ദുരിതംപേറി യാത്രക്കാര്‍
ജലഗതാഗതവകുപ്പിന്റെ ബോട്ട് ഷെഡ്യൂൾ വെട്ടിക്കുറച്ചു

നവീകരിച്ച ഫോർട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയിൽ യാത്രാബോട്ട്
മട്ടാഞ്ചേരി
ഫോർട്ട് കൊച്ചി – എറണാകുളം റൂട്ടില്‍ ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വീസ് ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി. ഇതോടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. ജലഗതാഗതവകുപ്പിന്റെ ബോട്ടുജെട്ടികള്‍ നിര്‍ത്തലാക്കാനുള്ള നീക്കമാണോ ഇതിനുപിന്നിലെന്ന് ആശങ്കയുണ്ട്.
നേരത്തേ നാല് ബോട്ടുകളിലായി അറുപതോളം സര്‍വീസുകള്‍ നടത്തിയിരുന്നിടത്ത് ഇപ്പോള്‍ പകുതിയില്‍ താഴെയാണ് സര്‍വീസ്. ഷെഡ്യൂള്‍ വെട്ടിക്കുറക്കുന്നതിനുപിന്നില്‍ ഫോർട്ട് കൊച്ചി റോറോ ജെട്ടിക്കുസമീപം പുതിയതായി നിര്‍മിച്ച ഫ്ളോട്ടിങ് ജെട്ടിയിലേയ്ക്ക് സർവീസുകൾ മാറ്റാനുള്ള തന്ത്രമാണെന്ന് ആരോപണമുണ്ട്. പുതിയ ജെട്ടിയിലേയ്ക്കുള്ള യാത്രാനിരക്ക് വർധനയും പ്രതിഷേധത്തിനിടയാക്കും.
കസ്റ്റംസ് ജെട്ടി അടച്ചുപൂട്ടി പുതിയ ജെട്ടിയിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള നീക്കമായാണ് യാത്രക്കാരും ജനകീയസംഘടനകളും ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കലിനെ കാണുന്നത്. ബോട്ടുകൾ അറ്റകുറ്റപ്പണിക്ക് കയറ്റിയതാണ് ഷെഡ്യൂള്‍ കുറയ്ക്കാനിടയാക്കിയതെന്നാണ് അധികൃതർ പറയുന്നത്. മേഖലയിൽ സാധാരണക്കാരായ ആയിരക്കണക്കിനുപേർ ആശ്രയിക്കുന്ന ഗതാഗതമാർഗമാണ് ബോട്ട് സർവീസ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ കാരണങ്ങളാൽ സർവീസുകൾ അടിക്കടി മുടങ്ങുമ്പോഴും പരാതി കേൾക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ശോചനീയാവസ്ഥയിലായ കസ്റ്റംസ് ജെട്ടി 80 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞവർഷമാണ് നവീകരിച്ചത്. ഇതാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഒരു കോടിയോളം ചെലവഴിച്ചാണ് കമാലക്കടവിൽ പുതിയ ഫ്ളോട്ടിങ് ജെട്ടി നിർമിച്ചത്.
ഏഴുമാസമായി മട്ടാഞ്ചേരി ജെട്ടിയിൽനിന്നുള്ള സർവീസ് നിലച്ചിട്ട്. ആറ് രൂപയാണ് ബോട്ട് യാത്ര ചാര്‍ജ്. ഇരുപത് മിനിറ്റ് കൊണ്ട് എറണാകുളത്ത് എത്താം. ബസിനാണെങ്കില്‍ 23 രൂപയും ഒരുമണിക്കൂര്‍ സമയവും എടുക്കും. ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം എം അബ്ബാസ്, സെക്രട്ടറി എസ് പത്മനാഭ മല്യ എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.








0 comments