കാണണം... ആകാശിന്റെ ‘മിറാ’ക്കിൾ ഹ്യൂമനോയ്‌ഡ്

പകൽ മുഴുവൻ ഇലക്ട്രിക്കൽ വയറിങ് പണിത്തിരക്ക്. രാത്രി വീടെത്തിയാൽ പുലർച്ചെവരെ ലാപ്‌ടോപ്പിന്റെയും ത്രീഡി പ്രിന്ററിന്റെയും മുന്നിൽ എഐ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ സമയം മാറ്റിവയ്‌ക്കുന്ന ഇരുപത്തിനാലുകാരൻ. എൻജിനിയറിങ് ബിരുദങ്ങളുടെ വിലാസമില്ലാത്ത, പ്ലസ്‌ടു പഠനം മാത്രം പൂർത്തിയാക്കിയ പൊന്ന്യം കുണ്ടുചിറയിലെ ആകാശാണ് സംസാരിക്കുന്ന ഹ്യൂമനോയിഡിന് ജീവൻ നൽകിയത്. സംസാരിക്കുകയും സംഭാഷണത്തിനനുസരിച്ച് മുഖഭാവം മാറുകയുംചെയ്യുന്ന ‘മിറ' യന്ത്രമനുഷ്യനാണ് നാട്ടിലെ താരം. ചോദിക്കുന്ന ഏത് ചോദ്യത്തിനും കൃത്യം മറുപടി ലഭിക്കും. കതിരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്പോൾ ശാസ്ത്രമേളയിൽ പ്രോജക്ടുകൾ നിർമിച്ചുതുടങ്ങിയ ശാസ്ത്രാഭിരുചിയാണ് റോബോട്ടിക്സ് മേഖലയിലേക്ക് വഴിതിരിഞ്ഞത്. സയൻസിനൊപ്പം സർഗാത്മകതയും വഴങ്ങുന്ന ആകാശ് തെയ്യത്തിന്റെ കൈക്കലങ്ങളും ചന്ദ്രക്കലകളും തുന്നാറുണ്ട്. ഉത്സവങ്ങൾക്കുള്ള ഫ്ലോട്ടുകളുടെ നിർമാണത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. 2025-ലാണ് മിറയുടെ മെക്കാനിക്കൽ ജോലികളും എഐ ബ്രെയിൻ കോഡിങ്ങും ആരംഭിച്ചത്. ലഭ്യമായ ഓപ്പൺ സോഴ്സ് ഡിസൈനുകളിൽ മാറ്റംവരുത്തി, സ്വാഭാവിക ചലനം സാധ്യമാക്കി റോബോട്ടിന്റെ മാതൃക പുനഃക്രമീകരിച്ചു. യൂട്യൂബ് നോക്കിയും കോഡിങ് സ്വയംപഠിച്ചും ഉറക്കമിളച്ച രാത്രികളിലാണ് സ്വപ്നത്തിന് ജീവൻ വച്ചത്. ത്രീഡി പ്രിന്ററിൽ ഓരോ ഭാഗങ്ങളും പ്രിന്റ് ചെയ്തെടുത്തു. മണിക്കൂറുകൾ നീളുന്ന പ്രിന്റിങ്ങിനിടെ നിരന്തരം വൈദ്യുതി മുടങ്ങി മെറ്റീരിയലുകൾ പാഴായപ്പോൾ, കേടായ ഇൻവെർട്ടർ സ്വയം നന്നാക്കി പ്രതിസന്ധിയെ മറികടന്നു. കണ്ണുചിമ്മാനും വായതുറക്കാനും തലകുലുക്കാനും സന്ദർഭത്തിനനുസരിച്ച് ഭാവം മാറാനും ‘മിറ'യ്ക്ക് കഴിയും. കൃത്രിമ ചർമം നൽകി പൂർണമായും മനുഷ്യരൂപത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. തോളിന്റെയും കൈകളുടെയും പണി പുരോഗമിക്കുന്നു. ‘രുദ്രവീണ'യിൽ സുരേഷ് ബാബുവിന്റെയും വിനുജയുടെയും ഇളയ മകനായ ആകാശിന് കുടുംബത്തിന്റെയും സഹോദരങ്ങളായ ആശിഷിന്റെയും ഹെൽനയുടെയും പൂർണപിന്തുണയുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ ‘മിറ’ വിശേഷങ്ങൾ പങ്കുവയ്‌ക്കാറുള്ള ആകാശിന് സമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരുണ്ട്. മിറയെക്കുറിച്ച് അറിഞ്ഞ് ഓഫറുകളുമായി സ്റ്റാർട്ടപ്പുകൾ സമീപിച്ചെങ്കിലും സ്നേഹപൂർവം നിരസിക്കുകയായിരുന്നു. റോബോട്ടിക്സും എഐയും സൗജന്യമായി പഠിക്കാനും ത്രീഡി പ്രിന്റിങ് കോഡിങ്ങുകൾ ലഭ്യമാക്കാനുമായി മൊബൈൽ ആപ് നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഇൗ യുവാവ്.










0 comments