യുപിഎസ് ബാറ്ററി മോഷണം അന്വേഷണം നടത്തി നടപടിയെടുക്കണം: എൻജിഒ യൂണിയൻ

പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഡയാലിസിസ് യന്ത്രത്തിന്റെ യുപിഎസ് 32 ബാറ്ററികൾ കവർന്ന സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കേരള എൻജിഒ യൂണിയൻ മെഡിക്കൽ കോളേജ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രിയുടെ രണ്ടാംനിലയിൽ ഡയാലിസിസ് യൂണിറ്റ് നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ട വാർഡിലെ യുപിഎസ് റൂമിൽനിന്നാണ് ബാറ്ററികൾ കാണാതായത്. മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും ദൈനംദിന കാര്യങ്ങളിൽ മേലധികാരികൾ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെയുള്ളതാണ്. കഴിഞ്ഞ സർക്കാർ നവീകരണ പ്രവൃത്തികൾ കർശനമായ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് നടത്തിയത്. എന്നാലിപ്പോൾ ആശുപത്രിയിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ അധികൃതർ ശ്രദ്ധിക്കാതിരിക്കുകയും ചില പ്രത്യേക താൽപര്യങ്ങൾക്ക് വിധേയമായി നടപടിയെടുക്കുകയുമാണ്. കോളേജിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രിൻസിപ്പാൽ തന്നെ കൂടുതൽ ദിവസവും അവധിയിലാണ്. മറ്റ് ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നിലപാടാണ് മൂലമാണ് ഇത്തരത്തിലുള്ള മോഷണങ്ങൾ നടക്കുന്നത്. കൃത്യമായ മോണിറ്ററിങ് നടത്താൻ തയ്യാറാകുന്നില്ല. യുപിഎസ് ബാറ്ററി മോഷണം പോയതിനാൽ നവീകരിച്ച ഡയാലിസ് യൂണിറ്റിന്റെ പ്രവർത്തനം പൂർണമായ അവസ്ഥയിൽ പുനരാരംഭിക്കാൻ സാധിക്കാത്ത നിലയിലാണ്. അടിയന്തരമായി രോഗികൾക്ക് ഡയാലിസിസ് സംവിധാനം ഏർപ്പെടുത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടിയെടുക്കണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.









0 comments