ad
Deshabhimani

കിട്ടാനില്ല റോട്ടാ വൈറസ് വാക്‌സിനും വൈറ്റമിന്‍ എ തുള്ളിമരുന്നും

വാക്സിൻ
വെബ് ഡെസ്ക്

Published on Sep 23, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

സര്‍ക്കാര്‍ ആശുപത്രികളില്‍ റോട്ടാ വൈറസ് വാക്‌സിനും നിശാന്ധത പ്രതിരോധിക്കാനുള്ള വൈറ്റമിന്‍ എ തുള്ളിമരുന്നും കിട്ടാനില്ല. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന റോട്ടാവൈറസ് വാക്‌സിന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാസങ്ങളായി കിട്ടാനില്ല. കുട്ടികളിലുണ്ടാവുന്ന കടുത്ത വയറിളക്കവും നിർജലീകരണവും തടയാൻ നവജാത ശിശുക്കൾക്ക് വായിലൂടെ നൽകുന്ന പ്രതിരോധ ഔഷധമാണ് റോട്ടാ വൈറസ് വാക്സിൻ. ഇ‍ൗ വാക്‌സിന്‍ ജില്ലാ ആശുപത്രിയില്‍ തീര്‍ന്നിട്ട് ആറുമാസത്തോളമായി. മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്‌. റോട്ടാ വൈറസ് ബാധിച്ചാല്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജലാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതു ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാന്‍ വാക്‌സിന്‍ ഫലപ്രദമാണ്. തുള്ളിമരുന്നായാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ ചാര്‍ട്ട് അനുസരിച്ച് ഒന്നിലധികം തവണകളായാണ് മരുന്ന് നല്‍കുക. കുഞ്ഞിന് ആറാഴ്ച തികയുമ്പോള്‍ ആദ്യ ഡോസ് നല്‍കും. പത്താമത്തെ ആഴ്ചയില്‍ രണ്ടാം ഡോസും പതിനാലാം ആഴ്ചയില്‍ മൂന്നാം ഡോസും നല്‍കുന്നു. ഒരു വയസ് പൂര്‍ത്തിയാകുംമുമ്പ് വാക്‌സിന്‍ കോഴ്‌സ് പൂര്‍ത്തിയാക്കണം. നിശാന്ധത പ്രതിരോധിക്കാൻ നല്‍കുന്ന വൈറ്റമിന്‍ എ തുള്ളിമരുന്ന്‌ ലഭിക്കാതെ നാലുമാസത്തിലധികമായി. കുട്ടികൾക്ക്‌ ഒമ്പതാം മാസം മുതലാണ് വൈറ്റമിന്‍ എ തുള്ളിമരുന്ന് നല്‍കുന്നത്. അഞ്ചുവയസിനകം ഒമ്പതു ഡോസ് മരുന്ന് നല്‍കണം. ആറുമാസത്തെ ഇടവേളയിലാണ് മരുന്ന് നല്‍കേണ്ടത്. ഇതു കൃത്യമായി നല്‍കാത്തത്‌ കുട്ടികളെ ദോഷകരമായി ബാധിക്കും. ഗര്‍ഭിണികള്‍ക്കും പ്രസവിച്ച സ്ത്രീകള്‍ക്കും നല്‍കേണ്ട കാത്സ്യം, അയേണ്‍ ഗുളികകളും ആശ വര്‍ക്കര്‍ മുഖേന എത്തിക്കാറുണ്ട്. മാസങ്ങളായി ഈ മരുന്നുകളും ലഭ്യമല്ലാത്ത സ്ഥിതിയാണ്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home