ad
Deshabhimani

അക്ക‍ൗണ്ട്‌ വിവരം കൈമാറല്ലേ ? പ്ലീസ്‌ !

ഡിജിറ്റൽ അറസ്റ്റ്
വെബ് ഡെസ്ക്

Published on Sep 23, 2026, 02:00 AM | 2 min read

കണ്ണൂർ

ഇടപാടുകൾ എളുപ്പവും ആയാസരഹിതവുമായതിനാൽ ഇപ്പോഴെല്ലാവരും ഡിജിറ്റലാണ്‌. ഭക്ഷണം ഓർഡർ ചെയ്യുന്നത്‌ മുതൽ ബാങ്കുവായ്‌പക്കുള്ള അപേക്ഷ വരെ മൊബൈൽ ഫോണിൽ സാധ്യമായ കാലമാണ്‌. എന്നാൽ ഡിജിറ്റൽ സാക്ഷരത കുറവുള്ള മുതിർന്ന പ‍ൗരന്മാരെ ലക്ഷ്യമിട്ട്‌ നടത്തുന്ന തട്ടിപ്പിൽ നഷ്ടമാകുന്നത്‌ കോടികളും. ആരും ആർക്കും ബാങ്ക്‌ അക്ക‍ൗണ്ട്‌ വിവരങ്ങൾ കൈമാറരുതെന്നും ഒടിപി വിവരം ബാങ്കുകാർ ചോദിച്ചാൽ പോലും നൽകരുതെന്നും ആവർത്തിച്ച്‌ പൊലീസ്‌ പരസ്യപ്പെടുത്തിയിട്ടും തട്ടിപ്പിൽ പെട്ട്‌ പണം നഷ്ടമാകുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയുമാണ്‌. കേരളത്തിൽ ദിവസം 85 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുകാർ കടത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. അതിൽ 10 ശതമാനം പോലും കുറ്റവാളികളെ കണ്ടെത്താനാകുന്നുമില്ല. തൊഴിൽ, ഡിജിറ്റൽ അറസ്റ്റ്, ഗെയിമിങ്‌, ഷെയർ ട്രേഡിങ്‌, വായ്‌പാ ആപ്പ്‌, ഓൺലൈൻ കച്ചവട തട്ടിപ്പ്‌ തുടങ്ങിയവയിലാണ്‌ മലയാളികൾ കുടുങ്ങുന്നത്‌. ഇത്തരം തട്ടിപ്പ്‌ നടത്തുന്ന അധോലോക സംഘത്തിലും മലയാളികളുണ്ട്‌ എന്നാണ്‌ പൊലീസ്‌ നൽകുന്ന വിവരം. ​ഡിജറ്റൽ അറസ്‌റ്റ്‌ കുറഞ്ഞു കഴിഞ്ഞ വർഷംവരെ വ്യാപകമായ ഡിജിറ്റൽ അറസ്‌റ്റിലൂടെയുള്ള പണനഷ്ടം കുറഞ്ഞിട്ടുണ്ട്‌. ഡിജിറ്റൽ അറസ്‌റ്റ്‌ എന്നൊരു സംഗതിയേ ഇല്ലായെന്ന്‌ പൊലീസ്‌ നിരന്തരം അറിയിപ്പ്‌ നൽകിയിട്ടും, മുതിർന്ന പ‍ൗരന്മാർ ഇതിൽ കുടുങ്ങിപ്പോകുന്നു. തട്ടിപ്പ്‌ സംഘം വീഡിയോ കോൾ വിളിച്ച്‌ അക്ക‍ൗണ്ട്‌ ഉടമയെ ഭീഷണിപ്പെടുത്തുന്നതാണ്‌ രീതി. സിബിഐ, ഇഡി എന്നൊക്കെ പറഞ്ഞ്‌ അക്ക‍ൗണ്ടിൽനിന്ന്‌ പണം അടിച്ചുമാറ്റുന്നതാണിത്‌. വായ്‌പ തട്ടിപ്പാണ്‌ ഹിറ്റ്‌ കുറഞ്ഞ പലിശ നിരക്കിൽ കാര്യമായ ഇ‍ൗടില്ലാതെ വായ്‌പ നൽകുമെന്ന പരസ്യമാണ്‌ വായ്‌പ തട്ടിപ്പിലെ ചൂണ്ട. ഇതിൽ കൊത്തുന്ന ഇരകൾക്ക്‌ പിന്നെ രക്ഷയില്ല. ഫോണിൽ ഇ‍ൗ വായ്‌പ ആപ്പ്‌ ഇൻസ്‌റ്റാൾ ചെയ്യുന്പോൾ തന്നെ നമ്മുടെ ഗാലറി, ലൊക്കേഷൻ, ഫോൺ നന്പറുകൾ എന്നിവ ആപ്പുകാർ കൈക്കലാക്കും. അതിനുള്ള സമ്മതം നൽകിയാൽ മാത്രമേ വായ്‌പയുള്ളൂ. വായ്‌പ പണം തിരിച്ചടച്ചാൽപോലും പിന്നെയും കുടിശ്ശിക കാണിച്ച്‌ പണം ആവശ്യപ്പെടും. നിരസിച്ചാൽ, ഗാലറിയിലെ കുടുംബത്തിന്റെ ചിത്രമെടുത്ത്‌ മോർഫ്‌ ചെയ്‌ത്‌ പുറത്തിടും. ഇത്തരത്തിൽ വലിയ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്‌ത സംഭവങ്ങൾ വരെയുണ്ട്‌. ​ഷെയർ ട്രെഡിങ്ങിനാണ്‌ ഭാവി പ്രമുഖ കന്പനികളുടെ ഓൺലൈൻ ഓഹരി എടുത്ത്‌ വലിയ ലാഭമുണ്ടാക്കാമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ഇ‍ൗ തട്ടിപ്പ്‌. ഓൺലൈനിൽ പണമടച്ചാൽ, ലാഭം കൂടുന്നതായി ഓൺലൈനിൽ കാണിക്കും. പക്ഷെ, പിൻവലിക്കാൻ പറ്റില്ല. ‘വീട്ടിലിരുന്ന്‌ പണമുണ്ടാക്കാം’ എന്നാണ്‌ ഇത്തരം കന്പനികളുടെ വാഗ്‌ദാനം. ആരും ആർക്കും വെറുതെ പണം നൽകില്ല എന്ന അടിസ്ഥാനപരമായ കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ തന്നെ ഇത്തരം തട്ടിപ്പിൽ പെടാതെ നോക്കാം. ​ഉടൻ വിളിക്കണം 1930 ഡിജിറ്റൽ തട്ടിപ്പിൽ പെട്ടാൽ ഉടൻ 1930 ൽ വിളിച്ച്‌ പരാതി പറഞ്ഞാൽ, നഷ്ടമായ തുക മരവിപ്പിക്കാൻ സാധിക്കും. എത്രയും വേഗം പരാതിപ്പെടുന്നോ അത്രയും കുറച്ച്‌ പണമേ നഷ്ടമാകൂ. www.cybercrime.gov.in എന്ന സൈറ്റിലും പരാതിപ്പെടണം. മിക്ക ഡിജിറ്റൽ തട്ടിപ്പുകാരും വ്യാജ വെബ്‌സൈറ്റ്‌ സൃഷ്ടിച്ചാണ്‌ പണം തട്ടുന്നത്‌. അതിനാൽ വെബ്‌സൈറ്റുകൾ യഥാർഥമാണോ എന്നറിഞ്ഞ്‌ മാത്രമെ പണം നിക്ഷേപിക്കാവൂ. വൻകിട കന്പനികളുടെ പേര്‌ ഒരക്ഷരം തെറ്റിച്ച്‌ തയ്യാറാക്കുന്ന വെബ്‌സൈറ്റ്‌ കണ്ടാൽ ഒറിജിനലിനെ വെല്ലും. കഴിഞ്ഞ ദിവസം തളിപ്പറന്പിൽ ഓൺലൈനിൽ വാങ്ങിയ വസ്‌ത്രം ഇഷ്ടപ്പെടാത്തിനാൽ‍, തിരിച്ചുകൊടുക്കാൻ യുവാവ്‌ രജിസ്‌റ്റർ ചെയ്‌തത്‌ ഫ്ലിപ്‌കാർട്ട്‌ കസ്‌റ്റമർ കെയറിലായിരുന്നു. ഒരക്ഷരം മാത്രം തെറ്റിച്ച്‌ തയ്യാറാക്കിയ വ്യാജസൈറ്റായിരുന്നു അത്‌. 300 രൂപയുടെ വസ്‌ത്രം തിരിച്ചുനൽകാൻ ശ്രമിച്ച ഇയാൾക്ക്‌ നഷ്ടമായത്‌ അഞ്ചരലക്ഷം രൂപ!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home