ജെൻ സി വോട്ട് വൈബ്

എറണാകുളം മഹാരാജാസ് കോളേജിൽ വോട്ട് തേടുന്ന വിദ്യാർഥികൾ
ഷെഹിൻഷാ
Published on Sep 25, 2026, 03:23 AM | 1 min read
കൊച്ചി
ചുവരെഴുത്തുകള്‍ക്കു പകരം ഡിജിറ്റല്‍ പോസ്റ്ററുകള്‍, നീളൻ പ്രസംഗങ്ങൾക്ക് പകരം സെക്കൻഡുകൾ മാത്രമുള്ള ഇൻസ്റ്റഗ്രാം റീലുകൾ, ജെൻ സി കാലത്ത് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണവും മാറുകയാണ്. 29ന് എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്യാമ്പസുകൾ ആവേശത്തിലാണ്. ക്ലാസ് മുറികൾക്കും കാന്റീനുകൾക്കും ഇടനാഴികൾക്കും പുറമെ ഇൻസ്റ്റഗ്രാമും വാട്സ്ആപ്പ് സ്റ്റാറ്റസും പ്രചാരണത്തിന്റെ പുതിയ വേദികളാകുന്നു. സ്ഥാനാർഥിയുടെ പേര് മാത്രമല്ല, അയാളുടെ ക്യാമ്പസ് ജീവിതവും നിലപാടുകളും ആശയങ്ങളും അവതരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണത്തിന്റെ ഉള്ളടക്കം. ചരിത്രവും രാഷ്ട്രീയവും കലയും സമരവുമൊക്കെ ഇഴചേർന്ന എറണാകുളം മഹാരാജാസ് കോളേജും പ്രചാരണത്തിന്റെ ജെൻ സി വൈബിലാണ്.
"ടൈംലൈനിൽ' കാണണം വോട്ട് അഭ്യർഥന
ജെൻ സി വോട്ടർമാരുടെ ശ്രദ്ധ നേടിയാല്‍ മാത്രം പോരാ, അവരുടെ "ടൈംലൈനിലും' ഇടം നേടണം. നേരിട്ടുള്ള വോട്ടഭ്യർഥനയ്ക്കൊപ്പം സാമൂഹ്യമാധ്യമ ഉള്ളടക്കങ്ങൾക്കും പ്രാധാന്യം നല്‍കിയാണ് മഹാരാജാസിലെ തെരഞ്ഞെടുപ്പ് പ്രചാരണം. സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ, ക്യാമ്പസിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റുകൾ, മുദ്രാവാക്യങ്ങളോടൊപ്പം സംഗീതവും ഗ്രാഫിക്സും ചേർത്തുള്ള പ്രചാരണരീതികൾ – വിദ്യാർഥികളുടെ ദൈനംദിന ഡിജിറ്റൽ അനുഭവങ്ങളോട് ചേർന്നാണ് പ്രചാരണത്തിന്റെ രൂപകൽപ്പന.
സെക്കൻഡുകള്‍ക്കകം ശ്രദ്ധ നേടണം
സ്ഥാനാര്‍ഥികളും സംഘടനകളും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നതാണ് കടമ്പ. അതിനുതകുന്ന തരത്തിലാണ് ഇന്‍സ്റ്റഗ്രാം റീലുകളും ഫേസ്ബുക്ക് പോസ്റ്റുകളുമെല്ലാം തയ്യാറാക്കുന്നത്. ക്യാമ്പസിൽ നേരിൽ കാണുന്നതിനൊപ്പം സ്ക്രീനിലും സാന്നിധ്യമറിയിക്കുന്നതോടെ സ്ഥാനാർഥികളുടെ ആത്മവിശ്വാസവും വര്‍ധിക്കുന്നു. എന്നാൽ ഡിജിറ്റൽ പ്രചാരണം നേരിട്ടുള്ള ക്യാമ്പസ് രാഷ്ട്രീയത്തെ മാറ്റിനിർത്തിയിട്ടില്ല. ക്ലാസ് മുറികൾ, കാന്റീൻ, ഹോസ്റ്റൽ, സൗഹൃദ കൂട്ടായ്മകള്‍ എല്ലായിടത്തും വോട്ടഭ്യർഥന തുടരുന്നു.









0 comments