കരുതൽ കൈകളിൽ തണലൊരുക്കം

പയ്യന്നൂർ
മഴയും വെയിലുമേൽക്കാത്ത അടച്ചുറപ്പുള്ള വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. അത്തരത്തിലുള്ള അഞ്ച് കുടുംബങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് പയ്യന്നൂർ കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് - 95 വളന്റിയർമാർ. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് എടക്കോത്താണ് വീടുകൾ നിർമിച്ചത്. എടക്കോത്തെ ടോമി മൈക്കലും ഇരിട്ടിയിലെ ടോം ഫ്രാൻസിസും എടക്കോത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് ഷാരോൺ മാത്യു, കെ കെ ചിത്ര, എ എം റസീന, ഒ കെ സുരേഷ്, പി ജി ഷൈല എന്നിവർക്കായി വീടുകൾ ഒരുക്കിയത്. സ്വന്തമായി സ്ഥലമോ, വീടോ ഇല്ലാതെ വിവിധ സ്ഥലങ്ങളിൽനിന്നുമെത്തി എടക്കോത്തെ വാടക വീടുകളിൽ താമസിച്ചുവരികയാണ് ഇവർ. ഷാരോൺ മാത്യുവിന് ഭർത്താവും രണ്ട് മക്കളുമാണുള്ളത്. കൂലിപ്പണിയെടുത്താണ് ജീവിതം. കരുവഞ്ചാലിലെ കെ കെ ചിത്രക്ക് ഭർത്താവും സ്കൂൾ വിദ്യാർഥികളായ മൂന്ന് മക്കളുമുണ്ട്. കൂലിപ്പണിയെടുത്താണ് എ എം റസീന ഉമ്മയും സ്കൂൾ വിദ്യാർഥിയായ മകനും ജീവിക്കുന്നത്. ആലക്കോട്ടെ സുരേഷ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിയുന്നത്. പി ജി ഷൈല കാൻസർ രോഗിയായ ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമാണ് താമസം. പ്രോഗ്രാം ഓഫീസർ ഡോ. ടി കെ ജയരാജിന്റെ നേതൃത്വത്തിൽ എൻഎസ്എസ് വളന്റിയർമാർ സമ്മാന കൂപ്പണുകളിലൂടെയും അച്ചാർ ചലഞ്ചിലൂടെയും മറ്റും തുക സമാഹരിച്ചാണ് സ്നേഹഭവനങ്ങൾ പൂർത്തിയാക്കിയത്. നാല് ലക്ഷം രൂപ വീതം കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും നൽകി. കോളേജ് സെമിനാർ ഹാളിൽ വ്യാഴം പകൽ 11ന് മന്ത്രി റോജി എം ജോൺ താക്കോൽ കൈമാറും. എം വിജിൻ എംഎൽഎ അധ്യക്ഷനാകും.









0 comments