പി ബാലൻ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയ നേതാവ്

പിണറായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പ്രതിനിധിയായി ഒരു പതിറ്റാണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയ പി ബാലൻ സർക്കാർ സംവിധാനത്തിനും സാധാരണക്കാർക്കും ഇടയിൽ കണ്ണിയായി പ്രവർത്തിച്ചു. വേങ്ങാട് തെരുവിൽ നെയ്‌ത്തുതൊഴിലാളിയായി ജീവിതം ആരംഭിച്ച ബാലൻ, നെയ്-ത്തുതൊഴിലാളി യൂണിയനിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. വേങ്ങാടും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്‌റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിന്ന് പ്രവർത്തിച്ചു. കോൺഗ്രസ് ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളും കള്ളക്കേസുകളും പൊലീസ് മർദനങ്ങളും തുടർച്ചയായി നേരിട്ടു. പാർടി നിരോധനകാലത്തും അടിയന്തരാവസ്ഥയിലും ക്രൂരമായ പീഡനങ്ങൾക്കിരയായി. 1994-ൽ ടാഡ കേസിൽ അറസ്റ്റിലായ അദ്ദേഹം 104 ദിവസം ജയിൽവാസം അനുഭവിച്ചു. കമ്യൂണിസ്റ്റ് പാർടി പിളർന്നപ്പോൾ സിപിഐ എമ്മിൽ ഉറച്ചുനിന്ന അദ്ദേഹം പിന്നീട് വേങ്ങാട്ടെ പാർടിയുടെ പ്രധാന സംഘാടകരിലൊരാളായി. ചെത്തുതൊഴിലാളി യൂണിയൻ കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വേങ്ങാട് അങ്ങാടി പാലം, അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡ് ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ യാഥാർഥ്യമാക്കി. 2016 മുതൽ 2026 വരെ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയായിരുന്ന അദ്ദേഹം, ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിലും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ. ഹൈസ്കൂൾ സ്ഥാപകരിൽ ഒരാളായ അദ്ദേഹം സ്കൂളിന്റെ വികസന സമിതി കൺവീനറും കൂടിയാണ്. പി ബാലന് അന്ത്യാഞ്ജലി വീട്ടിൽ പൊതുദർശനത്തിന് വെച്ച പി ബാലന്റെ മൃതദേഹത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പിണറായി ഏരിയ സെക്രട്ടറി കെ ശശിധരൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൻ ഷംസീർ, വത്സൻ പനോളി, എൻ ചന്ദ്രൻ, ടി വി രാജേഷ്, പി ശശി, ഡോ. വി ശിവദാസൻ എം പി, വി കെ സനോജ് എംഎൽഎ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, കാരായി രാജൻ എംഎൽഎ, കെ വി സുമേഷ് എംഎൽഎ, ടി ഐ മധുസൂദനൻ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ഇന്ന് ഹർത്താൽ പി ബാലന്റെ നിര്യാണത്തിൽ ആദരസൂചകമായി ചൊവ്വാഴ്ച പകൽ രണ്ടുവരെ വേങ്ങാടും പരിസര പ്രദേശങ്ങളിലും ഹർത്താൽ ആചരിക്കും.









0 comments