രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം: എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

കണ്ണൂർ രജിസ്‌ട്രേഷൻ വകുപ്പിലെ നിയമവിരുദ്ധ–രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് (ഹയർ ഗ്രേഡ്) കെ പി പ്രേമരാജനെയാണ് ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വ്യാജ ആരോപണങ്ങളടങ്ങിയ കത്തിനെത്തുടർന്ന് ഇടുക്കി കാരിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത വാർത്തകളുടെ പേരിൽ മാസങ്ങൾക്കുശേഷം നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ജില്ലാ രജിസ്ട്രാർ, രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കോഴിക്കോട് എന്നിവർക്കുനൽകിയ വിശദീകരണവും ജില്ലാ രജിസ്ട്രാരുടെയും ഡിഐജിയുടെയും റിപ്പോർട്ടും പരിഗണിക്കാതെയാണ് മാനദണ്ഡംലംഘിച്ചുള്ള സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് ക്ലർക്കായും മാസ്റ്റർ ട്രെയിനറുമായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ ഇലക്‌ഷൻ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനും ഭരണഭാഷാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ തുടരുന്ന രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങളുടെ തുടർച്ചയാണിതും. സംഘടനാ പ്രവർത്തകർക്കെതിരെ സമാനതകളില്ലാത്ത സർക്കാരിന്റെ പകപോക്കൽ നടപടികൾക്കെതിരെ മുഴുവൻ ജനവിഭാഗങ്ങളും പ്രതിഷേധിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. പി ആർ ജിജേഷ്, കെ ഒ പ്രസാദ്, പി സേതു, വി വി ദീപ്തി, കെ അയൂബ്, സി വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments