കാഴ്ച പരിമിതിയെ തോൽപ്പിച്ച് കഥകളുടെ ലോകത്തേക്ക്

റഷീദ് അണിയാരം
Published on Sep 23, 2026, 02:00 AM | 1 min read
പാനൂർ
കാഴ്ച പരിമിതിയുണ്ടെങ്കിലും ഉൾക്കാഴ്‌ചയിൽ പേന ചലിപ്പിച്ച് കഥകളുടെ ലോകത്തേക്ക് സഞ്ചരിക്കുകയാണ് മലപ്പുറം കല്ലിങ്ങൽ പറമ്പ് എംഎസ്എം ഹയർ സെക്കൻഡറി അധ്യാപകനായ കെ ടി സാരംഗ്. തന്റെ ആദ്യ കഥാ സമാഹാരമായ ‘മടക്കം' ബുധൻ രാവിലെ പത്തിന് സ്കൂൾ ഹാളിൽ തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.സി ആർ പ്രസാദ് പ്രകാശിപ്പിക്കും. പാനൂർ മൊകേരി പാറേമ്മലിൽ കുറുങ്ങോട്ട് താഴെ കുനിയിൽ പരേതനായ കെ ടി ബാബുവിന്റെയും ശ്രീജയുടെയും മകനായ സാരംഗിന് ജനിച്ച് ആറുമാസം പ്രായമായതോടെയാണ് കാഴ്ച പരിമിതി ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് സ്‌കൂൾ പഠനത്തിന്റെ ആദ്യഘട്ടത്തിൽ രാത്രി കണ്ണുകൾക്ക് മങ്ങൽ അനുഭവപ്പെട്ടെങ്കിലും പകൽ വെളിച്ചത്തിൽ എഴുതാനും വായിക്കാനും പ്രയാസമില്ലായിരുന്നു. ക്രമേണ ആ കാഴ്‌ചയും മങ്ങി. തുടർന്ന് പഠനം കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഹാൻഡികാപ്പ്ഡ് സ്കൂളിലേക്ക് മാറ്റി. തലശേരി ഗവ. ബ്രണ്ണൻ കോളേജ്, ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി. യുജിസി നെറ്റും (എൻ ഇടി), ജെആർഎഫും നേടി. നിലവിൽ മലപ്പുറം കല്ലിങ്ങൽ പറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനാണ്. കേരള ഫെഡറേഷൻ ഓഫ് ദ ബ്രൈൻഡ് യുവജന വിഭാഗം ജോ. സെക്രട്ടറിയുമാണ്. കോഴിക്കോട്ടെ ആത്മ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് എഴുത്തുകാരി സജ്‌ന ഷാജഹാനാണ് അവതാരിക എഴുതിയത്. മാനുഷിക മൂല്യങ്ങളും ജീവിതത്തിന്റെ സങ്കീർണതകളും അനുഭവ സാക്ഷ്യങ്ങളും വിഷയങ്ങളായി വരുന്ന 12 കഥകളുടെ സമാഹാരമാണ് ‘മടക്കം’.









0 comments