനൽക്കാലത്ത്‌ സജീവമാണ്‌. ആന്തൂർ, ഉളിക്കൽ, എടാട്ട്, പേരാവൂർ, രാമന്തളി തുടങ്ങിയ പ്രദേശങ്ങളിൽ ചിലയിടത്ത്‌ ജലത്തിന്റെ ഗുണനിലവാരത്തിലും സംശയമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home