ചാന്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തിയില്ല
ഇല്ലാതാകുമോ ഉത്തരമലബാർ ജലോത്സവം

പി വിജിൻദാസ്
Published on Sep 23, 2026, 02:00 AM | 2 min read
ചെറുവത്തൂർ
തേജസ്വിനി പുഴയിൽ നടന്നുവരുന്ന ഉത്തര മലബാർ ജലോത്സവം ഇത്തവണ ചാന്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തിയില്ല. തെക്കൻ ചുണ്ടൻ വള്ളത്തിന് മാത്രമാണ് ഇൗ വർഷം സിബിഎൽ. ഇതോടെ ഏഴ് പതിറ്റാണ്ടിലേറെയായി തേജസ്വിനി പുഴയിൽ നടക്കുന്ന ഉത്തര മലബാർ ജലോത്സവം ഇല്ലാതാവുമോയെന്ന ആശങ്കയിലാണ് തുഴച്ചിൽ ക്ലബ്ബുകൾ. ജില്ലാ ഭരണസംവിധാനം, ടൂറിസം വകുപ്പ്, ചെറുവത്തൂർ പഞ്ചായത്ത്, നീലേശ്വരം നഗരസഭ, ജനകീയ സംഘാടക സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിലാണ് തേജസ്വിനി പുഴയിൽ ചുരുളൻ വള്ളങ്ങളുടെ മത്സരം നടന്നുവന്നത്. എൽഡിഎഫ് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന പി എ മുഹമ്മദ് റിയാസിന് അന്നത്തെ എംഎൽഎ എം രാജഗോപാലൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം വള്ളംകളി സിബിഎല്ലിൽ ഉൾപ്പെടുത്തിയത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപമാണ് മത്സരം നടന്നുവരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനായിരുന്നു മത്സരം. സാധാരണ മത്സരത്തിൽ വിജയികൾക്ക് ലഭിച്ചിരുന്നത് 50,000 രൂപയും അതിൽ താഴെയുമാണ്. സിബിഎല്ലിൽ ഉൾപെടുത്തിയതോടെ ഒന്നാം സ്ഥാനക്കാർക്ക് ഒന്നര ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് 50,000 എന്നിങ്ങനെയും പങ്കെടുത്ത മുഴുവൻ ടീമുകൾക്കും 1.25 ലക്ഷവും നൽകി വരുന്നത്. സിബിഎൽ ചുണ്ടൻ വള്ളങ്ങൾക്ക് മാത്രമാക്കിയതോടെ ഗ്രാമങ്ങളിലെ വള്ളംകളിയെ പഴയകാലത്തേക്ക് തള്ളിവിടുകയാണ് യുഡിഎഫ് സർക്കാർ. ചാന്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തിയതിനാൽ വള്ളംകളിക്ക് വർഷം തോറും അനുവദിക്കാറുള്ള തുക ഇത്തവണ മാറ്റിവച്ചിട്ടില്ല. ജലോത്സവം നടത്താൻ പറ്റുമെങ്കിൽ നടത്തിക്കോ എന്ന നിലപാടാണ് സർക്കാരിന്. ബോട്ട് ലീഗിൽ വിജയിച്ച വള്ളങ്ങൾക്ക് സംസ്ഥാന മത്സരത്തിന് പോകേണ്ടതുണ്ട്. ഇത്തവണ ബോട്ട് ലീഗിൽ ഉൾപ്പെട്ടില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി വള്ളം പണിത ക്ലബ്ബുകളും മാസങ്ങളായി തുഴച്ചിൽ പരിശീലനം നേടുന്ന ക്ലബ്ബംഗങ്ങളും നിരാശയിലാകും. വർഷത്തിൽ ഒറ്റ സീസണിലാണ് വള്ളംകളി മത്സരം. മൂന്നോ നാലോ മത്സരം മാത്രമാണ് ഉണ്ടാവുക. ഇത് കഴിഞ്ഞാൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച വള്ളം ഷെഡിൽ കയറ്റിവയ്‌ക്കും. ഓരോ മാസവും ഇതിന്റെ അറ്റകുറ്റപ്പണിക നടത്തേണ്ടതുണ്ട്. മത്സരം വന്നെത്തുമ്പോൾ തുഴച്ചിൽ പരിശീലനവും നടത്തുമ്പോൾ അഞ്ച് ലക്ഷത്തോളം രൂപ ചിലവ് വരും. മത്സര വിജയത്തിൽ നിന്നും ലഭിക്കുന്ന തുകയാണ് താൽകാലിക ആശ്വാസം. മലബാറിൽ ഏറ്റവും കൂടുതൽ വള്ളംകളി ടീമുകളും ക്ലബ്ബുകളും ജില്ലയിലാണ്. വള്ളംകളിയെ നെഞ്ചേറ്റുന്ന നാടാണിത്. ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തി ഇത്തവണയും ചെറുവത്തൂർ പഞ്ചായത്തിലെ അച്ചാംതുരുത്തിയിൽ വള്ളംകളി മത്സരം നടത്തണമെന്ന് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി നാരായണൻ ആവശ്യപ്പെട്ടു.









0 comments