ജീവിതം സുന്ദരചിത്രമാക്കാൻ എരഞ്ഞോളി

ലഹരിക്കും മാലിന്യത്തിനുമെതിരെ എരഞ്ഞോളി പഞ്ചായത്ത് സംഘടിപ്പിച്ച ന്യൂജെൻ സ്‌നേഹമതിൽ (ഫയൽചിത്രം)
തലശേരി
ലഹരിവിപത്തിനും മാലിന്യത്തിനുമെതിരെ വിദ്യാർഥികളെ അണിനിരത്തി ചിത്രംവരയാൻ എരഞ്ഞോളി ഗ്രാമം. കുടുംബത്തിനൊപ്പം ചേർന്ന് വിദ്യാർഥികൾ തയ്യാറാക്കുന്ന വർണങ്ങളുടെയും വരകളുടെയും ഉത്സവം ശിശുദിനത്തിൽ ആരംഭിക്കും. 5000 കുടുംബങ്ങളിലെ 20, 000 പേർ ‘മാലിന്യത്തോട് വിട, ലഹരിയോട് വിട, ജീവിതം സുന്ദരമാക്കാം’ സന്ദേശവുമായുള്ള വർണോത്സവത്തിൽ പങ്കാളികളാകും. ലഹരിക്കെതിരായ സർഗാത്മക പ്രതിരോധത്തിൽ കേരളത്തിന് വഴികാട്ടുകയാണ് എരഞ്ഞോളി പഞ്ചായത്ത്. എൽപി മുതൽ എൻജിനിയറിങ്ങ് കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർഥികളും വീടുകളിൽനിന്ന് ‘ജീവിതമാണ് ലഹരി’ വിഷയത്തിൽ ചിത്രം വരയും. ഏത് മാധ്യമത്തിലും ചിത്രം വരയ്‌ക്കാം. കുടുംബത്തോടൊപ്പം ഇരുന്ന് ഓരോ വിദ്യാർഥിയും വരയ്‌ക്കുന്ന ചിത്രത്തിന്റെ ശീർഷകം വീട്ടുകാർക്കും നിർദേശിക്കാം. വരച്ച ചിത്രത്തിൽ ഓരോ കുടുംബാംഗങ്ങളും പേരെഴുതി ഒപ്പിടണം. പഞ്ചായത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് വാർഡുതല കർമ സമിതി മുഖേന വർണോത്സവത്തിന്റെ ഭാഗമാകാം. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഇതിനകം വർണോത്സവ സന്ദേശം എത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിപ്പ് നൽകി. ലഹരിക്കും മാലിന്യത്തിനുമെതിരായ ചിന്ത കുട്ടികളിലും മുതിർന്നവരിലും വളർത്താൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. വാർഡ്, സ്‌കൂൾ, പഞ്ചായത്ത് തലത്തിൽ മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകുകയും പ്രദർശിപ്പിക്കുകയും ചെയ്യും. കാളി ബോട്ട് ജെട്ടിയിൽ 14ന് പകൽ മൂന്നിന് ചിത്രകാരൻ എബി എൻ ജോസഫ് വർണോത്സവത്തിന് തുടക്കംകുറിക്കുമെന്ന് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ ജനാർദനൻ, എം രാജൻ, കണ്ട്യൻ ഷീബ, എം പി സാരജൻ, മുകുന്ദൻ മഠത്തിൽ, കെ പി പ്രമോദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments