Deshabhimani

വീട്‌ കുരുതിക്കളം; മട്ടന്നൂർ നടുങ്ങി

അമ്മയും മകനും വെട്ടേറ്റുമരിച്ച സംഭവമറിഞ്ഞ്​ മട്ടന്നൂർ ലയൺസ്‌ ക്ലബ്‌ റോഡിലെ വീട്ടിലെത്തിയവർ
വെബ് ഡെസ്ക്

Published on Nov 11, 2026, 01:30 AM | 1 min read

മട്ടന്നൂർ

അയൽവാസികൾക്കും നാട്ടുകാർക്കും വിശ്വസിക്കാൻ കഴിയാത്ത വാർത്തയാണ്​ ചൊവ്വ രാവിലെ മട്ടന്നൂരുകാരറിഞ്ഞത്‌. അത്രയ്‌ക്കും സമാധാനത്തോടെ കഴിയുന്ന കുടുംബത്തിലെ രണ്ടുപേരെയാണ്​ വെട്ടേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്​. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ നന്ദനത്തിൽ സി ജ്യോതി, മകൻ നവീൻ കൃഷ്ണ എന്നിവരെയാണ്‌ വെട്ടേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ അത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസെങ്കിലും കുടുംബത്തെ നന്നായി അറിയാവുന്ന അയൽവാസികൾക്ക്​ ഇത്​ പൂർണമായി വിശ്വസിക്കാനാകാത്ത നിലയിലാണ്‌. കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്ന് അവർ പറഞ്ഞു. ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണന്റെ ബഹളംകേട്ട്​ ഓടിയെത്തിയ അയൽവാസികൾ രക്​തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ട്‌ നടുങ്ങി​. പുറത്തുനിന്ന് ആരെങ്കിലും വീട്ടിലെത്താനുള്ള സാധ്യത കുറവാണെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും ​കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്ഡി പറഞ്ഞു. അന്വേഷണം തുടങ്ങിയിട്ടേയുള്ളു. അതുകൊണ്ട്​ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ എസിപി എം പി ആസാദിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. ഫോറൻസിക്​ വിഭാഗവും സ്ഥലത്തെത്തി. മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വീട്ടിലെത്തിയ വി കെ സനോജ്‌ എംഎൽഎയും സിപിഐ എം ഏരിയാ സെകട്ടറി എം രതീഷും ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home