ad
Deshabhimani

ബിഎസ്‌എൻഎല്ലിനെ തകർക്കുന്നു

കാടുകയറി എക്സ്‌ചേഞ്ചുകളും
ക്വാർട്ടേഴ്‌സുകളും

bsnl

മൂവാറ്റുപുഴയിലെ ബിഎസ്‌എൻഎൽ ക്വാർട്ടേഴ്‌സ്‌ കാടുമൂടിക്കിടക്കുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 03:12 AM | 1 min read

കൊച്ചി


ബിഎസ്‌എൻഎൽ മാനേജ്‌മെന്റിന്റെ അനാസ്ഥയിൽ ടെലിഫോൺ എക്സ്‌ചേഞ്ചുകളും ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും അനാഥമാകുന്നു. കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും ഉപകരണങ്ങളുമാണ്‌ പരിപാലനവും മേൽനോട്ടവുമില്ലാതെ കാടുകയറി നശിക്കുന്നത്‌. മൂവാറ്റുപുഴയിലെ കസ്റ്റമർ സർവീസ്‌ സെന്റർ, കോതമംഗലം, പെരുന്പാവൂർ, തൃപ്പൂണിത്തുറ, നെട്ടൂർ, മരട്‌, ചിറ്റൂർ, കാലടി, കോലഞ്ചേരി, കളമശേരി, മട്ടാഞ്ചേരി എക്സ്‌ചേഞ്ചുകളും മൂവാറ്റുപുഴ, പെരുന്പാവൂർ, ആലുവ, പനന്പിള്ളിനഗർ, പള്ളുരുത്തി എന്നിവിടങ്ങളിലെ ക്വാർട്ടേഴ്‌സുകളും നാശത്തിന്റെ വക്കിലാണ്‌. ജീവനക്കാരുടെ കുറവുമൂലം എക്സ്‌ചേഞ്ചുകൾ വ്യാപകമായി അടച്ചുപൂട്ടിയതും ഓഫീസുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട്‌ 50 ശതമാനം വെട്ടിക്കുറച്ചതുമാണ്‌ പരിപാലനം മുടങ്ങാൻ കാരണം.


മൂവാറ്റുപുഴ കസ്റ്റമർ സർവീസ്‌ സെന്ററും സബ്‌ ഡിവിഷണൽ ഓഫീസും ട‍ൗണിൽനിന്ന്‌ മാറ്റി കെട്ടിടം വാടകയ്ക്ക്‌ കൊടുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പാക്കാതെ അടച്ചിട്ടിരിക്കുകയാണ്‌. സമീപത്തെ ക്വാർട്ടേഴ്‌സും താമസയോഗ്യമല്ലാതായി. സുരക്ഷാ ജീവനക്കാരുടെ കുറവുമൂലം ഓഫീസുകളും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. മോഷണവും പതിവാണ്‌. നെട്ടൂർ എക്സ്‌ചേഞ്ചിൽനിന്ന്‌ ജനറേറ്ററും മണീടുനിന്ന്‌ ജനറേറ്ററിന്റെ റേഡിയേറ്ററും കോതമംഗലത്ത്‌ ചെന്പുകന്പിയും സമീപകാലത്താണ്‌ മോഷണം പോയത്‌. തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, മരട്‌ എന്നിവിടങ്ങളിലും മോഷണം നടന്നു. ഗാന്ധിനഗർ ഡിപ്പോയിലെ ജീവനക്കാരന്‌ പാന്പുകടിയേറ്റത്‌ കഴിഞ്ഞവർഷമാണ്‌. അറ്റകുറ്റപ്പണികൾ നടത്താത്ത ക്വാർട്ടേഴ്‌സുകളിൽനിന്ന്‌ താമസക്കാർ ഒഴിഞ്ഞുപോകുന്നതോടെ ബിഎസ്‌എൻഎല്ലിന്‌ ലഭിക്കേണ്ട വരുമാനവും ഇല്ലാതാകുന്നു. പ്രധാന ട‍ൗണുകളിലും പാതയോരങ്ങളിലുമുള്ള കെട്ടിടങ്ങളാണ്‌ ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുന്നത്‌.



ജീവനക്കാരില്ല, സേവനങ്ങൾ താളംതെറ്റി

ജീവനക്കാരുടെ കുറവ്‌ എക്സ്‌ചേഞ്ചുകളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചിട്ടുണ്ട്‌. 3200 ജീവനക്കാർ ഉണ്ടായിരുന്ന ജില്ലയിൽ നിലവിലുള്ളത്‌ എണ്ണൂറോളംപേരാണ്‌. 1200 ജീവനക്കാർ നിർബന്ധിത വിആർഎസ്‌ എടുത്തു. ഇതോടെ സേവനങ്ങൾ കൃത്യസമയത്ത്‌ ലഭിക്കാതെ ഉപയോക്താക്കളും വലയുകയാണ്‌. ഏകപക്ഷീയമായി ലാൻഡ്‌ ലൈൻ സംവിധാനം നിർത്തലാക്കിയതോടെ അറ്റകുറ്റപ്പണികൾ നിലച്ചു. ഫണ്ട്‌ വെട്ടിക്കുറച്ചതോടെ കരാർ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home